വാഗ്ദാനം ലംഘിക്കുന്നവരും പാലിക്കുന്നവരും - കോടിയേരി
 ബാലകൃഷ്ണൻ

സ്വർണത്തിന്റെ മാറ്റ് പരിശോധിക്കാൻ മുമ്പ് ഉരകല്ലിനെയാണ് ആശ്രയിച്ചിരുന്നത്. സ്വർണമോ പിത്തളയോ എന്ന് പെട്ടെന്ന് അറിയാൻ സാധിക്കും. ഒരു രാഷ്ട്രീയ കക്ഷിയെയോ അതിന്റെ ഭരണത്തെയോ തിരിച്ചറിയാനുള്ള ഉരകല്ലാണ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നടപ്പാക്കിയോ എന്ന പരിശോധന. ഇങ്ങനെ പ്രഖ്യാപനവും പ്രവൃത്തിയും തമ്മിൽ പൊരുത്തപ്പെടാത്ത രണ്ട് ഇണക്കക്ഷികളാണ് ബിജെപിയും കോൺഗ്രസും. സാധാരണക്കാരെയും പാവപ്പെട്ടവരെയും പറ്റിക്കുന്നതിൽ രണ്ടു കൂട്ടരും മുന്നിലാണ്. ഈ ശീലം ഭരണം കിട്ടിയാൽ വിശേഷിച്ചും പ്രകടമാകും. ബിജെപിയുടെ ഇരട്ടമുഖം തെളിയുന്നതാണ് ഇപ്പോഴത്തെ ഇന്ധനവില വർധന.  അധികാരത്തിലേറ്റിയാൽ ഒരു ലിറ്റർ പെട്രോൾ 50 രൂപയ്ക്ക് നൽകാമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം. ഇങ്ങനെയൊരു മുദ്രാവാക്യം ഉയർത്തുക മാത്രമല്ല, കോൺഗ്രസ് നേതൃസർക്കാരിന്റെ ഇന്ധനവില കൊള്ളയ്ക്കെതിരെ സമരം നടത്തുകയും ചെയ്തു.

എന്നാൽ, പേറെടുക്കാൻ പോയവൾ രണ്ട് പെറ്റെന്ന നാടൻ ചൊല്ലു പോലെയായി മോദി ഭരണത്തിന്റെ സ്ഥിതി. ഇന്ത്യയിൽ ഇതുവരെ കാണാത്ത അത്ര ഉയരത്തിലാണ് പെട്രോൾ–- ഡീസൽ–- പാചകവാതക വില. ഇതാണ് മോദി ഭരണത്തിന്റെ വഞ്ചന. പഞ്ചാങ്കം എന്ന് വിശേഷിപ്പിച്ച അഞ്ചു സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ കര പറ്റുന്നതിനുവേണ്ടി നാലര മാസം ഇന്ധനവില കൂട്ടിയില്ല. എന്നാൽ, യുപി അടക്കം നാലു സംസ്ഥാനത്ത്‌ അധികാരം നില നിർത്തിയതിനെ തുടർന്ന് ജനദ്രോഹം പതിവിനേക്കാൾ വർധിപ്പിച്ചിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ തുടർച്ചയായി രണ്ടു ദിവസം പെട്രോളിന് 1.77 രൂപയും ഡീസലിന് 1.70 രൂപയും കൂട്ടി. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് (14.2 കിലോഗ്രാം) 50 രൂപ കൂട്ടി. അഞ്ചു കിലോ സിലിണ്ടറിന് 18 രൂപയാണ് വർധിപ്പിച്ചത്. പാചക വാതക സിലിണ്ടറിന് 959 രൂപയാണ് ഇപ്പോൾ നൽകേണ്ടത്. പെട്രോളിന് 108.13 രൂപയും ഡീസലിന് 95 രൂപയുമാണ്. എണ്ണക്കമ്പനികളാണ് വില കൂട്ടുന്നത്, കേന്ദ്രസർക്കാരിന് ഉത്തരവാദിത്വമില്ലെന്ന പൊളിവചനം പൊളിയുകയാണ്.


കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനത്ത്‌ തെരഞ്ഞെടുപ്പ് വന്നപ്പോൾ 2021 മാർച്ച്– -ഏപ്രിൽ മാസങ്ങളിൽ വില നിയന്ത്രണമുണ്ടായി. തെരഞ്ഞെടുപ്പിനിടെ നാലരമാസം വിലകയറ്റിയില്ല. ഇത് വ്യക്തമാക്കുന്നത് ഇന്ധനവില കൊള്ളയുടെ മുഖ്യ കാർമികത്വം കേന്ദ്ര ഭരണത്തിനാണെന്നതാണ്. ഇന്ധനവില തരംപോലെ വർധിപ്പിക്കാൻ എണ്ണക്കമ്പനികൾക്ക് അധികാരം കൈമാറിയത് രണ്ടാം മൻമോഹൻസിങ്‌ ഭരണത്തിലായിരുന്നു. കോർപറേറ്റുകൾക്ക് കൊള്ളയടിക്കാനും വിലവർധനയ്‌ക്കെതിരെ ഉയരുന്ന പ്രതിഷേധത്തിൽ നിന്ന് തന്ത്രപൂർവം മുഖം രക്ഷിക്കാനുമുള്ള അടവായിരുന്നു അത്. അത് പലമടങ്ങ് ശക്തിയോടെ മോദിഭരണം നടപ്പാക്കുകയാണ്.


രണ്ടാം മോദിഭരണം ഇന്ത്യയിലെ ജനങ്ങളെ അനുദിനം കൂടുതൽ കഷ്ടത്തിലാക്കുകയാണ്. വലതുപക്ഷത്തേക്കും തീവ്ര വർഗീയ വാദത്തിലേക്കുമുള്ള മാറ്റത്തിന് ശക്തിയും വേഗവും വർധിപ്പിച്ചിരിക്കുകയാണ്. ഈ ഭരണത്തെ നിലനിർത്താനുള്ള പണവും മറ്റ് വിഭവങ്ങളും നൽകുന്നത് ഹിന്ദുത്വ–- കോർപറേറ്റ് സഖ്യമാണ്. ഈ കൂട്ടുകെട്ടിലൂടെ ഇന്ത്യയുടെ അടിസ്ഥാന സ്വഭാവത്തെ തന്നെ അട്ടിമറിക്കുകയാണ്. ഭരണഘടന ഉറപ്പുനൽകുന്ന ബഹുസ്വരത, രാജ്യത്തിന്റെ പൊതു സമ്പത്ത്, മത, ജാതി പരിഗണനയില്ലാതെയുള്ള പൗരത്വം തുടങ്ങിയവയെല്ലാം മരീചികയായി മാറിക്കൊണ്ടിരിക്കുകയാണ്. എട്ടു വർഷംമുമ്പ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി വന്നപ്പോൾ പാർലമെന്റ് മന്ദിരത്തിന്റെ കൽപ്പടവിൽ സാഷ്ടാംഗം നമസ്‌കരിച്ചാണ് അകത്ത്‌ പ്രവേശിച്ചത്. അന്ന് കാട്ടിയ വിനയം വെറും നാട്യമായിരുന്നെന്നും ജനാധിപത്യത്തിന്റെ കുരുതിക്കളമാണ് പാർലമെന്റെന്നും ആവർത്തിച്ച് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷ ശബ്ദം അടിച്ചമർത്തുകയും ചർച്ചയില്ലാതെ സുപ്രധാന ബില്ലുകൾപോലും പാസാക്കുകയും ചെയ്യുന്നു. ഭരണ–- നിർവഹണ വ്യവസ്ഥയുടെ സമ്മർദത്തിന് നീതിന്യായ വ്യവസ്ഥയെ കീഴ്പ്പെടുത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പ് കമീഷനാകട്ടെ കേന്ദ്ര സർക്കാരിന്റെ വരുതിയിലുമാക്കി. ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥയെ എതിർത്ത് ജനാധിപത്യ സംരക്ഷണത്തിന് പോരാടിയവരാണെന്ന് മേനി പറയുന്നവരാണ് മോദിയും കൂട്ടരും. പക്ഷേ, അടിയന്തരാവസ്ഥയെ വെല്ലുന്ന ഭരണഘടനാ വിരുദ്ധ–- ജനാധിപത്യ നിഷേധ ഭരണ നടപടി മലവെള്ളപ്പാച്ചിൽ കണക്കേ തുടരുകയാണ്.

