തീവ്ര ഹിന്ദുത്വത്തിന് ബദൽ മൃദു ഹിന്ദുത്വമല്ല; സീതാറാം യെച്ചൂരി സംസാരിക്കുന്നു
ബിജെപിയുടെ വർഗീയ –- വിഭജന നയം എത്രത്തോളം അപകടകരമാണ്?
ഭരണസംവിധാനമാകെ ആർഎസ്‌എസിന്റെ ഫാസിസ്‌റ്റ് അജൻഡയ്‌ക്കായി ഉപയോഗിക്കുകയാണ് ബിജെപി. ഇന്ത്യൻ റിപ്പബ്ലിക്കിനുമുകളിൽ ഹിന്ദുത്വരാഷ്‌ട്ര ആശയമാണ് അവർ പ്രതിഷ്ഠിക്കുന്നത്. അതൊരു വിപുലമായ ഫാസിസ്റ്റ് പദ്ധതിയാണ്. സ്വതന്ത്രവും നീതിയുക്തവുമായി പ്രവർത്തിക്കേണ്ട ഭരണഘടനാസ്ഥാപനങ്ങളെയെല്ലാം നിർവീര്യമാക്കുകയും ദുർബലമാക്കുകയും ചെയ്യുന്നു. അതിനാൽ മതനിരപേക്ഷ ജനാധിപത്യ ഇന്ത്യൻ റിപ്പബ്ലിക്കിനെ സംരക്ഷിക്കാൻ ബിജെപിയെ പരാജയപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടത് പരമപ്രധാനമാണ്.
ഈ ഒറ്റപ്പെടുത്തൽ തെരഞ്ഞെടുപ്പിലൂടെമാത്രം സാധ്യമാകുന്നതല്ല. അത് നിരന്തരമായ സാംസ്‌കാരികവും പ്രത്യയശാസ്‌ത്രപരവും സംഘടനാപരവുമായ ആശയപ്രചാരണത്തിലൂടെ രൂപപ്പെടണം. അതിനാണ് സിപിഐ എമ്മിനെ ശക്തമാക്കേണ്ടത്. ഈ ലക്ഷ്യമാണ് കരട് രാഷ്‌ട്രീയപ്രമേയം പ്രഥമമായി നിർദേശിക്കുന്നത്. രണ്ടാമത്, ഇടത് ഐക്യം ശക്തമാക്കുകയാണ്. വർഗ, ജനകീയ സമരങ്ങളിലൂടെയാകണം ഈ ബദലും ഉയർന്നുവരേണ്ടത്. ഈ അടിത്തറയിലാകണം മതനിരപേക്ഷശക്തികളുടെ വിശാലമായ ഐക്യനിര ഉയരേണ്ടത്. ഹിന്ദുത്വത്തെ നേരിടേണ്ടത് മതനിരപേക്ഷതയിലൂന്നിയാകണം. കോൺഗ്രസ് ചെയ്യുന്നതുപോലെ മൃദുഹിന്ദുത്വത്തിൽ ഊന്നിയാകരുത്. വർഗീയതയെ അതേ അജൻഡയാൽ പ്രതിരോധിക്കാനാകില്ല. ഭൂരിപക്ഷവർഗീയതയെ ന്യൂനപക്ഷ മതമൗലികവാദംകൊണ്ട് നേരിടുന്നത് ശരിയായ വഴിയല്ല.
യുപിയിൽ മുഴുവൻ സീറ്റിലും കോൺഗ്രസ് മത്സരിക്കുന്നതിനെ എങ്ങനെ കാണുന്നു?
സാഹചര്യങ്ങളെ രാഷ്‌ട്രീയപക്വതയോടെയും യാഥാർഥ്യബോധത്തോടെയും കൈകാര്യം ചെയ്യുക പ്രധാനമാണ്. കോൺഗ്രസ് ദേശീയതലത്തിൽ ബിജെപിക്ക് ബദലെന്ന് സ്വയം ഉയർത്തിക്കാണിക്കുന്നുണ്ട്. എന്നാൽ, ദിവസവും മുതിർന്ന നേതാക്കളടക്കം ബിജെപിയിലേക്ക് ചേക്കേറുകയല്ലേ? അതൊരു ആശയപ്രതിബദ്ധതയുടെ പ്രശ്‌നമാണ്.
നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിൽ ഫെഡറൽഫ്രണ്ട് രൂപീകരിക്കുന്നു എന്നു കേൾക്കുന്നുണ്ടല്ലോ?
എല്ലാ പൊതുതെരഞ്ഞെടുപ്പുഘട്ടത്തിലും ഇത്തരം ചർച്ച ഉയരാറുണ്ട്. എന്നാൽ, ഇന്ത്യൻ യാഥാർഥ്യം മറ്റൊന്നാണ്. അടിയന്തരാവസ്ഥയിൽ ഇന്ദിരാഗാന്ധി പരാജയപ്പെട്ടുകഴിഞ്ഞാണ് ജനതാ പാർടി ഉണ്ടാക്കിയതും ഭരണത്തിലെത്തിയതും. വി പി സിങ് പ്രധാനമന്ത്രിയായ ദേശീയമുന്നണി–-ഇടത് സഖ്യം, ദേവഗൗഡയുടെ ഐക്യമുന്നണി, വാജ്‌പേയിയെ അധികാരത്തിൽ എത്തിച്ച എൻഡിഎ, മൻമോഹൻസിങ്ങിനെ പ്രധാനമന്ത്രിയാക്കിയ യുപിഎ ഒക്കെ വന്നത് തെരഞ്ഞെടുപ്പിനുശേഷമാണ്. അതാണ് ഇന്ത്യൻ രാഷ്‌ട്രീയത്തിന്റെ സ്വഭാവം.
