കെ.റെയിൽ പ്രൊഫ. കെ.പി കണ്ണന്റെ ചോദ്യത്തിന് മറുപടി
ഇന്നാണു ഇതുസംബന്ധമായ ചില പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടത്. ‘മദർ ഓഫ് ഓൾ ഡിബേറ്റ്സ്’ ആണ് നടന്നതെന്നും അതിൽ ഉത്തരങ്ങൾ എനിക്ക് ഉണ്ടായിരുന്നില്ലെന്നും മറ്റുമാണ് പരിഹാസം. അതുകൊണ്ട് ഇനി തുടർച്ചയായി പ്രൊഫ. കണ്ണന്റെ ഓരോ വാദവും പ്രത്യേകമെടുത്തു പരിശോധിക്കാനാണ് തീരുമാനം.
അവതരണത്തിന്റെ ഉപസംഹാരമായി പ്രൊഫ. കണ്ണൻ തന്റെ ബേസിക് ചോദ്യങ്ങൾ എന്നു പറഞ്ഞ് രണ്ട് കാര്യങ്ങൾ എന്നോട് ഉന്നയിച്ചു. നമുക്ക് ഇവിടെനിന്നും തുടങ്ങാം.
👉ചോദ്യം ഒന്ന്,
“തിരുവനന്തപുരത്തെയും കാസർഗോഡിനെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽപ്പാത വേണമെന്ന് ഈ കേരളത്തിൽ ആരാണ് തീരുമാനിച്ചത്? അതും ഇന്ത്യൻ റെയിൽവേയുമായി ഒരു ബന്ധവുമില്ലാതെ ഒറ്റപ്പെട്ട ഒന്നായി ഇത് വരുന്നത് എങ്ങനെയാണ്?”
ഈ ചോദ്യം കേൾക്കുന്ന ഒരാളുടെ മനസ്സിൽ ആദ്യം ഉയരുന്ന തോന്നൽ എന്തായിരിക്കും? ഇന്ത്യൻ റെയിൽവേയുമായി നിർദ്ദിഷ്ട അതിവേഗ പാതയ്ക്ക് യാതൊരു ബന്ധവുമില്ലാ എന്നല്ലേ തോന്നിക്കുക. റെയിൽവേയുമായുള്ള ഒരു സംയുക്ത സംരംഭമാണ് ഇതെന്ന വസ്തുത അറിയാതെയല്ലല്ലോ പ്രൊഫ. കണ്ണൻ ഇത്തരം പ്രസ്താവന നടത്തുന്നത്.
അതുപോലെതന്നെ ലിബറലുകളുടെ ഒരു പൊതു വിമർശന സ്വഭാവം ഇവിടെയും കാണാം. ആരോടും ചർച്ച ചെയ്യാതെ ഇത്രയും വലിയൊരു പദ്ധതി ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നത് സ്വേച്ഛാപരമാണ്. അത് ചെറുക്കപ്പെടേണ്ടതാണ്.
കേരളത്തിൽ ഒരു തെക്ക് - വടക്ക് അതിവേഗപാത വേണമെന്നതിനെക്കുറിച്ച് ഏതാണ്ട് രണ്ടുപതിറ്റാണ്ടായി ചർച്ചകൾ നടക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് 2004-ൽ എ.കെ. ആന്റണി സർക്കാരിന്റെ കാലത്ത് മന്ത്രി എം.കെ. മുനീർ ‘എക്സ്പ്രസ്സ് ഹൈവേ’ പദ്ധതി മുന്നോട്ടുവച്ചത്. ഇതിനെ പ്രതിപക്ഷം എതിർത്തു. അതിവേഗപാത വേണ്ടായെന്നുള്ളതുകൊണ്ടല്ല. അതു റെയിൽ ആയിരിക്കണം എന്നായിരുന്നു ഒരു മറുവാദം.
വി.എസ്. അച്യുതാനന്ദൻ സർക്കാർ ഈ ആശയം പ്രാവർത്തികമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. 2009-ലെ ബജറ്റിൽ സബർബൻ ട്രെയിൻ ശൃംഖലയും അതിവേഗ റെയിൽപാതയും നിർമ്മിക്കുന്നതിനും നേതൃത്വം നൽകുന്നതിനും വേണ്ടിയുള്ള സംയുക്തസംരംഭമായി കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ രൂപീകരണം പ്രഖ്യാപിച്ചു. 20 കോടി രൂപ വകയിരുത്തുകയും ചെയ്തു. തുടർന്നുള്ള ബജറ്റുകളിൽ ഇതുസംബന്ധിച്ചുള്ള പഠനങ്ങളുടെ പുരോഗതിയെക്കുറിച്ചുള്ള പരാമർശങ്ങളും ഉണ്ടായി.
