എന്തു കൊണ്ട് കെ.റെയിൽ ? ഡോ.തോമസ് ഐസക്

കെ_റെയിലിന്റെ സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ചെറുതും വലുതുമായ വിമര്‍ശനങ്ങള്‍ക്ക് ആധികാരികമായി ഉത്തരം പറയാനുള്ള ശ്രമമാണ് ഡോ.തോമസ്‌ ഐസക്കിന്‍റെ 'എന്തുകൊണ്ട് കെ-റെയില്‍' എന്ന പുസ്തകം. ഈ വിഷയത്തില്‍ ആധികാരികമായി അഭിപ്രായം പറഞ്ഞു കൊണ്ടിരിക്കുന്ന ദിലീഷ് ഇ.കെ, സാഗര്‍ കോട്ടപ്പുറം, അനീഷ്‌ മാത്യു, ആദര്‍ശ്, കെ.ജി ബിജു, ഗോപകുമാര്‍ മുകുന്ദന്‍ , ടി. ഗോപകുമാര്‍ എന്നിവരുടെ സഹായത്തോടെയാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. 

കെ_റെയിലിനെതിരെ വ്യാജ പരിസ്ഥിതി വാദികളും , പ്രതിപക്ഷ മഴവില്‍ മുന്നണികളും ഉന്നയിക്കുന്ന ഏതാണ്ട് എല്ലാ സംശയങ്ങള്‍ക്കും ആധികാരികമായി പുസ്തകത്തില്‍ മറുപടി പറയുന്നുണ്ട്.112 പേജുകളുള്ള പുസ്തകത്തില്‍ ഒന്‍പത് അദ്ധ്യായങ്ങളിലാണ്  സഖാവ് ഐസക് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. 

ലോകത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന അതിവേഗ റെയില്‍ പാതയുടെ ചരിത്രവും അതെങ്ങനെ അതാത് രാജ്യങ്ങളെ സ്വാധീനിച്ചു എന്നും വിശദീകരിക്കുന്നതാണ് പുസ്തകത്തിന്റെ ഒന്നാം അധ്യായം.

കഴിഞ്ഞ ദിവസം കെ-റെയിലുമായി ബന്ധപ്പെട്ട ഒരു സംവാദത്തില്‍ പങ്കെടുത്തപ്പോള്‍ സദസ്സിലിരുന്ന ഒരാള്‍ ആത്മാര്‍ഥമായി ചോദിച്ചത് സാധാരണക്കാരുടെ പട്ടിണി മാറ്റുന്നതിനല്ലേ ഇടതുപക്ഷം പ്രാധാന്യം നല്‍കേണ്ടത് എന്നാണ്. 
ഇടതുപക്ഷത്തിന്‍റെ വികസന കാഴ്ചപ്പാടുമായി  കെ._റെയില്‍ പദ്ധതി ഒതുപോകുമോ എന്നൊരു രാഷ്ട്രീയ സംശയം ചില സഖാക്കള്‍ക്ക് പോലുമുണ്ട്. അക്കാര്യം വളരെ ലളിതമായി തെളിമയോടെ അദ്ദേഹം  പുസ്തകത്തിന്‍റെ രണ്ടാം അധ്യായത്തില്‍  വിശദീകരിക്കുന്നുണ്ട്.

എന്തുകൊണ്ട് കേരളത്തിന്‌ സില്‍വര്‍ ലൈന്‍ പോലൊരു പദ്ധതി അനിവാര്യമാണെന്നും റോഡ്‌ വീതി കൂട്ടിയോ , നിലവിലെ പാത ഇരട്ടിപ്പിച്ചോ പരിഹരിക്കാവുന്നതല്ല മലയാളിയുടെ  യാത്ര പ്രശ്നങ്ങള്‍ എന്ന് മൂന്നാം അധ്യായത്തിലും സ്റ്റാന്‍ഡേര്‍ഡ് ഗേജ് ഉപയോഗവുമായി ബന്ധപ്പെട്ട ബാലിശമായ വാദങ്ങള്‍ക്കുള്ള മറുപടി നാലാം അധ്യായത്തിലും കൃത്യമായുണ്ട്. 

കെ-റെയിലിനെതിരെ ഉയരുന്ന ഏറ്റവും ശക്തമായ വിമര്‍ശനം അത് പരിസ്ഥിതി സൗഹൃദം അല്ല എന്നതാണ്. കെ-റെയില്‍ പശ്ചിമഘട്ടം തകര്‍ക്കുമോ ? അത് വെള്ളപ്പൊക്കം ഉണ്ടാക്കുമോ? തുടങ്ങിയ സംശയങ്ങള്‍ക്കും  ചുരുക്കി ആണെങ്കിലും കാലാവസ്ഥ നീതിയുടെ രാഷ്ട്രീയത്തെ കുറിച്ചും ഐസക് പുസ്തകത്തിന്‍റെ അഞ്ചാം അധ്യായത്തില്‍  പറയുന്നുണ്ട്. 