ഇപ്രകാരമുള്ള അമിതാധികാര വാഴ്ച കോർപറേറ്റുകൾക്കു വേണ്ടിയാണ്. മറു ഭാഗത്ത് ഭൂരിപക്ഷ വർഗീയതയെയും അത് വിഭാവനം ചെയ്യുന്ന ഹിന്ദു രാഷ്ട്രം സ്ഥാപിക്കലിനെയും കോർപറേറ്റുകൾ സഹായിക്കുന്നു. ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ സാമ്പത്തിക അജൻഡ കാർഷിക മേഖലയിൽ നടപ്പാക്കുന്നതിനാണ് കാർഷിക നിയമ ഭേദഗതികൾ പാർലമെന്റിൽ ജനാധിപത്യവിരുദ്ധമായി പാസാക്കിയത്. ഇതിനെതിരെ ഭാരതത്തിലെ കർഷകർ സ്വാതന്ത്ര്യ സമരത്തെ അനുസ്‌മരിപ്പിക്കും വിധം ഉയിർത്തെഴുന്നേറ്റു. ഇതിനു മുന്നിൽ കേന്ദ്ര സർക്കാർ മുട്ടു കുത്തുകയും സമരം ചെയ്ത കർഷകരുടെ ആവശ്യങ്ങൾ വലിയൊരളവോളം അംഗീകരിക്കാൻ നിർബന്ധിതമാകുകയും ചെയ്തു.

രാജ്യത്തെ തൊഴിലാളികൾ  2022 മാർച്ച് 28നും 29നും ദേശീയമായി പണി മുടക്കുകയാണ്. പണിയെടുക്കുന്നവർക്ക് തൊഴിൽ സംരക്ഷിക്കാനും ജീവിക്കാനും വേണ്ടി മാത്രമല്ല, രാജ്യത്തെ രക്ഷിക്കാൻ കൂടി വേണ്ടിയാണ് ഈ പ്രക്ഷോഭം. വിമാനം, കപ്പൽ, ഖനി, പെട്രോളിയം, വനം, റോഡ്, ട്രെയിൻ, എൽഐസി തുടങ്ങിയ മേഖലകളിലെല്ലാം പൊതുസമ്പത്ത് സ്വകാര്യ കുത്തകകൾക്ക് കേന്ദ്രസർക്കാർ വിറ്റഴിക്കുകയാണ്. ഇന്ത്യൻ കോർപറേറ്റുകൾക്കു മാത്രമല്ല, വിദേശ കോർപറേറ്റുകൾക്കും വിൽക്കുന്നു. കോർപറേറ്റുകളുടെ 10 ലക്ഷം കോടി രൂപയുടെ  കടം കേന്ദ്രസർക്കാർ എഴുതിത്തള്ളി. എട്ട്‌ ശതമാനം നികുതിയിളവ് നൽകി. ഇതേസമയം, ട്രേഡ് യൂണിയൻ പ്രവർത്തനം അസാധ്യമാക്കാൻ പുതിയ ലേബർ കോഡ്‌ കൊണ്ടു വന്നിരിക്കുകയാണ്‌. സംഘടിക്കാനും വില പേശാനുമുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണ് ഇതിലൂടെ.


ഇതുപോലെ കോർപറേറ്റുകൾ വളർന്ന കാലമില്ല. നാലു വർഷത്തിനിടെ മുകേഷ് അംബാനിക്ക്‌ 350 ശതമാനവും അദാനിക്ക് 750 ശതമാനവും സമ്പത്ത് വർധിച്ചു. എന്നാൽ, ലോകത്ത് വിശപ്പുള്ളവരുടെ എണ്ണത്തിൽ ഇന്ത്യ അപമാനകരമായ സ്ഥാനത്താണ്. 116 രാജ്യത്തിന്റെ കണക്ക് എടുത്തപ്പോൾ ഇന്ത്യയുടെ സ്ഥാനം 101 ആണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ വേണ്ടിയുള്ള തൊഴിലാളികളുടെ വീറുറ്റ പോരാട്ടാണ് ഈ മാസം 28നും 29നും നടക്കുന്ന ദേശീയ പണിമുടക്ക്. ജനങ്ങൾക്ക് വാഗ്ദാനം നൽകി പറ്റിച്ച ജനദ്രോഹത്തിന് താക്കീത് നൽകാനുള്ളതാണ് ഈ പ്രക്ഷോഭം.

ഇതേസമയം, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിലും ജനപക്ഷ ബദൽ നയം നടപ്പാക്കുന്നതിലും രാജ്യത്തിന് മാതൃകയാണ് പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാർ. പ്രകടന പത്രികയിൽ എൽഡിഎഫ് 35 ഇന കർമപദ്ധതിയും 600 ഇന പ്രവർത്തന പദ്ധതിയും മുന്നോട്ടു വച്ചതിൽ ഒന്നാം പിണറായി സർക്കാർ 20 എണ്ണം ഒഴികെ ബാക്കിയെല്ലാം പൂർത്തീകരിച്ചു. ഓരോ വർഷവും പ്രോഗ്രസ്‌ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്ന പുതിയ ജനാധിപത്യ സംസ്‌കാരത്തിന് രൂപം നൽകുകയും ചെയ്തു. സംസ്ഥാനം നേരിടുന്ന പൊതുവായ പ്രശ്നങ്ങളിൽ സർവകക്ഷി യോഗം വിളിച്ചുചേർത്ത് ചർച്ച ചെയ്യുന്ന രീതിയും നടപ്പാക്കുന്നു