പഠനത്തിന്റെ അടിസ്ഥാനത്തിൽ ഉമ്മൻചാണ്ടിയുടെ യുഡിഎഫ് സർക്കാർ 2012-ൽ തെക്ക് - വടക്ക് ഹൈസ്പീഡ് റെയിൽ കോറിഡോർ പദ്ധതി പ്രഖ്യാപിച്ചു. പ്രതിപക്ഷം പിന്തുണയും നൽകി. പക്ഷെ തുടർന്ന് ഒന്നും നടന്നില്ല. ശ്രദ്ധ സബർബൻ ട്രെയിനിലേക്കു മാറി.
നാലാം കേരള പഠനകോൺഗ്രസ് ഈ പ്രശ്നം വിശദമായി ചർച്ച ചെയ്തു. അതിവേഗത്തിൽ നിലവിലുള്ള ലൈനുകളുടെ ഇരട്ടിപ്പിക്കുകയും ആധുനികവൽക്കരിക്കുകയും വേണം. അതോടൊപ്പം അതിവേഗപാതയ്ക്കും സബർബൻ ട്രെയിനിനും പിന്തുണ നൽകി. ഇതിൽ ഏതാണു വേണ്ടതെന്ന് ആത്യന്തികമായി തീരുമാനിക്കുക റെയിൽവേയാണല്ലോ.
സബർബൻ ശൃംഖലയോട് അനുഭാവം പ്രകടിപ്പിച്ചിരുന്ന റെയിൽവേ നിലപാടു മാറ്റി. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സെമി ഹൈസ്പീഡ് തെക്ക്-വടക്ക് റെയിൽപാതയുടെ ഡിപിആർ തയ്യാറാക്കുന്നതിനു മുൻകൈയെടുത്തു. ഏതാണ്ട് എല്ലാ ബജറ്റുകളിലും ഈ പദ്ധതി സംബന്ധിച്ച വിശദീകരണമുണ്ട്.
കേരളം തെരഞ്ഞെടുപ്പിലേയ്ക്കു നീങ്ങി. സിൽവർ ലൈൻ പദ്ധതി ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടന പത്രികയുടെ ഭാഗമായി. ഇത്രയും പറഞ്ഞതിൽ നിന്ന് ഒരു കാര്യം വ്യക്തമാണല്ലോ. സിൽവർ ലൈൻ പെട്ടെന്ന് ഒരു ദിവസം പൊട്ടി വീണതല്ല. സുദീർഘമായ വികസന ചർച്ചയുടെ ഫലമായി രൂപം കൊണ്ടതാണ്. ഈ കാലമത്രയും പ്രൊഫ. കണ്ണനെ പോലുള്ളവർ ഈ ചർച്ചകൾ ശ്രദ്ധിക്കാതെ പോയതിനു മറ്റുള്ളവരെ പഴിക്കുന്നത് എന്തിന്?
ഇന്ത്യൻ റെയിൽവേയും കേരള സർക്കാരും തമ്മിലുള്ള സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്പമെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ആണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയിൽ നിർമ്മാണത്തിൽ ഇരിക്കുന്നതോ പുതിയതായി നിർമ്മിക്കാൻ പോകുന്നതോ ആയ എല്ലാ ഹൈസ്പീഡ് / സെമിഹൈസ്പീഡ് മെട്രോ പ്രൊജക്ടുകളും സ്റ്റാൻഡേർഡ് ഗേജിലാണ് പണിയുന്നത്. ഭാവിയിൽ ഇത്തരത്തിൽ ഒരു സ്റ്റാൻഡേർഡ് ഗേജ് ശൃംഖല സൃഷ്ടിക്കുന്നതിനാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്. കേരളവും അതിന്റെ ഭാഗമാകണോ, വേറിട്ട് നിൽക്കണമോ എന്നതാണു പ്രശ്നം.
കെ-റെയിൽ വിമർശകരുടെയെല്ലാം ഒരു സ്വഭാവവിശേഷം കേന്ദ്രസർക്കാരിനോടുള്ള വിമർശനം ഒഴിവാക്കുമെന്നുള്ളതാണ്. വിമർശന പരിധിയിൽ കേന്ദ്രസർക്കാർ അറിയാതെപോലും കടന്നുവരരുതെന്ന് അവർക്കു നിർബന്ധമാണ്. അല്ലെങ്കിൽ ഇന്ത്യാ സർക്കാർ ആവിഷ്കരിച്ച ഒരു പദ്ധതിയുടെ ഭാഗമായ ഇതിനെ റെയിൽവേയുമായി ഒരു ബന്ധവുമില്ലാത്ത ഒന്നായി എങ്ങനെയാണ് ചിത്രീകരിക്കാൻ കഴിയുന്നത്?
https://www.facebook.com/209072452442237/posts/5611261418889953/
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