നവകേരളത്തിനുള്ള സി.പി.ഐ.എം പാർടി കാഴ്‌ചപ്പാട്‌

എറണാകുളത്ത്‌ ചേർന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച  ‘നവകേരളത്തിനുള്ള പാർടി കാഴ്‌ചപ്പാട്‌’ നയരേഖ കേരളം ചർച്ച ചെയ്യുകയാണ്‌. അഞ്ചു മണിക്കൂർ ചർച്ച ചെയ്‌താണ്‌ സമ്മേളനം രേഖ അംഗീകരിച്ചത്‌. തുടർഭരണം നേടിയ സാഹചര്യത്തിൽ വരും കാല കേരളം കൈവരിക്കേണ്ട നേട്ടങ്ങൾ സമഗ്രമായി അപഗ്രഥിക്കുകയാണ്‌ നയരേഖയിൽ. കേരളത്തിന്റെ അടുത്ത 25 വർഷത്തെ പുരോഗതി മുന്നിൽക്കണ്ട്‌ തയ്യാറാക്കിയ രേഖയിൽ സർവമേഖലയും സ്‌പർശിക്കുന്നുണ്ട്‌. വികസന വഴികളിലൂടെയുള്ള ഭാവി കേരളത്തിന്റെ സഞ്ചാരം സുഗമമാക്കാനുള്ള ക്രിയാത്മക നിർദേശങ്ങളാണ്‌ രേഖ ചർച്ച ചെയ്യുന്നത്‌

നവകേരള സൃഷ്ടിക്കായി കർമപദ്ധതികൾ നടപ്പാക്കി കേരളത്തെ ആധുനികലോകത്തിന് അനുയോജ്യമാംവിധം രൂപപ്പെടുത്തുന്നതിന്‌ അടിത്തറയിടാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സാധ്യമായി. ഈ അടിത്തറയിൽനിന്ന്‌ ഗുണപരമായി ഉയർന്ന ഘട്ടത്തിലേക്ക്‌ കേരളത്തെ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനുള്ള കർമപദ്ധതി എൽഡിഎഫ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ചിട്ടുണ്ട്‌. കേരളത്തെ ആധുനിക വൈജ്ഞാനിക സമൂഹമായി വികസിപ്പിക്കണം. ശാസ്‌ത്ര–- സാങ്കേതിക–-സാമൂഹ്യ രംഗത്ത്‌ നേടിയ അറിവുകൾ വികസിപ്പിച്ച്  ഉൽപ്പാദനക്ഷമതയും ഉൽപ്പാദനവും വർധിപ്പിക്കണം. - നവകേരള സൃഷ്ടിക്കായുള്ള നിർദേശങ്ങളുടെ പ്രസക്ത ഭാഗങ്ങൾ ചുവടെ:


ശാസ്‌ത്ര സാങ്കേതികവിദ്യ


ശാസ്‌ത്ര സാങ്കേതികവിദ്യയുടെ വികാസം ഉപയോഗപ്പെടുത്തി ഉൽപ്പാദനശക്തികളുടെ വളർച്ച നേടുകയാണ് വേണ്ടത്. വളരുന്ന അറിവിനെ ഉപയോഗപ്പെടുത്തി ഉൽപ്പാദനശക്തികളെ വികസിപ്പിക്കുന്നതിനുള്ള നടപടികളാണ് ഇതിലൂടെ ഉണ്ടാകുക. അതിന് വിവിധ മേഖലകളിലെ നവീകരണം പ്രധാനം. പുതിയ യന്ത്രങ്ങളും ആധുനിക സാങ്കേതികവിദ്യകളും ആവശ്യമായിവരും. തൊഴിൽ പ്രാവീണ്യമുള്ള തൊഴിലാളികളെ രൂപപ്പെടുത്തണം.  ഉൽപ്പാദനം വർധിപ്പിച്ചും അത് നീതിയുക്തമായി വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കിയും മാത്രമേ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനാകൂ. -വിഭവ സാധ്യതകളെ കണക്കിലെടുത്താണ് ഇത് നിർവഹിക്കേണ്ടത്. നാടിനു ചേർന്ന സാങ്കേതികവിദ്യ രൂപപ്പെടുത്തുന്നതിന് ലോകമെമ്പാടുമുള്ള വിജ്ഞാനത്തെയും പുതിയ  സാധ്യതകളെയും ഉപയോഗപ്പെടുത്തണം. ഇതിലൂടെ നടപ്പാക്കിയ ക്ഷേമ പ്രവർത്തനങ്ങളെ നിലനിർത്താനും കൂടുതൽ ഗുണപരമായി മുന്നോട്ടു നയിക്കാനും കഴിയണം.

ഈ അടിസ്ഥാന കാഴ്ചപ്പാടുകൾ മുന്നോട്ടുവച്ചു കൊണ്ടാണ് പുതിയ സർക്കാർ പ്രവർത്തിക്കുന്നത്. വികസനത്തെ സംബന്ധിച്ച് പാർടിയുടെ കാഴ്ചപ്പാടുകൾ പുതിയ കാലഘട്ടത്തിലുണ്ടായ മാറ്റത്തെയും മാറിവരുന്ന ആവശ്യകതയും കണക്കിലെടുത്ത് വികസിപ്പിക്കാനാണ്‌ ഉദ്ദേശിക്കുന്നത്. അഞ്ച്‌ വർഷം കൊണ്ട് ശാസ്‌ത്രീയ അറിവുകളും സാങ്കേതികവിദ്യയിലെ നേട്ടങ്ങളും ഉപയോഗപ്പെടുത്തി ഉൽപ്പാദന പ്രവർത്തനങ്ങളിൽ നൂതനത്വം വളർത്തിയെടുക്കുക എന്നത് ഏറെ പ്രധാനമാണ്.

25 വർഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം അന്താരാഷ്‌ട്രതലത്തിലെ വികസിത മധ്യവരുമാന രാഷ്‌ട്രങ്ങൾക്ക് സമാനമായി ഉയർത്തുക എന്നതാണ്  ലക്ഷ്യം.  അടിസ്ഥാന ജന വിഭാഗങ്ങളുടെ ജീവിതം  മുന്നോട്ട് നയിക്കുന്നതിനുള്ള സവിശേഷ  ഇടപെടലും ഇതോടൊപ്പമുണ്ട്. മേൽപ്പറഞ്ഞവ നിർവഹിക്കണമെങ്കിൽ ശാസ്‌ത്ര- സാങ്കേതിക വിദ്യയിലെ നേട്ടങ്ങൾ കൃത്യമായി പ്രയോജനപ്പെടുത്തി  കൃഷി, അനുബന്ധ മേഖലകൾ, നൂതന വ്യവസായങ്ങൾ, അടിസ്ഥാന സൗകര്യം, വരുമാനോൽപ്പാദന സേവനങ്ങൾ, ആരോഗ്യരംഗം എന്നിവയെ മെച്ചപ്പെടുത്താതെ സാധ്യമല്ല. സാമ്പത്തിക അസമത്വങ്ങൾ പരിഹരിക്കുക എന്നതും പരമപ്രധാനമാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങളെയും സഹകരണ മേഖലയെയും ബന്ധിപ്പിച്ച്‌ താഴെത്തട്ടിൽ മുന്നേറ്റത്തിന് സജ്ജമാക്കണം. സാമൂഹ്യ മേഖലയിലെ, പ്രത്യേകിച്ചും ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം എന്നീ രംഗത്തുണ്ടായ നേട്ടങ്ങളെ ശക്തിപ്പെടുത്തണം. സാമൂഹ്യക്ഷേമം, സാമൂഹ്യനീതി, ലിംഗനീതി, സ്‌ത്രീസുരക്ഷ എന്നിവയെയും കൂടുതൽ ശാക്തീകരിക്കുന്നതിനുള്ള നടപടികൾ ഫലപ്രദമായി നടപ്പാക്കണം. വ്യവസായ ഇടനാഴി, തുറമുഖം, ഷിപ്പിങ്‌, ഉൾനാടൻ ജലഗതാഗതം എന്നിവയുടെ വികസനത്തിലൂടെ അനുബന്ധ  വ്യവസായ വളർച്ച നേടാനാകണം. പരമ്പരാഗത വ്യവസായങ്ങളെ ശാസ്‌ത്ര സാങ്കേതിക നേട്ടങ്ങളെ ഉപയോഗപ്പെടുത്തി നവീകരിക്കണം. 