530 കിലോമീറ്റര്‍ കെ-റെയില്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ കല്ലും മണ്ണും എവിടുന്നു കിട്ടും എന്ന മില്യന്‍ ഡോളര്‍ ചോദ്യത്തിന് എഴുപതാമത്തെ പേജില്‍ വളരെ രസകരമായി ഐസക് മറുപടി പറയുന്നുണ്ട്. 2020-21 മാര്‍ച്ച് മാസത്തില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ 7.5 ലക്ഷം കോടി രൂപയുടെ  51165 കിലോമീറ്റര്‍ നീളം വരുന്ന 484 പ്രോജക്റ്റുകള്‍ വിവിധ നിര്‍മാണ ഘട്ടത്തിലാണ്. ഇവയില്‍ 4.05 ലക്ഷം കോടി രൂപ വരുന്ന  21037 കിലോമീറ്റര്‍ നീളമുള്ള പുതിയ പ്രോജക്റ്റുകളാണ്.  2.93 ലക്ഷം കോടി രൂപ ചിലവ് വരുന്ന  23915 കിലോമീറ്റര്‍ ട്രാക്കുകള്‍ ഇരട്ടിപ്പിക്കാന്‍ വേണ്ടിയുള്ളതാണ്.  ഇവക്കൊക്കെ പ്രകൃതി വിഭവങ്ങള്‍ കണ്ടെത്തുന്നുണ്ട്. കിലോമീറ്റര്‍ റെയില്‍വേ ട്രാക്കില്‍  കിലോമീറ്റര്‍ വരുന്ന കേരളത്തിലെ കെ-റെയിലിനു മാത്രമേ വിഭവ പ്രതിസന്ധി ബാധകമായി വരുന്നുള്ളൂ എന്ന്‍ ഐസക് ചോദിക്കുന്നതോടെ ആ ചോദ്യവും വെള്ളത്തില്‍ വരച്ച വരപോലെയായി. 
 

നഷ്ട പരിഹാരത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ആണ് ആറാം അധ്യായത്തില്‍. കെ-റെയില്‍ സംബധിച്ചുള്ള സാമ്പത്തിക സംശയങ്ങള്‍ വിശദീകരിക്കാനാണ് സാമ്പത്തിക വിദഗ്ധനായ ഐസക് പുസ്തകത്തില്‍ ഏറ്റവും കൂടുതല്‍ പേജുകള്‍ മാറ്റി വച്ചിട്ടുള്ളത്. സില്‍വര്‍ ലൈന്‍ ലാഭാകരമാകുമോ? കേരളം കടത്തില്‍ മുങ്ങുമോ തുടങ്ങിയ സംശയങ്ങള്‍ എല്ലാം ഏഴാം അധ്യായം വായിക്കുന്നതോടെ അസ്ഥാനത്താകും. 

കെ-റെയിലുമായി ബന്ധപ്പെട്ടു ഈ ശ്രീധരന്‍ അടക്കമുള്ള ചില വിദഗ്ധധര്‍ ഉന്നയിച്ച സംശയങ്ങള്‍ക്കുള്ള മറുപടിയാണ് എട്ടാം അധ്യായം. കെ-റെയിലിനെതിരെ കോൺഗ്രസും , മൌദൂദികളും, ബി.ജെ.പി യും ഒരുമിച്ചു നടത്തുന്ന സമരത്തിന്‌ പിന്നിലെ രാഷ്ട്രീയത്തെ ഒന്‍പതാം അധ്യായത്തില്‍ വിശദീകരിച്ചു കൊണ്ടു പുസ്തകം അവസാനിക്കുന്നു. 

ഈ പുസ്തകത്തിന്റെ ഒരു കോപ്പി നിയമസഭയില്‍ വിതരണം ചെയ്താല്‍ തന്നെ ന്യായമായ സംശയങ്ങള്‍ ഉള്ളവര്‍ക്ക് കൃത്യമായ ഉത്തരം കിട്ടും.

(ചിന്താ പബ്ളിഷേഴ്സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത് )

#supportKrail

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൂരോപ്പള്ളില്‍ ചാക്കോച്ചന്‍ വാഴൂരിന്‍റെ ചരിത്ര പുരുഷന്‍.!

Mixed Economic System: Characteristics, Examples, Pros & Cons

Ghee Vs Butter: Which Is Healthier