നിമിഷം തോറും മേന്മേലെൻ ചുറ്റും പൊതിയുന്നു നിയമം വടിയോങ്ങി "നിശബ്ദ" മെന്നോതുന്നു !

1939 ൽ നവജീവൻ ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച മഹാകവി ചങ്ങമ്പുഴയുടെ കൊടുങ്കാറ്റ് എന്ന കവിതയാണ് താഴെ കൊടുത്തിരിക്കുന്നത്. ബ്രട്ടീഷ് കൊളോണലിസത്തിനെതിരായ ജനകീയ പോരാട്ട കാലത്ത് നിസംഗത പുലർത്തുന്നവർക്കെതിരായ കവിയുടെ രോഷത്തിന്റെ തീവ്രതയാണ് ഈ കവിത. 1947 ൽ ബ്രിട്ടീഷുകാർ നാടു വിട്ടശേഷം രൂപം കൊണ്ട ഇന്ത്യൻ ഭരണഘടയും , മനുഷ്യാവകാശങ്ങളും നിരന്തരം ലംഘിക്കപ്പെടുന്ന സമകാലീന ഇന്ത്യയിലെ നിസംഗത പുലർത്തുന്ന "രാജ്യസ്നേഹ പട്ടം" അണിയാൻ ആഗ്രഹിക്കുന്നവർക്കുള്ള താക്കിത് കൂടിയാണ് 83 വർഷം മുമ്പ് മഹാ കവി ചങ്ങമ്പുഴ കുറിച്ച മരണമില്ലാത്ത ഈ വരികളിലുള്ളത്.
ഒരു പ്രവാചകനെ പോലെ  ചങ്ങമ്പുഴ രചിച്ച ഈ വരികൾ സഹസ്രാബ്ദങ്ങൾ കഴിഞ്ഞാലും മനഷ്യ മനസുകളിൽ പ്രകാശം ജ്വലിപ്പിച്ചു കൊണ്ടേയിരിക്കും.

"കാലികളെക്കാൾ കഷ്ടം നിങ്ങളെൻ സഹജരേ
കാലിലാക്കിടക്കുന്ന ചങ്ങല കാണുന്നില്ലേ ?
ഒന്നതു പൊട്ടിക്കാതെ , നിങ്ങളായിനീ നിങ്ങൾ !
അടികൊണ്ടനങ്ങാതെ ഭാരവും പേറിപ്പോവു- 
മടിമക്കഴുതകളല്ലല്ലീ കഷ്ടം നിങ്ങൾ !
നമിക്കാൻ മാത്രം നിങ്ങൾക്കുണ്ടൊരു ശിര,സ്സെന്തും
ക്ഷമിക്കാൻ മാത്രം വേണ്ടി സ്പന്ദിക്കും നെഞ്ഞിൻ കൂടും ,
സ്തുതിഗീതം പാടാനുണ്ടൊരു ജിഹ്വാനാളം
സതതം ദാസ്യംചെയ്യാനുണ്ടൊരു കരാഞ്ചലം!
എന്നിട്ടും സർവ്വജ്ഞരാണെന്നാണു ഭാവം നിങ്ങൾ -
ക്കെന്നിനീ നോക്കിക്കാണും നിങ്ങൾ നിങ്ങളെത്തന്നേ !"


കൊടുംകാറ്റ്
ചങ്ങംപുഴ
 1
എരിവെയിലേറ്റയ്യോ സർവ്വാംഗം പൊള്ളുന്നല്ലോ
വരൂ നീ വരൂവേഗം വർഷത്തിൻ കൊടുങ്കാറ്റേ !
ഉൽക്കടപ്രഭാവോഗ്രനായ നിന്നിടിവെട്ടിൽ
ചക്രവാളം പോലും ചിതറിത്തെറിക്കട്ടേ !
ഒന്നൊന്നായ് പൊടിമണ്ണിൽ ഞട്ടർന്നടിയട്ടേ
പൊന്നിന്റെ ഗർവ്വംകാട്ടി മിന്നുമാ നക്ഷത്രങ്ങൾ !
ഇല്ലൊരു സമാധാനമിങ്ങെങ്ങും - ചുറ്റും വെറും - 
പൊള്ളലാണടങ്ങാത്ത ദാഹമാണിവിടത്തിൽ !
ഉമിനീർപോലുംവറ്റി വരളുംതൊണ്ടക്കക - 
ത്തമരാനാവതുള്ളൂ  പൊട്ടിയ ഞരക്കങ്ങൾ
നിമിഷം തോറും മേന്മേലെൻ ചുറ്റും പൊതിയുന്നു
നിയമം വടിയോങ്ങി "നിശബ്ദ" മെന്നോതുന്നു !
മർത്ത്യസംസ്കാരത്തിന്റെ നേട്ടമാണത്രേ , സാധു
മർദ്ദനം, പരിഷ്കാരമാണത്രേ രക്തോത്സവം!
അരുതീപ്പൊരിവെയിലിനിയും കഴിക്കുവാൻ
വരൂനീ വരൂവേഗം വർഷത്തിൻ കൊടുങ്കാറ്റേ!