ഐടി വകുപ്പ്‌, ഡിജിറ്റൽ സർവകലാശാല, കേരള ഐടി വ്യവസായം എന്നിവ സംയുക്തമായി നടത്തുന്ന പ്രത്യേക വെബ് പോർട്ടലിലൂടെ കേരളത്തിൽ നിക്ഷേപിക്കാനോ പഠിപ്പിക്കാനോ ജോലി ചെയ്യാനോ ആഗ്രഹിക്കുന്ന എല്ലാ സംരംഭകരുമായും ഐടി വിദഗ്ധരുമായും പ്രൊഫഷണലുകളുമായും ബന്ധപ്പെടുന്നതിനുള്ള സംവിധാനത്തിലൂടെ പുതിയ മുന്നേറ്റം സൃഷ്ടിക്കാനാകണം. വികേന്ദ്രീകൃത തൊഴിലിനും വീട്ടിലിരുന്ന് തൊഴിൽ ചെയ്യുന്നതിനും അവസരങ്ങൾ പ്രയോജനപ്പെടുത്തണം, യുവാക്കളെ കൂടുതൽ വൈദഗ്ധ്യമുള്ള തൊഴിലുകൾ നേടുന്നതിന് പ്രാപ്തരാക്കണം.

ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുകയും ഗുണനിലവാരം മെച്ചപ്പെടുത്തുകയും വേണം. ബിരുദാനന്തര ബിരുദ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പ്രത്യേകം ശ്രദ്ധ നൽകണം. അധ്യാപനത്തിനും ഗവേഷണത്തിനും വിദ്യാർഥികളുടെ പരസ്പര കൈമാറ്റത്തിനുമുള്ള ശൃംഖല ദേശീയ, അന്താരാഷ്ട്ര തലത്തിൽ തന്നെ വികസിപ്പിക്കുക പ്രധാനമാണ്. ഗവേഷണ സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൽപ്പാദന മേഖലകളും ബന്ധപ്പെട്ട് പ്രവർത്തിക്കണം.  ഉന്നത വിദ്യാഭ്യാസ മേഖലയിൽ സാമൂഹ്യ നീതിയും പ്രാദേശിക സന്തുലിതാവസ്ഥയും ഉറപ്പുവരുത്തുന്നതിനുള്ള നടപടികളും വേണം. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിവിധ ശാഖകളിൽ മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കുന്നതും ഈ മേഖലയുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കേണ്ട പരിപാടിയാണ്. കർമപദ്ധതി നടപ്പാക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അതു മനസ്സിലാക്കി ഇടപെടുക എന്നത് പ്രധാനമാണ്. അതുസംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് പാർടിക്ക് ഉണ്ടാകണം. എല്ലാ മേഖലയിലും മാറ്റം ഉണ്ടാക്കുന്നതിന് ഉതകുന്ന വിധം ഇടപെടുക എന്നതും  പ്രധാനം.


ധനസ്ഥിതി
ഇത്തരം പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ ധനസ്ഥിതിഗതികൾ സംബന്ധിച്ച ധാരണകളും നമുക്കുണ്ടാകണം. ഭരണഘടന പ്രകാരം തന്നെ സംസ്ഥാനത്തിനുള്ള നികുതി പിരിവ് പങ്കുവയ്‌ക്കൽ അധികാരങ്ങൾ കുറവാണ്‌. കേന്ദ്രമാകട്ടെ സംസ്ഥാനങ്ങൾക്കുള്ള അധികാരം വൻ തോതിൽ കുറയ്ക്കുന്നു. ജിഎസ്ടി നിലവിൽ വന്നതോടെ നികുതി നിരക്കിൽ ചെറിയ വ്യത്യാസം പോലും സംസ്ഥാനങ്ങൾക്ക് വരുത്താൻ കഴിയാത്ത സ്ഥിതിയാണ്‌. മദ്യത്തിന്റെയും പെട്രോളിയം ഉൽപ്പന്നത്തിന്റെയും കാര്യത്തിൽ മാത്രമാണ് സംസ്ഥാനങ്ങൾക്ക് എന്തെങ്കിലും മാറ്റം വരുത്താൻ കഴിയുക. നികുതി വിഹിതത്തിന്റെ കുറവും ഗ്രാന്റുകൾ നിലയ്ക്കുന്നതും കാരണം സാമ്പത്തിക ഞെരുക്കം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയാണുള്ളത്. ഇതിനു പുറമെയാണ് നികുതി പങ്കുവയ്ക്കലിലൂടെ ലഭിക്കുന്ന വിഹിതത്തിൽ വരുന്ന കുറവും.

കേന്ദ്ര ധനകമീഷന്റെ ശുപാർശപ്രകാരം കേരളത്തിന് ലഭിക്കുന്ന നികുതി വിഹിതം 15–--ാം ധന കമീഷന്റെ കാലയളവിൽ (2021-–-22, 2025 –26) 1.92 ശതമാനമാണ്. 14–--ാം ധന കമീഷന്റെ ശുപാർശകൾ പ്രകാരം അത് 2.50 ശതമാനവും 10–--ാം ധന കമീഷന്റെ കാലയളവിൽ (1995–2000) ഇത് 3.857 ശതമാനവുമായിരുന്നു. തുടർച്ചയായ കുറവാണ്  സംസ്ഥാന സർക്കാർ അഭിമുഖീകരിക്കുന്നത്. നമ്മുടെ വരുമാനത്തിൽ ഇതിനു പുറമെ ഇടിവ് വരാൻ പോകുകയാണ്.  റവന്യു കമ്മി, ഗ്രാന്റ് ഇനത്തിൽ ഈ വർഷം 19,891 കോടി രൂപയാണ് കിട്ടിയത്. അടുത്ത വർഷം അത് 13,174 കോടിയാണ്. തുടർന്നുള്ള വർഷമാകട്ടെ 4749 കോടിയായും കുറയും.  2022 ജൂൺ 30ന് ജിഎസ്ടി  നഷ്ട പരിഹാരവും ഇല്ലാതാകും. കേന്ദ്രാവിഷ്കൃത പദ്ധതിയിൽ നിന്നുള്ള പങ്കും ഇതുപോലെ കുറയും.


സാമൂഹ്യ ക്ഷേമ മേഖലയിലും അത്യാവശ്യ മേഖലയിലും ഒഴികെ കർശന നിയന്ത്രണം ഏർപ്പെടുത്തേണ്ട സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ നമ്മുടെ താൽപ്പര്യങ്ങൾ ഹനിക്കാത്ത വിധത്തിലുള്ള വിദേശ വായ്പകളെ ഉൾപ്പെടെ ആശ്രയിച്ച് മുന്നോട്ട് പോകാനാകണം. ഇക്കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തണം.  ഈ പരിമിതികൾക്ക് അകത്തേക്ക്  നിന്നു കൊണ്ട്  നാടിന്റെ വികസനത്തെ മുന്നോട്ട് കൊണ്ടു പോകുന്നതിന് ഉതകുന്ന പദ്ധതികൾ - ആവിഷ്കരിക്കാൻ കഴിയണം. ഈ യാഥാർഥ്യത്തിൽ നിന്നു കൊണ്ട് വികസന പദ്ധതികൾ ആവിഷ്കരിക്കേണ്ട ഉത്തരവാദിത്വമാണ് സർക്കാരിന് മുന്നിലുള്ളത്. അതു കൂടി കണക്കിലെടുത്തു കൊണ്ടുള്ള വികസനപദ്ധതികൾ മുന്നോട്ട് വയ്‌ക്കാൻ കഴിയണം.