ബംഗാളിൽ പാർടി തിരിച്ചുവരവിലാണോ?
തീർച്ചയായും. ഇടതുപക്ഷത്തിന്റെ സ്വാധീനത്തെ അതിന്റെ തെരഞ്ഞെടുപ്പുപ്രകടനങ്ങളുടെ അടിസ്ഥാനത്തിൽമാത്രമല്ല അളക്കേണ്ടത്. പാർലമെന്ററി ഇതര പ്രവർത്തനങ്ങൾകൂടി പരിഗണിക്കണം. പ്രതിഷേധങ്ങളും ജനകീയപ്രക്ഷോഭങ്ങളും സംഘടിപ്പിക്കാനുള്ള അതിന്റെ കരുത്തിനെയും ശേഷിയെയുംകൂടി വിലയിരുത്തണം. ബംഗാളിൽ പാർടിക്ക് അത് നഷ്ടമായിട്ടില്ല. ശക്തമായ ബഹുജനപ്രക്ഷോഭം പാർടി തുടരുന്നുണ്ട്. യുവനേതാവ് അനീസ് ഖാന്റെ അരുംകൊലയ്‌ക്കെതിരെ ബംഗാളിൽ ഇടതുപക്ഷം ശക്തമായി പ്രതിഷേധിക്കുകയാണ്. സ്വതന്ത്രവും നിഷ്‌പക്ഷവുമായ തെരഞ്ഞെടുപ്പുപ്രക്രിയ ഉറപ്പാക്കാൻ തൃണമൂൽ സർക്കാരിനാകുന്നില്ല. തൃണമൂൽ ഭീകരതയിൽ ജനാധിപത്യം അപകടത്തിലാണവിടെ. കഴിഞ്ഞ 10 വർഷമായി വലിയ അടിച്ചമർത്തലാണ് സിപിഐ എം നേരിടുന്നത്. മുന്നൂറിലധികം പ്രവർത്തകർ കൊല്ലപ്പെട്ടു. ലക്ഷങ്ങൾ നാടുവിട്ടു. എന്നാൽ, 1970ലെ അർധ ഫാസിസ്‌റ്റ് വാഴ്ചയെ അതിജീവിച്ച ചരിത്രം പാർടിക്കുണ്ട്. നിശ്‌ചയമായും പാർടി തിരിച്ചുവരും. എത്ര വേഗത്തിലെന്ന് പറയുന്നില്ല. ഉറപ്പായും അതുണ്ടാകും.
വികസന നയരേഖ മുന്നോട്ടുവയ്‌ക്കുന്ന കാഴ്‌ചപ്പാട് എന്താണ്?
കേരളത്തിന്റെ ഭാവിവികസനത്തെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നയരേഖ മുന്നോട്ടുവയ്‌ക്കുന്ന കാഴ്‌ചപ്പാടുകൾ മികച്ചവയും കാലോചിതവുമാണ്. പ്രതിനിധികൾ ചർച്ചയിലൂടെ അതിനെ സമ്പുഷ്ടമാക്കും. ഉദാരവൽക്കരണനയം പിന്തുടർന്ന് സംസ്ഥാനങ്ങളെ ഞെരുക്കുന്ന ബിജെപി സർക്കാർ അധികാരത്തിലിരിക്കുമ്പോൾ ഒരു ബദൽനയം രാജ്യത്തിന് ആവശ്യമുണ്ട്. അത് സംസ്ഥാനങ്ങളുടെ വികസനത്തിനുമാത്രമല്ല, ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും പരമപ്രധാനമാണ്. ഇതേസാഹചര്യം നേരിടുന്ന ഇതരസംസ്ഥാന ഗവൺമെന്റുകൾക്കും കേരള ബദൽ മാതൃക മികച്ച സൂചകമാണ്. കേന്ദ്ര–സംസ്ഥാന ബന്ധങ്ങളുടെ അടിസ്ഥാനതത്വങ്ങളെ നിരാകരിക്കുന്ന കേന്ദ്രത്തിനുമേൽ സമ്മർദം ചെലുത്താനും ആഘാതങ്ങൾ ലഘൂകരിക്കാനും ഇത്തരം ബദൽ സഹായിക്കും. മൂർത്ത സാഹചര്യങ്ങളോട് മൂർത്ത വിശകലനമെന്നതാണ് മാർക്‌സിസത്തിന്റെ ശാസ്‌ത്രീയവും മൗലികവുമായ തത്വം. ലോകം മാറുമ്പോൾ അത്തരം മാറ്റങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാനാകണം. രണ്ടുവിധത്തിൽ പ്രധാനമാണ് കേരളത്തിന്റെ ഈ മാതൃക. ഒന്ന് സംസ്ഥാനത്തിനും മറ്റൊന്ന് രാജ്യത്തിനാകെയും. പുതിയ സാഹചര്യങ്ങളെ ശരിയായി വിലയിരുത്തുന്ന മികച്ച കാൽവയ്‌പാണ് വികസനരേഖ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