രണ്ടാം പിണറായി സർക്കാർ ഈ പാതയിലൂടെ സുദൃഢമായി സഞ്ചരിക്കുകയാണ്. പൊതു സ്ഥലങ്ങളിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ കൊടി തോരണങ്ങൾ കെട്ടുന്ന വിഷയത്തിൽ സർവകക്ഷിയോഗം ചേർന്ന് പൊതു തീരുമാനമെടുത്തത് ഏതാനും ദിവസങ്ങൾക്കു മുമ്പാണ്. ജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായങ്ങൾ കേൾക്കുന്നതിന് എൽഡിഎഫ് സർക്കാരിന്‌ മടിയില്ല.   എൽഡിഎഫ് പ്രകടനപത്രിക മുന്നോട്ടു വച്ച പദ്ധതിയാണ് തിരുവനന്തപുരം മുതൽ കാസർകോടു വരെ നാലു മണിക്കൂർ കൊണ്ട് എത്താനുള്ള സിൽവർ ലൈൻ (കെ– -റെയിൽ) പദ്ധതി. കേരള വികസനത്തിന് പശ്ചാത്തല വികസനം അനിവാര്യഘടകമാണ്. ഗതാഗത സൗകര്യം വർധിപ്പിക്കാൻ കെ–- റെയിൽ കൂടിയേ കഴിയൂ. അതുകൊണ്ടാണ് ഇതേപ്പറ്റി തെരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രിയും മറ്റ് നേതാക്കളും ജനങ്ങളോട് വിവരിച്ചിരുന്നത്. എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടായാൽ കെ–- റെയിൽ എന്ന ആശയം യാഥാർഥ്യമാക്കുമെന്ന് ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനമാണ് സർക്കാർ പ്രാവർത്തികമാക്കാൻ മുന്നോട്ടു പോകുന്നത്. ഇപ്പോൾ യുഡിഎഫും ബിജെപിയും മതതീവ്രവാദ ശക്തികളും ചേർന്ന് കുപ്രചാരണം നടത്തുകയും സർക്കാരിനെതിരെ അരാജക സമരം നടത്തുകയുമാണ്. ഇവർ ഒരു കാര്യം ഓർക്കണം. വോട്ടർമാരുടെ അംഗീകാരം വാങ്ങി നടപ്പാക്കുന്ന പ്രഖ്യാപിത പദ്ധതിയാണ് ഇത്.


ഇപ്പോൾ നടക്കുന്നത് സാമൂഹ്യാഘാത പഠനത്തിനു വേണ്ടിയുള്ള നടപടിയാണ്‌. ഇതിനു ശേഷം ഒരു വിദഗ്‌ധ സമിതിയെ നിശ്ചയിച്ച് ഭൂമി നഷ്ടപ്പെടുന്നവരിൽ നിന്ന്‌ അഭിപ്രായം കേട്ട്‌ ചർച്ച നടത്തി സ്ഥലത്തിന്റെ വില നിശ്ചയിക്കും. തൃപ്തികരമായ വില നിശ്ചയിച്ച് പണം കൈമാറിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂ. ബലം പ്രയോഗിച്ച് ഒരാളുടെയും ഭൂമി ഏറ്റെടുക്കുകയില്ല.  ഈ വസ്തുതകൾ മറച്ചു വച്ച് പ്രതിപക്ഷത്തിന്റെയും വർഗീയ ശക്തികളുടെയും അരാജക സമരത്തിന് നല്ലൊരു പങ്ക് മാധ്യമങ്ങൾ പഴയകാല കമ്യൂണിസ്റ്റ് വിരുദ്ധ സമീപനത്തോടെ ഉശിര് പകരുന്നുണ്ട്. വാഗ്ദാന ലംഘനം നടത്തി ജനങ്ങളെ കഷ്ടപ്പെടുത്തുന്ന കേന്ദ്ര സർക്കാരിന്റെ വഞ്ചക ഭരണത്തെ തുറന്നു കാണിക്കുകയാണ് വേണ്ടത്


 https://www.deshabhimani.com/articles/kodiyeri-balakrishnan/1009525

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൂരോപ്പള്ളില്‍ ചാക്കോച്ചന്‍ വാഴൂരിന്‍റെ ചരിത്ര പുരുഷന്‍.!

Mixed Economic System: Characteristics, Examples, Pros & Cons

Ghee Vs Butter: Which Is Healthier