ശാസ്ത്ര സാങ്കേതിക വികാസങ്ങളെ ഉപയോഗപ്പെടുത്തണം


ശാസ്ത്ര സാങ്കേതിക രംഗത്തെ വിജ്ഞാനങ്ങളെ നാടിന്റെ സവിശേഷതകൾകൂടി കണക്കിലെടുത്ത് ഉൽപ്പാദന രംഗത്ത് ഉപയോഗിക്കണം. അത് നമ്മുടെ വികസന കാഴ്‌ചപ്പാടിന്റെ പ്രധാന സമീപനമാണ്. അതോടൊപ്പം  വികസന പ്രശ്‌നങ്ങളെ സവിശേഷമായി കണ്ട്‌ അവ പരിഹരിക്കുന്നതിനുള്ള അറിവുകൾ ഉൽപ്പാദിപ്പിക്കുകയും പ്രധാനമാണ്.  ശാസ്ത്രീയമായ അറിവുകളെ ദൈനംദിന ജീവിതത്തിൽ സ്വാംശീകരിക്കുന്നതിനുള്ള ഇടപെടൽ നടത്തിക്കൊണ്ടാകണം ഭാവി പ്രവർത്തനങ്ങൾ ആവിഷ്കരിക്കേണ്ടത്. ശാസ്‌ത്ര സാങ്കേതിക രംഗത്തെ പുരോഗതിക്കായി വിദേശ നിക്ഷേപം ഉൾപ്പെടെ കൊണ്ടുവരിക എന്നത് ജനകീയ ജനാധിപത്യ വിപ്ലവ പരിപാടിയിൽപ്പോലും നാം മുന്നോട്ടുവയ്ക്കുന്നതാണ്. പാർടി പരിപാടിയിൽ ഇക്കാര്യം ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്. "ആധുനിക സാങ്കേതിക വിദ്യ സ്വായത്തമാക്കുന്നതിനും ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും വേണ്ടി തെരഞ്ഞെടുക്കപ്പെട്ട ചില മേഖലകളിൽ വിദേശ പ്രത്യക്ഷ നിക്ഷേപം അനുവദിക്കും. സമ്പദ്‌ വ്യവസ്ഥയുടെ മൊത്തത്തിലുള്ള താൽപ്പര്യത്തിനുവേണ്ടി ഫിനാൻസ് മൂലധനത്തിന്റെ ഒഴുക്ക് നിയന്ത്രിക്കും.' (പാർടി പരിപാടി - 6.6 (ii) ജനകീയ ജനാധിപത്യ വിപ്ലവത്തിനുശേഷം പോലും ഇത്തരം നിലപാടാണ് നാം മുന്നോട്ടുവയ്ക്കുന്നതെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഇടപെടാൻ കഴിയണം.


കാർഷിക പുരോഗതി


സംസ്ഥാനത്തിന്റെ അഭിവൃദ്ധിക്ക് കാർഷികരംഗത്ത് വൻ പുരോഗതി ഉണ്ടാകണമെന്ന്‌ കഴിഞ്ഞ സർക്കാർ വ്യക്തമാക്കിയതാണ്. ഉൽപ്പാദനക്ഷമത, വരുമാനം, സുസ്ഥിരത എന്നിവയിൽ ഊന്നി നിന്നു കൊണ്ടുള്ള വികസനമാണ് കാർഷികമേഖലയിൽ ലക്ഷ്യം വയ്ക്കേണ്ടത്. ധാന്യങ്ങളായാലും നാണ്യവിളകളായാലും ഉൽപ്പാദനക്ഷമത ആധുനിക കാലത്തിന് - യോജിച്ചവിധം കൈവരിക്കാനാകണം. വൻ ഉൽപ്പാദനക്ഷമത നേടിയ പ്രദേശങ്ങളെ മാതൃകയാക്കി അതിനുതകുന്ന നടപടികൾ മറ്റു പ്രദേശങ്ങളിലും സ്വീകരിക്കണം. നീർത്തടാടിസ്ഥാനത്തിൽ ജല സംരക്ഷണത്തിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും മാസ്റ്റർ പ്ലാൻ ഉണ്ടാക്കണം.  നദീതടം വരെ ഇത്തരത്തിൽ മാസ്റ്റർ പ്ലാനുകൾ രൂപീകരിക്കണം. ലഭ്യമായ വെള്ളത്തിന്റെ അളവും മണ്ണിന്റെ സ്വഭാവവും കണക്കിലെടുത്ത് ശാസ്ത്രീയ വിളക്രമം നിശ്ചയിക്കണം. പുരയിടങ്ങളിൽ ഫല വൃക്ഷ വിളകൾ പ്രോത്സാഹിപ്പിക്കണം, ബഹുവിള സമ്പ്രദായത്തെ അടിസ്ഥാനപ്പെടുത്തി ഉള്ള കാർഷിക വികസനം നടപ്പാക്കുന്നതിന്‌ പ്രത്യേക ശ്രദ്ധയുണ്ടാകണം. ശാസ്ത്രീയ നെൽക്കൃഷി രീതികൾ അവലംബിക്കണം. അനുയോജ്യമായ സംഘകൃഷി ഉപയോഗപ്പെടുത്തണം. ശാസ്ത്ര സാങ്കേതിക വിദ്യ  പ്രയോജനപ്പെടുത്തി ഉൽപ്പാദന വർധനയ്‌ക്കു വേണ്ടിയുള്ള നടപടി സ്വീകരിക്കണം. കാർഷിക ഗവേഷണം ശക്തിപ്പെടുത്തണം. കാലാവസ്ഥാ വ്യതിയാനം, പ്രകൃതിക്ഷോഭത്തിന്റെ സാഹചര്യം ഇവയുടെ പശ്ചാത്തലത്തിൽ ഇത്തരം ഇടപെടലിന്റെ പ്രാധാന്യം ഏറെ വലുതാണ്.

മൂല്യവർധിത ഉൽപ്പന്നങ്ങളിൽ നിലവിലുള്ള മാതൃകകൾ പ്രോത്സാഹിപ്പിക്കാനും സാധ്യതകൾ പരിശോധിച്ച് വികസിപ്പിക്കാനും പ്രത്യേക ശ്രദ്ധയുണ്ടാകണം.  കാർഷികോൽപ്പന്നങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വ്യവസായങ്ങൾ അഭിവൃദ്ധിപ്പെടുത്തണം. അതോടൊപ്പം കാർഷികോൽപ്പന്നങ്ങൾ സംഭരിക്കൽ, ആവശ്യമുള്ളിടത്ത്‌ കേടു കൂടാതെ എത്തിക്കൽ തുടങ്ങിയവ നാം ലക്ഷ്യമിട്ടെങ്കിലും വേണ്ടത്ര ഫലപ്രദമായിട്ടില്ല. ഇക്കാര്യത്തിൽ കാലതാമസം ഇല്ലാതെ നടപടികൾ സ്വീകരിക്കാനാകണം. അഞ്ചു വർഷംകൊണ്ട് - പച്ചക്കറിയുടെ കാര്യത്തിൽ സ്വയം പര്യാപ്തത നേടണം. പാലുൽപ്പാദനത്തിൽ സ്വയംപര്യാപ്തത നേടുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണം. പുഷ്പക്കൃഷിയുടെ സാധ്യതകളെയും ഉപയോഗപ്പെടുത്താനാകണം. കൃഷിക്ക് അനുയോജ്യമായ ഭൂമിയിലെല്ലാം കൃഷി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം.

കർഷക  തൊഴിലാളികൾക്ക് മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥ ഉറപ്പു വരുത്തണം, സംഘകൃഷി മാതൃകയിൽ ഗ്രാമതലത്തിൽ സഹകരണ കൃഷി പ്രോത്സാഹിപ്പിക്കണം. -തോട്ടഭൂമി തോട്ടങ്ങളായി തന്നെ സംരക്ഷിക്കണം. തോട്ടങ്ങളുടെ ഉൽപ്പാദനക്ഷമത ഉയർത്തുന്നതിനോടൊപ്പം പരമാവധി മൂല്യവർധിത ഉൽപ്പന്നങ്ങളായി മാറ്റാനും ശ്രദ്ധിക്കണം.  പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകണം. റബർ, നാളികേരം മേഖലയിൽ മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ത്വരിതപ്പെടുത്താനാകണം. കാർഷികോൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കുകയെന്നത് പ്രധാന ഉത്തരവാദിത്വമായി ഏറ്റെടുക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും പ്രത്യേക ശ്രദ്ധയോടെ പ്രവർത്തിക്കണം.  മനുഷ്യ–വന്യജീവി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേകമായ പദ്ധതി ആവിഷ്കരിക്കണം

കേരളത്തിൽ സവിശേഷമായി ഉയർന്നുനിൽക്കുന്നവയാണ് ഭൂപ്രശ്നങ്ങൾ. ഇവ പരിഹരിക്കുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.  പല മേഖലയിലും പട്ടയങ്ങൾ ലഭ്യമാകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങളും കണ്ടെത്തി പരിഹരിക്കണം.  ദളിത്, ആദിവാസി ജന വിഭാഗങ്ങളുടെ ഭൂപ്രശ്നങ്ങൾ പലയിടത്തും ഉയർന്നു വരുന്നുണ്ട്. ഇത് മനസ്സിലാക്കി പരിഹാര നടപടികൾ സ്വീകരിക്കണം.