2

കാലികളെക്കാൾ കഷ്ടം നിങ്ങളെൻ സഹജരേ
കാലിലാക്കിടക്കുന്ന ചങ്ങല കാണുന്നില്ലേ ?
ഒന്നതു പൊട്ടിക്കാതെ , നിങ്ങളായിനീ നിങ്ങൾ !
അടികൊണ്ടനങ്ങാതെ ഭാരവും പേറിപ്പോവു -
മടിമക്കഴുതകളല്ലല്ലീ കഷ്ടം നിങ്ങൾ !
നമിക്കാൻ മാത്രം നിങ്ങൾക്കുണ്ടൊരു ശിര,സ്സെന്തും
ക്ഷമിക്കാൻ മാത്രം വേണ്ടി സ്പന്ദിക്കും നെഞ്ഞിൻ കൂടും ,
സ്തുതിഗീതം പാടാനുണ്ടൊരു ജിഹ്വാനാളം
സതതം ദാസ്യംചെയ്യാനുണ്ടൊരു കരാഞ്ചലം!
എന്നിട്ടും സർവ്വജ്ഞരാണെന്നാണു ഭാവം നിങ്ങൾ -
ക്കെന്നിനീ നോക്കിക്കാണും നിങ്ങൾ നിങ്ങളെത്തന്നേ !

3

ഭാവശുദ്ധകളെന്ന കീർത്തി മുദ്രയും ചാർത്തി -
ബ്ഭാരതാംഗനകളേ ഞെളിയുന്നല്ലോ നിങ്ങൾ
സീതയും , സാവിത്രിയും , ഭാമയും ഞങ്ങൾക്കുണ്ടെ -
ന്നോതിയാൽ കഴിഞ്ഞെന്നോ നിങ്ങൾതൻ സമാധാനം
അക്കഥയെല്ലാമിരുന്നയവിറക്കിയാ -
ലുൽക്കർഷമായെന്നാണോ നിങ്ങൾ തന്നഭിമാനം ?
മാമരത്തണലത്തു വട്ടമിട്ടേവം നിന്നു
മാവേലിപ്പാട്ടുംപാടിക്കൈകൊട്ടിക്കളിക്കുമ്പോൾ;
മന്മഥൻ മഷിതേച്ചമട്ടെഴും നീലോജ്ജ്വല
കൺമുന മിന്നൽപ്പിണരായോരൊന്നറിയുമ്പോൾ ;
മുത്തണിപ്പൊൻമാലകൾമീതെ വീണുലഞ്ഞുല - 
ഞുത്തുംഗവക്ഷോജങ്ങളിളകിത്തുളുമ്പുമ്പോൾ
അറിയാ,തതുകണ്ടി,ട്ടെൻ മിഴികളിൽ പേർത്തും
നിറയുന്നു , ഹാ ചുടു കണ്ണീർ കണികകൾ
അമൃതം തുളുമ്പുമപ്പോർ മുലക്കുടം നിങ്ങൾ-
ക്കടിമപ്പുഴുക്കളെപ്പാലൂട്ടി പോറ്റാനല്ലേ ?
താമരത്താരൊത്തൊരാക്കൈയ്യുകൾ, ദാസന്മാരെ
ത്താരാട്ടു പാടിക്കൊണ്ടു തൊട്ടിലാട്ടുവാനല്ലേ ?
കർമ്മധീരരാമേറെ മക്കളെ പ്രസവിച്ച
കർമ്മഭുവേ , നീ നിരാധാരയാണെന്നോ വന്നു ?

4

ചെന്നിണം പെയ്തെങ്ങെങ്ങും വിപ്ളവക്കനൽമേഘ -
മെന്നെന്നും പടിഞ്ഞാറു നടന്നാൽ മതിയെന്നോ?
ഒന്നതിങ്ങോട്ടേയ്ക്കെത്തിനോക്കുമ്പോഴേക്കും ,ത്യാഗ -
തുന്ദിലേ, ഭാരതാംബേ ,  നീ മുഖം പൊത്തുന്നെന്തേ ?
പണ്ടത്തെശ്ശിബികളും രന്തിദേവരുമാരും
കണ്ടിടാനില്ലിന്നെങ്ങും - വേനർമാത്രളേയുള്ളു.
സ്വന്തസോദരർതൻ ഹൃദ്രക്തമൂറ്റിക്കുടി -
ച്ചന്തസിൻ തലപൊക്കുമന്തകന്മാരേയുള്ളു…
അവർനിൻ സുതന്മാരാണെങ്കിലാദ്യം ഞങ്ങൾ -
അവരെ-ക്കുറച്ചിട കണ്ണടച്ചാലും മാതേ!
ആ രക്തക്കളമെല്ലാം വറ്റിപ്പോംഞൊടിക്കുള്ളി -
ലാരമ്യാമൃതസരസ്സാഗതാമെങ്ങെല്ലാം!
മുന്നിലക്കാണും കുന്നും കുഴിയും തിങ്ങി,പ്പച്ച-
മിന്നിടം സമതലമുയരും സസ്യാഢ്യായായ്.
അവിടെപ്പാടിപ്പാടിപ്പറക്കും ക്ഷേമത്തിന്റെ
പവിഴക്കതിർകൊത്തിത്തിന്നുകൊണ്ടാശ്വാസങ്ങൾ
ദാസനാഥന്മാരൊറ്റോരാനവനാകത്തിങ്കൽ
ഭാസുരേ, നീ രാജിക്കും ,സ്വച്ഛന്ദം സ്വതന്ത്രയായ് !
ഇപ്പൊരിവെയിലത്തമ്മേ നിന്നു നീ വാടുന്നല്ലോ
കൽപ്പിക്കുകാവർഷക്കൊടുങ്കാറ്റടിക്കട്ടേ!!

(1939 നവജീവൻ ഓണപ്പതിപ്പ്)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൂരോപ്പള്ളില്‍ ചാക്കോച്ചന്‍ വാഴൂരിന്‍റെ ചരിത്ര പുരുഷന്‍.!

Mixed Economic System: Characteristics, Examples, Pros & Cons

Ghee Vs Butter: Which Is Healthier