വ്യവസായം കുതിക്കണം തൊഴിൽ വർധിക്കണം


കേരളത്തിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് നിലവിലുള്ള വ്യവസായങ്ങൾ ശക്തിപ്പെടലും പുതിയ വ്യവസായങ്ങൾ ആരംഭിക്കലും പ്രധാനമാണ്. വ്യവസായ അഭിവൃദ്ധിക്ക്‌ സമഗ്ര പദ്ധതി വേണം, ലാഭകരമല്ലാത്ത സ്ഥാപനങ്ങളെ ലാഭത്തിലാക്കാൻ പ്രത്യേക പദ്ധതി വേണ്ടിവരും. പഠിച്ച് സമഗ്ര റിപ്പോർട്ട് തയ്യാറാക്കി പുനരുദ്ധരിക്കുന്ന നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണം.  ആവശ്യമായ മാറ്റങ്ങൾ കൊണ്ടു വരണം.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉപയോഗിക്കാത്ത ഭൂമി വ്യവസായ പാർക്കുകളാക്കി മാറ്റാൻ കഴിയണം. സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോത്സാഹിപ്പിക്കുന്നത്‌ തുടരണം. തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തി പദ്ധതി രൂപീകരിക്കണം. വ്യവസായ സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തണം. വ്യവസ്ഥകൾ ഉദാരമാക്കിയും ഏകജാലകം  ഇടപെടലുകൾ പ്രായോഗികമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഏതെങ്കിലും വ്യവസായത്തിൽ അനഭിലഷണീയ പ്രവണതയുണ്ടെങ്കിൽ തൊഴിലാളി സംഘടനാ നേതൃത്വവുമായി ചർച്ച ചെയ്ത് അത്തരം കാര്യങ്ങൾ ഒഴിവാക്കണം. ശമ്പള നിർണ്ണയത്തിൽ ജീവിത ചെലവിനോടൊപ്പം സ്ഥാപനത്തിന്റെ സാമ്പത്തിക ശേഷി കൂടി കണക്കിലെടുത്ത്‌ നിലപാട് സ്വീകരിക്കണം.



പൊതുമേഖലാ വ്യവസായങ്ങളെ ശക്തിപ്പെടുത്തുക ഏറ്റവും പ്രധാനമാണ്. അതിന്‌ നടപടി ഉണ്ടാകണം. പൊതു മേഖലയിൽ ഉൾപ്പെടെ പുതിയ വ്യവസായങ്ങൾ കൊണ്ടു വരുന്നതിന് ഫലപ്രദമായ നടപടി വേണം. സൂക്ഷ്മ, ചെറുകിട,- ഇടത്തരം വ്യവസായങ്ങളുടെ വികസനത്തിന്‌ ഊന്നൽ നൽകണം. ഇത്തരം സംരംഭങ്ങൾ തദ്ദേശ ഭരണ സ്ഥാപനങ്ങൾ പ്രോത്സാഹിപ്പിക്കണം. സ്വകാര്യ വ്യവസായ സ്ഥാപനങ്ങളെ ആകർഷിക്കാൻ പ്രത്യേക നടപടി വേണം. വ്യവസായികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും സംസ്ഥാനം നൽകുന്ന സൗകര്യങ്ങളും സഹായങ്ങളും മറ്റും കൂടിയാലോചനകളിൽ കൂടെ വ്യക്തത വരുത്തുന്നതിനും പ്രത്യേക സമിതി രൂപീകരിക്കണം. നിശ്ചിത ഇടവേളകളിൽ പുരോഗതി വിലയിരുത്തണം.

ജനസാന്ദ്രത ഉള്ളതിനാൽ ഭൂമിയുടെ ലഭ്യതക്കുറവ് വ്യവസായ പുരോഗതിയെ ബാധിക്കും. ഇക്കാര്യത്തിൽ സർക്കാർ മുൻകൈ എടുക്കണം. കിൻഫ്ര, കെഎസ്ഐഡിസി തുടങ്ങിയ സ്ഥാപനങ്ങൾ ഭൂമി വാങ്ങുന്നതിന്‌ നടപടി സ്വീകരിക്കണം. ഇതിനായി ബജറ്റിലും പണം നീക്കിവയ്‌ക്കാം. കിഫ്ബി മുഖേനയും ശ്രമിക്കാം. പരമ്പരാഗത വ്യവസായങ്ങൾ അഭിവൃദ്ധിപ്പെടുത്താൻ കൂടുതൽ ശ്രദ്ധ നൽകണം. വ്യത്യസ്ത പ്രശ്നങ്ങളാണ് പരമ്പരാഗത വ്യവസായം അഭിമുഖീകരിക്കുന്നത്. അത് കണ്ടെത്തി പരിഹരിക്കലാകണം പ്രധാനം. കയർ, കശുവണ്ടി തുടങ്ങിയ മേഖലകളിൽ കാലോചിത മാറ്റം ഉണ്ടാകണം. പരമ്പരാഗത വ്യവസായങ്ങളെ ആധുനികവൽക്കരിക്കൽ പ്രധാന അജൻഡയായി കാണണം.


തെറ്റായ രീതിയാണെന്ന് എല്ലാവർക്കും ബോധ്യമുള്ള കാര്യങ്ങൾ തിരുത്തണം. സംസ്ഥാന ടിയു നേതൃത്വങ്ങളുമായി ചർച്ച ചെയ്ത്‌ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടതാണ്. കൈത്തറി രംഗം പുനരുദ്ധരിക്കുന്നതിന്‌ സമഗ്ര പഠനം ആവശ്യമാണ്. മറ്റ്‌ പരമ്പരാഗത വ്യവസായമേഖലകളെ കുറിച്ചും പഠിച്ച് നടപടി സ്വീകരിക്കേണ്ടതാണ്. ശാസ്ത്ര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പുതിയ യന്ത്രസാമഗ്രികൾ രൂപപ്പെടുത്തണം.  തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികളുടെ പുനരധിവാസം സവിശേഷ പ്രാധാന്യത്തോടെ പരിഗണിക്കണം. പ്രാദേശിക വ്യവസായ ക്ലസ്റ്ററുകൾ രൂപീകരിക്കാൻ കഴിയണം. വ്യവസായ ഉപകരണങ്ങളുടെ നിർമാണം ശക്തിപ്പെടുത്തണം. നിർമാണ മേഖലയിലെ സ്തംഭനം പരിഹരിക്കണം. സൗരോർജത്തിന്റെ സാധ്യതകളെ  പ്രോത്സാഹിപ്പിക്കണം.

മത്സ്യോൽപ്പാദനം


മത്സ്യോൽപ്പാദനത്തിൽ വൻ വർധന തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ലക്ഷ്യമിട്ടെങ്കിലും മത്സ്യക്കുഞ്ഞുങ്ങളെ വിപുലമായ തോതിൽ നിക്ഷേപിക്കാൻ കഴിയുന്നില്ല. കുളങ്ങളിൽ മത്സ്യക്കൃഷി വികസിപ്പിക്കേണ്ടതാണ്. ഹാച്ചറികൾ, ഫാമുകൾ എന്നിവ കൂടുതൽ മെച്ചപ്പെടുത്തണം. പ്രത്യേക കർമപരിപാടി മത്സ്യവകുപ്പ് ആവിഷ്‌കരിക്കണം. മൂല്യവർധന, സംസ്കരണം, വിപണി സംവിധാനം എന്നിവ പ്രയോജനപ്പെടുത്തി മുന്നോട്ട് പോകണം. മത്സ്യബന്ധനം, സംസ്കരണം എന്നിവയിൽ ശാസ്ത്ര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണം. പുതിയ തൊഴിൽസാധ്യതകൾ തുറക്കക്കണം. എല്ലാ ജില്ലയിലും മത്സ്യ-കർഷക സംഘങ്ങൾ രൂപീകരിക്കണം. വിപണനവും മറ്റും പ്രോത്സാഹിപ്പിക്കുന്നതിൽ ഇവർക്ക് പ്രത്യേക ശ്രദ്ധയുണ്ടാകണം.  മണ്ണെണ്ണയിൽനിന്ന് എൽപിജിയിലേക്കും ഗ്യാസിലേക്കും മാറുന്ന കാര്യം ആലോചിക്കണം.


പുത്തൻ വികസനമേഖലകൾ


ജനസാന്ദ്രത കൂടുകയും അഭ്യസ്തവിദ്യർ ഏറെയുള്ളതുമായ സംസ്ഥാനത്ത്‌ പുത്തൻ വ്യവസായ മേഖലകളിൽ സാധ്യതകൾ ഏറെയാണ്. ഐടി പാർക്കുകളുടെ വികസനത്തിന് സവിശേഷ ശ്രദ്ധ പതിപ്പിക്കണം. ബയോടെക്നോളജി, നാനോ ടെക്നോളജി, മരുന്ന് നിർമാണം എന്നീ രംഗത്ത്‌ സാധ്യതകളെ  ഉപയോഗപ്പെടുത്താനാകണം. 

ടൂറിസം


കേരളത്തിന്റെ സവിശേഷമായ പ്രകൃതി ടൂറിസം വികസനത്തിന് ഏറെ സഹായകരമാണ്. ആഗോളതലത്തിൽ തന്നെ  കേരളത്തിന്റെ ടൂറിസം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്‌. ഈ രംഗത്ത് അടിസ്ഥാന സൗകര്യ വികസനം പ്രധാനമാണ്. കാഴ്ചകൾക്കു പുറമെ അറിവ് പ്രദാനം ചെയ്യുന്ന തരത്തിൽ പഠന ടൂറിസം വികസിപ്പിക്കാൻ കഴിയും. പ്രാദേശികമായി ഉപയോഗപ്പെടുത്താൻ പറ്റുന്ന നിരവധി ടൂറിസം കേന്ദ്രങ്ങൾ കേരളത്തിലുണ്ട്. അവ കണ്ടെത്തി വികസിപ്പിക്കുന്നതിന് പ്രത്യേകമായ ഇടപെടൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ടൂറിസം വകുപ്പിന്റെയും സംയുക്ത പരിശ്രമത്തിന്റെ ഫലമായി കഴിയണം. സാംസ്കാരിക ടൂറിസം, ടൂറിസം കാരവാൻ പദ്ധതി, ഇക്കോ ടൂറിസം, ആയുർവേദ സുഖ ചികിത്സ തുടങ്ങിയവയിൽ സവിശേഷ ശ്രദ്ധ നൽകണം. ജീവിതോപാധിയായി ടൂറിസത്തെ വികസിപ്പിക്കാനാകും. സഹകരണ മേഖലയെ ഈ രംഗത്ത് സജീവമായി കൊണ്ടു വരുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കണം.

വിജ്ഞാന സമൂഹ നിർമിതി -


പരമ്പരാഗത സമ്പദ്ഘടനയിൽ ശാസ്ത്ര സാങ്കേതിക വിദ്യകൾ സന്നിവേശിപ്പിച്ച് അവയെ വിജ്ഞാന സാന്ദ്രമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. അതു വഴി അവിടങ്ങളിൽ മൂല്യവർധന ഉണ്ടാക്കാനും ജനങ്ങളുടെ വരുമാനം ഉയർത്താനും കഴിയണം. പുതുതലമുറ സംരംഭകരെ സൃഷ്ടിക്കണം. ഇതിന്റെ സാമൂഹ്യ അടിത്തറ കേരളത്തിലെ അഭ്യസ്തവിദ്യരായ അതിമിടുക്കരായ യുവതീ -യുവാക്കളായിരിക്കും. ഇവരുടെ മുൻകൈയിൽ നൂതന വിദ്യകളെ അടിസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പുകൾ രൂപീകരിക്കാനാകണം. സ്റ്റാർട്ടപ്പുകളെ  പ്രോത്സാഹിപ്പിക്കണം. പുറം ജോലികൾ ചെയ്യുന്നതിന് അഭ്യസ്തവിദ്യരായ യുവജനങ്ങളെ സന്നദ്ധരാക്കണം. കമ്പനികൾക്ക് ജോലിക്കാരെ ലഭ്യമാക്കുന്നതിന് പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരം ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കണം.  -അഭ്യസ്തവിദ്യരായ എല്ലാവർക്കും കംപ്യൂട്ടർ പരിശീലനം നൽകുക, ഉന്നത നൈപുണി പ്രദാനം ചെയ്യുക തുടങ്ങിയവ ജനകീയ പ്രസ്ഥാനമായി മാറ്റണം.


പൊതുവിദ്യാഭ്യാസം


വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണത്തിന് ബദലായി ജനപങ്കാളിത്തത്തോടെ പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കുന്ന നയം  ശക്തമാക്കണം. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിലൂടെ പൊതു വിദ്യാഭ്യാസം വൻതോതിൽ മെച്ചപ്പെടുത്താനായി. നിലവാരം ഉയർന്നിട്ടുണ്ടോയെന്നത് ഗൗരവമായി വിശകലനം ചെയ്യണം. അടിസ്ഥാന സൗകര്യ രംഗത്ത് വലിയ മാറ്റം ഉണ്ടായി എങ്കിലും വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിൽ ആ നേട്ടങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് കഴിഞ്ഞിട്ടില്ലെന്ന പ്രശ്നം നിലനിൽക്കുന്നു. പുതിയ കാലത്തിന്റെ സാധ്യതകളെ കൂടി  മനസ്സിലാക്കി സിലബസ്‌ നവീകരിക്കണം. പാഠ്യ, പാഠ്യാനുബന്ധ–- ഇതര  പ്രവർത്തനങ്ങൾക്ക് അക്കാദമിക് മാസ്റ്റർപ്ലാൻ ഉണ്ടാക്കണം. 

ഭിന്നശേഷിയുള്ളവർ ഉൾപ്പെടെ എല്ലാവർക്കും സ്കൂൾ അന്തരീക്ഷം, കെട്ടിടങ്ങൾ, പഠനോപകരണങ്ങൾ, പഠനരീതി എന്നിവ ഉറപ്പാക്കണം. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഉതകുന്ന സംവിധാനങ്ങൾ രൂപപ്പെടുത്തണം.
ശിശുസംരക്ഷണം പ്രധാനമായി കണ്ട്‌ ഇടപെടൽ നടത്തേണ്ടതാണ്. അങ്കണവാടികളെ ആ തരത്തിലേക്ക് വികസിപ്പിക്കാനാകണം. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസം എന്നതാകണം അതിന്റെ ലക്ഷ്യം.  ശാസ്ത്ര- സാങ്കേതിക വിദ്യകളുടെ നേട്ടങ്ങളെ ഉപയോഗപ്പെടുത്തണം. പ്രീ-– -പ്രൈമറിരംഗത്ത്  പരിശീലനവും പശ്ചാത്തല സൗകര്യവും  ഉറപ്പു വരുത്തണം. ബഡ്സ് സ്കൂളുകളുടെ കാര്യത്തിൽ സവിശേഷ ശ്രദ്ധ വേണം.

നവ കേരളത്തിനുള്ള പാർടി കാഴ്‌ചപ്പാട്‌ ഭാഗം 3

കേരളത്തിലെ സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഭാവി വികസന പദ്ധതികളും സാമ്പത്തിക സഹായ–- കർമ പദ്ധതികളും തയ്യാറാക്കണം. കേരളം ഉന്നത വിദ്യാഭ്യാസത്തിന്റെ ധിഷണാ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണം, ബോധന പഠന നിലവാരത്തിന്റെ ഗുണ മേന്മയിൽ കുതിച്ചുചാട്ടം ഉറപ്പു വരുത്തി ലോക നിലവാരത്തിൽ എത്തിക്കണം, ആഗോളതലത്തിൽ മുന്നിൽ നിൽക്കുന്ന -ഉന്നത കലാലയങ്ങൾ വളർത്തിക്കൊണ്ടു വരണം, സർക്കാർ മേഖലയിലും സഹകരണ മേഖലയിലും പിപിപി മോഡലിലും സ്വകാര്യ മേഖലയിലും ഈ രീതിയിൽ ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ ഉണ്ടാകണം, സാമൂഹ്യ നിയന്ത്രണത്തോടെ മാത്രം ഇവയെല്ലാം പ്രവർത്തിക്കുന്നെന്ന് ഉറപ്പു വരുത്തണം. സാമൂഹ്യനീതി ഉറപ്പാക്കിയും നിർദിഷ്ട നിലവാര മാനദണ്ഡങ്ങൾ പാലിച്ചുമാണ് സ്വകാര്യമേഖലയിൽ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നും ഉറപ്പ് വരുത്തണം. സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പ്രതിഭാശാലികൾക്ക് പ്രത്യേക സ്കോളർഷിപ്പുകൾ, ധനസഹായം, വായ്പകൾ എന്നിവ വർധിപ്പിക്കണം. ഉന്നത വിദ്യാഭ്യാസമേഖല ഉൽപ്പാദന മേഖലയുമായി കണ്ണി ചേരണം. വിവിധ സർവകലാശാലകളിലെ ഗവേഷണ സ്ഥാപനങ്ങളെ ഇത്തരത്തിൽ യോജിപ്പിക്കണം. സാങ്കേതിക വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനും സവിശേഷ ശ്രദ്ധയുണ്ടാകണം.

ആരോഗ്യരംഗം


പൊതു ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയാണ് നമ്മുടെ നയം. ഈ രംഗത്ത് തുടക്കം കുറിച്ചിട്ടുള്ള നവീകരണം  മുന്നോട്ടു പോകണം. ജനപങ്കാളിത്തത്തോടെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. രോഗാതുരത കുറച്ചു കൊണ്ടു മാത്രമേ സൗജന്യ പൊതു ആരോഗ്യ സംവിധാനത്തെ സ്ഥായിയാക്കാനാകൂ. പാലിയേറ്റീവ് മേഖലയിൽ പാർടി ഇപ്പോൾ തന്നെ  സജീവമായി ഇടപെടുന്നുണ്ട്. ഭിന്ന ശേഷിക്കാരായ എല്ലാവർക്കും ആരോഗ്യ സുരക്ഷയും കരുതലും ഒരുക്കേണ്ടതാണ്. പോഷകാഹാര കുറവ്  പരിഹരിക്കണം. നിശ്ചിത പ്രായം കഴിഞ്ഞവരുടെ ചികിത്സയ്ക്ക് സൗകര്യമുണ്ടാക്കണം. സർക്കാർ പ്രഖ്യാപിച്ച ആരോഗ്യ നയം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.


പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വലിയ പുരോഗതി നമുക്ക് നേടാനായി. താലൂക്ക്, ജില്ലാ ആശുപത്രികളിലും പുരോഗതി ദൃശ്യമാണ്. എന്നാൽ, ആധുനികമായ എല്ലാ ചികിത്സാ സംവിധാനങ്ങളും ഉറപ്പുവരുത്തുന്ന വിധം നമ്മുടെ പൊതു ആരോഗ്യമേഖല വികസിച്ചിട്ടില്ല. ഇത് പരിഹരിച്ച് എല്ലാവിധ ചികിത്സയും സർക്കാർ സ്ഥാപനങ്ങളിൽ ലഭിക്കുന്ന സംവിധാനം ഉറപ്പു വരുത്തണം.
മറ്റു സംസ്ഥാനങ്ങളിൽനിന്നും രാജ്യത്തിനു പുറത്തുനിന്നും ചികിത്സയ്ക്കായി രോഗികൾ കേരളത്തിൽ വരാൻ ഇടയാക്കുംവിധം ചികിത്സാസൗകര്യം മെച്ചപ്പെടണം. സ്വകാര്യ മേഖലയിലും പൊതുമേഖലയിലും വൻകിട ആശുപത്രികൾ വരുന്നതിന് സഹായകരമായ പദ്ധതിക്ക് രൂപം നൽകണം. ആയുർവേദ ചികിത്സയ്ക്കും പഞ്ചകർമ ചികിത്സയ്ക്കും രാജ്യത്തിന് പുറത്തു നിന്നും ആളുകൾ കേരളത്തിലെത്തുന്നു.  പ്രകൃതിചികിത്സാ കേന്ദ്രങ്ങളും യോഗാകേന്ദ്രങ്ങളും വേണം. അതോടൊപ്പം ഈ രംഗത്ത് ആവശ്യമായ പ്രൊഫഷണലുകൾ വേണം.  അലോപ്പതി, ആയുർവേദ രംഗങ്ങളിൽ ഒട്ടേറെ പ്രശസ്തരും മെച്ചപ്പെട്ട സംവിധാനങ്ങളുമുള്ള കേരളത്തിൽ ആരോഗ്യ ഗവേഷണങ്ങൾക്ക് മുൻഗണന നൽകേണ്ടതാണ്. ഇ-–- ഹെൽത്ത് പദ്ധതി കാര്യക്ഷമമായി നടപ്പാക്കണം. ജീവിതശൈലി രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇതു സംബന്ധിച്ച് ആവിഷ്കരിച്ച വിവരശേഖരണ പദ്ധതി ശരിയായ നിലയിൽ മുന്നോട്ട് കൊണ്ടു പോകാൻ ശ്രദ്ധിക്കണം. ഭക്ഷ്യ വസ്തുക്കളിൽ മായം ചേർക്കുന്നത് തടയുന്നതിന് കർശനമായി ഇടപെടണം.


പാർപ്പിടം -


സ്വന്തമായി വീട് നിർമിക്കാൻ സാമ്പത്തിക ശേഷിയില്ലാത്ത കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകുന്ന ലൈഫ് പദ്ധതിയിൽ 2,77,045 വീടാണ് പൂർത്തിയായത്. ബാക്കി വീടുകളിൽ ഭവനസമുച്ചയ രീതിയിൽ പണിതീർന്നത് 362 വീടാണ്. ഭവനസമുച്ചയം നിർമിക്കൽ വൻ സാമ്പത്തിക ബാധ്യതയായി മാറുന്നു. ആ സാഹചര്യത്തിൽ ഭൂമി കണ്ടെത്തി വീട് നിർമിക്കലാണ് പ്രായോഗികം. നേരത്തേ അനുവദിച്ച നാലു ലക്ഷം രൂപയ്ക്കു പകരം അഞ്ചു ലക്ഷം രൂപയാക്കാം. വ്യക്തികളുടെയും സംഘടനകളുടെയും സഹായത്തോടെ ഭൂമി കണ്ടെത്താനുള്ള പ്രവർത്തനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈ എടുക്കണം

ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് അതേ തദ്ദേശഭരണ സ്ഥാപന അതിർത്തിയിൽ തന്നെ വീട് വയ്ക്കുന്നതിന് സ്ഥലം കണ്ടെത്താൻ   ശ്രദ്ധിക്കണം. പട്ടിക വർഗത്തിൽപ്പെട്ട അർഹതപ്പെട്ടവർക്ക് വീട് നൽകാൻ സർക്കാർ സ്ഥലം കണ്ടെത്തണം. മത്സ്യത്തൊഴിലാളികൾക്ക് നടപ്പാക്കിയിട്ടുള്ള പുനർഗേഹം പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണം.


തദ്ദേശഭരണം

പ്രാദേശിക സർക്കാരുകൾ എന്ന നിലയ്ക്ക് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഒട്ടേറെ കാര്യം നിർവഹിക്കാനുണ്ട്. ഹരിത കേരള മിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി ഉറവിട മാലിന്യ സംസ്കാരണത്തിലൂടെ മാലിന്യ നിർമാർജനത്തിന് ഫലപ്രദമായ ഇടപെടലും നേതൃത്വവുമാണ്  ഉണ്ടായത്. എന്നാൽ, മാലിന്യ സംസ്കരണം ഇനിയും ജാഗ്രതയായി ഇടപെടേണ്ട മേഖലയാണ്. എല്ലാ പ്രദേശവും മാലിന്യ രഹിതമായിരിക്കുക എന്നത് തദ്ദേശ സ്ഥാപനത്തിന്റെ ചുമതലയായി കാണേണ്ടതുണ്ട്. ശുചീകരണം, പുഴ വൃത്തിയാക്കൽ, നീർത്തട പ്രവർത്തനങ്ങൾ, മരം നടൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ അതി വി-പുലമായ രീതിയിൽ സന്നദ്ധ അടിസ്ഥാനത്തിൽ ജനങ്ങളെ പങ്കാളികളാക്കണം. 

വൻ തോതിലുള്ള പണമാണ് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കുന്നത്. അത് ചെലവഴിക്കുന്നതിന് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത സ്വാതന്ത്ര്യം - കേരളത്തിലുണ്ട്. ഇത് അഴിമതി രഹിതമായി ഉപയോഗപ്പെടുത്തണം. തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്ര മാനദണ്ഡത്തിന്‌ അനുസരിച്ച് തയ്യാറാക്കി തൊഴിലാളികൾക്ക് കൂലിയും തൊഴിൽ ദിനങ്ങളും ഉറപ്പ് വരുത്തുന്നതിന് കഴിയണം


കേരളത്തിലെ സെപ്‌റ്റിക്‌ ടാങ്കുകൾ വൃത്തിയാക്കാൻ ഇപ്പോൾ നദികളിൽ ഒഴുക്കിക്കളയുന്നുണ്ട്‌. ഓരോ മണ്ഡലത്തിലും സ്വീവേജ് പ്ലാന്റ് വേണം. അതിന്‌ സ്ഥലം കാണണം. പ്രാദേശികമായി എതിർപ്പ് വളരുന്നുണ്ട്. പക്ഷേ, ഇതുണ്ടാക്കുന്ന പ്രശ്നം വളരെ വലുതാണ്. നാടിന്റെ പൊതു അഭിപ്രായം ഇക്കാര്യത്തിൽ ഉയരണം. സർവകക്ഷിയോഗം ചേർന്ന് പൊതുവായ അംഗീകാരം വാങ്ങണം. മെഡിക്കൽ വെയ്‌സ്റ്റ് സംസ്‌കരണ കേന്ദ്രം ഓരോ ജില്ലയിലും വേണം. മാലിന്യ നിർമാർജനത്തിന്‌ -ഇപ്പോൾ പ്രധാന പട്ടണങ്ങളിൽ വൻകിട മാലിന്യ സംസ്കരണ കേന്ദ്രം വരുന്നു. എല്ലാ നഗരസഭയിലും മാലിന്യ സംസ്‌കരണ കേന്ദ്രങ്ങൾ ബിഒടി അടിസ്ഥാനത്തിൽ ഉണ്ടാക്കണം. എല്ലാ നദികളും കായലുകളും അരുവികളും മാലിന്യ മുക്തമാക്കണം. നദി മാലിന്യ മുക്തമാക്കി നിലനിർത്താൻ ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ ജനകീയ സമിതികൾക്ക് രൂപംകൊടുക്കണം.

നദികൾ, കായലുകൾ, അണക്കെട്ടുകൾ എന്നിവയിലെ മണൽ നീക്കാൻ വർഷങ്ങളായി തീരുമാനിക്കുന്നു. നടക്കുന്നില്ല. ഇതിന് മാറ്റമുണ്ടാകണം. കുടിവെള്ളം ജനങ്ങളുടെ അവകാശമാണെന്ന കാഴ്ചപ്പാടോടെ ഈ രംഗത്ത് ഇടപെടാനാകണം .


പ്രധാന പദ്ധതികൾക്ക് പ്രത്യേക പരിഗണന


നവകേരള സൃഷ്ടിക്ക് പ്രധാനമായ ഒന്നാണ് പശ്ചാത്തല സൗകര്യ വികസനം. ഇക്കാര്യത്തിൽ സവിശേഷമായ ശ്രദ്ധയോടെ ഇടപെടേണ്ടതുണ്ട്. രാഷ്ട്രീയ താൽപ്പര്യത്തോടെ എതിർപ്പുകൾ ഉയർത്തുന്നതിനുള്ള ശ്രമത്തെ പ്രതിരോധിക്കുന്നതിനൊപ്പം അവ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണം.

കെ–-- ഫോൺ പദ്ധതി നമ്മുടെ ഇ–- -ഗവേണൻസ് പ്രായോഗികമാക്കുന്നതിന്‌ പ്രധാനമാണ്. സവിശേഷ പരിഗണനയോടെ അതിനെ കാണണം. സിൽവർ ലൈൻ പദ്ധതി കേരളത്തിന്റെ വികസനത്തിന് പ്രധാനമാണെന്നു കണ്ട് നടപ്പാക്കാൻ കഴിയണം. ഇക്കാര്യത്തിൽ ജനങ്ങളുടെ തെറ്റിദ്ധാരണ ദൂരീകരിക്കുന്നതിനും ജനങ്ങൾക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനുമുള്ള നടപടി സ്വീകരിക്കണം. റോഡ് വികസന പദ്ധതികളും ശബരിമല എയർപോർട്ടു പോലുള്ളവയും  സമയബന്ധിതമായി പൂർത്തീകരിക്കാനാകണം. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി റോഡ് നിർമാണ പദ്ധതികൾ നടപ്പാക്കണം. നിർമാണ സാമഗ്രികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകണം.
ഇരുപത് ലക്ഷം പേർക്ക് പുതുതായി തൊഴിൽ നൽകുമെന്ന വാഗ്ദാനം നടപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധയുണ്ടാകണം. നൂറുദിന പരിപാടിയുടെ ഭാഗമായി പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനാകണം. സ്മാർട്ട് കിച്ചൺ, വീട്ടമ്മമാർക്കുള്ള പെൻഷൻ പദ്ധതി എന്നിവ സമയബന്ധിതമായി പൂർത്തീകരിക്കണം. 

സഹകരണ പ്രസ്ഥാനം
വികസനത്തിന് ഏറെ സഹായകമായ സംവിധാനമാണ് സഹകരണ പ്രസ്ഥാനം.  സാധ്യതകളും സവിശേഷതകളും മനസ്സിലാക്കി അവിടത്തെ വികസന കാര്യങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്നതിന് ഇത്തരം സ്ഥാപനങ്ങൾക്ക് കഴിയണം. ഈ രംഗത്തുണ്ടായിട്ടുള്ള പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിച്ച് ജനങ്ങളുടെ വിശ്വാസ്യത നേടുക എന്നത് പ്രധാനമാണ്. സഹകരണ മേഖലയിൽ വരുന്ന നിക്ഷേപങ്ങൾ നമ്മുടെ നാടിന്റെ തന്നെ വികസനത്തിന് ഉപയോഗപ്പെടുത്താൻ പറ്റുന്നതാണ്. സഹകരണ പ്രസ്ഥാനവും തദ്ദേശഭരണ സ്ഥാപനങ്ങളും യോജിച്ച് പ്രവർത്തിച്ചാൽ പ്രാദേശിക വികസനത്തിന് വലിയ മുതൽക്കൂട്ടായി മാറും. പ്രോജക്ട് അടിസ്ഥാനത്തിൽ വായ്പകൾ നൽകുന്നതിന് ബാങ്കുകൾ ശ്രദ്ധിക്കണം. കോർബാങ്കിങ്‌ സംവിധാനം സമയ ബന്ധിതമായി പൂർത്തീകരിക്കണം. 

പൊതു ഇടങ്ങളുടെ സംരക്ഷണം
പ്രധാന കേന്ദ്രത്തിൽ ഒരു പൊതു ഇടം തദ്ദേശ ഭരണസ്ഥാപനം മുൻകൈ എടുത്ത് തയ്യാറാക്കേണ്ടതാണ്.  കുട്ടികൾക്കും യുവാക്കൾക്കും വിവിധ കളികൾക്കായി ഓരോ വില്ലേജിലും പ്രധാന കേന്ദ്രത്തിൽ ഗ്രൗണ്ട് തയ്യാറാക്കണം. വഴിയോര വിശ്രമ കേന്ദ്രങ്ങൾ പ്രാഥമികമായ ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിൽ നിർമിക്കാനാകണം.

പരിസ്ഥിതി സംരക്ഷണം
പ്രകൃതി സംരക്ഷണ പ്രവർത്തനത്തിനും പ്രത്യേകം ശ്രദ്ധയുണ്ടാകണം. പ്രളയത്തിന്റെ അനുഭവംകൂടി കണക്കിലെടുത്ത്‌ നാടിനു ചേർന്ന നിർമ്മാണ പ്രവർത്തനങ്ങൾ  നടപ്പാക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കണം. വന പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട് മുന്നോട്ടുവച്ച നയം നടപ്പാക്കുന്നതിന് ശ്രദ്ധിക്കണം. നദികളെയും പുഴകളെയും തണ്ണീർത്തടങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള ഇടപെടലിന്റെ ഭാഗമായി ഇ-–-വാഹന നയം ശക്തമായി നടപ്പാക്കണം. ഉപയോഗിച്ച വസ്തുക്കൾ സംസ്കരിച്ച് പുനർവസ്തുക്കൾ ഉണ്ടാക്കുന്ന സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കണം. മലയോരങ്ങളിലെ മണ്ണിടിച്ചിൽ ഒരു പ്രധാന പ്രശ്നമായി നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനുള്ള ജാഗ്രത ഉണ്ടാകണം. തീരദേശ ശോഷണ പ്രശ്നം സവിശേഷമായി കണ്ടു കൊണ്ട് ഇടപെടണം. ആഗോള താപനത്തിന്റെ പ്രശ്നങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിലേക്ക് നയിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തണം.

വനിതാക്ഷേമം
സ്ത്രീകളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള വിവിധ പദ്ധതികൾക്ക് കൂടുതൽ പ്രാധാന്യം നൽകണം. അഭ്യസ്തവിദ്യരായിട്ടുള്ള സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാനും നൈപുണ്യ വികസനത്തിന്‌ തൊഴിൽ ശേഷിയും സന്നദ്ധതയും വർധിപ്പിക്കാനുമുള്ള പദ്ധതികൾ ആവിഷ്‌കരിക്കാനാകണം. സ്ത്രീ സുരക്ഷാ നിയമങ്ങളെ സംബന്ധിച്ചുള്ള അവബോധം ജനങ്ങളിലാകമാനം എത്തിക്കുന്നതിന് വാർഡ്തലങ്ങളിൽ തന്നെ ആവശ്യമായ ക്രമീകരണം നടത്തണം, സമൂഹ അടുക്കള പോലുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണം. സ്ത്രീ സുരക്ഷാ പദ്ധതികൾക്കും സ്ത്രീകൾക്കു വേണ്ടിയുള്ള വിവിധ പദ്ധതികൾക്കും പൊതുവായ സമീപനവും കാഴ്ചപ്പാടും നയവും ഓരോ മേഖലയിലും ഉണ്ടാകണം, ജെൻഡർപാർക്ക് സ്ത്രീകളുടെ ശാക്തീകരണത്തിനുതകുന്ന സ്ഥാപനമാക്കി മാറ്റിയെടുക്കണം. സ്ത്രീസൗഹൃദ കാഴ്‌ചപ്പാട് സമൂഹത്തിലാകമാനം വികസിപ്പിക്കുന്നതിനുള്ള വമ്പിച്ച ക്യാമ്പയിനുകൾ  സംഘടിപ്പിക്കണം.

ദുർബല ജനവിഭാഗങ്ങളുടെ 
സംരക്ഷണം
പട്ടികജാതി–- വർഗ വികസന ഫണ്ടുകൾ ഫലപ്രദമായി വിനിയോഗിക്കണം. ഇക്കാര്യത്തിൽ മോണിറ്ററിങ്‌ സംവിധാനം ശക്തിപ്പെടുത്തണം. ഒപ്പം തദ്ദേശഭരണ പദ്ധതികളിൽ ഈ വിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തണം. ആദിവാസിമേഖലകളിൽ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്താനാകണം, മത്സ്യത്തൊഴിലാളികൾ, മൺപാത്ര നിർമാതാക്കൾ, ഈറ്റ തൊഴിലാളികൾ, ഗ്രാമീണ കൈത്തൊഴിലുകാർ തുടങ്ങിയവർക്ക് പദ്ധതിയിൽ പരിഗണന വർധിപ്പിക്കണം.

വയോജന സംരക്ഷണം
എല്ലാ വില്ലേജിലും വയോജന കേന്ദ്രം വേണം, പകൽവീടുപോലുള്ളവ ശക്തിപ്പെടുത്തണം. വയോജനങ്ങൾക്ക് പകൽ വിശ്രമിക്കാനും ഒത്തുകൂടാനും മറ്റുമുള്ള സൗകര്യം ഒരുക്കണം.

പ്രവാസി സംരക്ഷണം
പ്രവാസികളുടെ നിക്ഷേപം കൊണ്ടുവരുന്നതിനോടൊപ്പം അവരുടെ സംരക്ഷണവും പ്രധാനമാണ്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ സഹായങ്ങൾ നേടിയെടുക്കുന്നതിന് സവിശേഷമായ ഇടപെടൽ നടത്തണം.

സർക്കാർ സേവനങ്ങൾ
എല്ലാ സർക്കാർ സേവനങ്ങളും പൗരന്മാർക്ക് ഓൺലൈനായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇ-–- ഗവേൺസ് നടപ്പാക്കാനാകണം. സർക്കാരിന്റെ ഭരണനിർവഹണവും ഫയലുകളും ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇത്തരം സങ്കേതങ്ങൾ ജനങ്ങൾക്ക് പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കെ-–- ഫോൺ പദ്ധതി അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണം. സേവനങ്ങൾ തേടി ഒരാളും സർക്കാർ ഓഫീസുകൾ കയറി ഇറങ്ങേണ്ട അവസ്ഥ ഉണ്ടാകുന്നില്ലെന്ന ലക്ഷ്യത്തോടെ നടപടി ക്രമങ്ങൾ പരമാവധി ലഘൂകരിക്കണം.

മാതൃഭാഷ, സംസ്കാരം, മാധ്യമം
മാതൃഭാഷാ സംരക്ഷണ പരിപാടി നടപ്പാക്കണം. കലകളെയും സംസ്കാരത്തെയും സംരക്ഷിക്കുക എന്നതും പ്രധാനമായി കണ്ടുകൊണ്ടുള്ള പദ്ധതികളായിരിക്കും ആവിഷ്‌കരിക്കുക. നാടൻ കലകളെ പ്രോത്സാഹിപ്പിക്കുന്നതിന് കഴിയണം, വായന ശാലകളെയും കലാ സമിതികളെയും ശക്തിപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാകണം. മാധ്യമങ്ങൾക്ക് ജനാധിപത്യപരമായ രീതിയിൽ പ്രവർത്തിക്കുന്നതിനുള്ള സാഹചര്യം ഒരുക്കണം. ജനാധിപത്യ, മതനിരപേക്ഷ, സാംസ്കാരിക മൂല്യങ്ങൾ ആഴത്തിൽ വേരോട്ടമുള്ള  സമൂഹമായി കേരളത്തെ ശാക്തീകരിക്കാൻ ബഹുമുഖമായ ഇടപെടലുകൾ ഏറ്റെടുക്കും. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം തടയുന്ന വിധത്തിലുള്ള ശക്തമായ ബോധവൽക്കരണ പദ്ധതികൾ ആവിഷ്‌കരിക്കാനാകണം.

കായികരംഗം
ജനങ്ങളുടെ കായികശേഷി വർധിപ്പിക്കുന്നതിനുള്ള പ്രവർത്തന പദ്ധതികൾ ആവിഷ്‌കരിക്കണം. ഗ്രാമീണ മേഖലയിൽ കളിസ്ഥലങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കണം. കായിക സംസ്കാരത്തിന് മൂന്നു തലം ഉണ്ടാകണം.ഒന്ന് ജനങ്ങളുടെ പൊതുവായ ആരോഗ്യ സംരക്ഷണത്തിനുള്ള പരിപാടി. രണ്ടാമതായി പൊതുവായ വിനോദങ്ങളുടെ പ്രോത്സാഹനം. മൂന്നാമതായി പ്രത്യേക കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അക്കാദമികൾ ആരംഭിക്കുന്നതിനുള്ള ഇടപെടൽ. ഇതിന്റെ അടിസ്ഥാനത്തിലുള്ള ഒരു  നയം ആവിഷ്‌കരിക്കാൻ കഴിയണം.

Read more: https://www.deshabhimani.com/articles/navakeralam-ldf-kerala/1009751

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൂരോപ്പള്ളില്‍ ചാക്കോച്ചന്‍ വാഴൂരിന്‍റെ ചരിത്ര പുരുഷന്‍.!

Mixed Economic System: Characteristics, Examples, Pros & Cons

Ghee Vs Butter: Which Is Healthier