ലിംഗ സമത്വം ചിന്തയിൽ മാത്രം ഒതുങ്ങേണ്ടതല്ല , പ്രയോഗത്തിൽ വരുത്തണം
ലിംഗ സമത്വം ചിന്തയിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല , പ്രയോഗത്തിൽ വരുത്തേണ്ടതാണ്. ഇതിന് ആവശ്യമായ നിയമ നിർമ്മാണ ഉത്തരവാദിത്വം നിർവഹണത്തിൽ നിയമ നിർമ്മാണ സമിതികൾ വീഴ്ച വരുത്തരുത്. ലെജിസ്ളേച്ചറുകളുടെ ഇത്തരം വീഴ്ചകളെ ജനാധിപത്യത്തിന്റെ അപജയം എന്നാണ് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് വി.ആർ.കൃഷ്ണ അയ്യർ വിശേഷിപ്പിക്കുന്നത്.
മതസ്വത്ത് ഭരണത്തിൽ ലിംഗ സമത്വം നിഷേധിക്കുന്ന നാടുവാഴിത്ത കാലഘട്ടത്തിൽ രൂപം കൊണ്ട മതനിയമാവലികളുടെ തടവറയിൽ നിന്ന് ഇനിയും കേരളം വിമോചിതമായിട്ടില്ല.
മതസ്വത്ത് ഭരണത്തിൽ പൗരോഹിത്യ കേന്ദ്രീകൃതമല്ലാത്ത , അതാതു മതങ്ങളിലെ വിശ്വാസി സമൂഹത്തിന് ലിംഗ സമത്വം ഉറപ്പു നൽകുന്ന നിയമ നിർമ്മാണത്തിൽ കൂടി മാത്രമേ ലിംഗ സമത്വം പൂർണ്ണമായി പ്രാവർത്തികമാക്കാൻ കഴിയൂ.
ഇന്ത്യൻ റിപ്പബ്ലിക് രൂപം കൊണ്ട അതേ വർഷം തന്നെ പഴയ ബോംബെ പ്രൊവിൻസിൽ എല്ലാ മതങ്ങൾക്കും ബാധകമാക്കി രൂപം കൊണ്ട ബോംബെ പബ്ളിക് ട്രസ്റ്റ് ആക്ട് 1950 ഒരു മതത്തിന്റെയും അംഗീകാരത്തോടെ നടപ്പാക്കിയതായിരുന്നില്ല. അതിനെതിരെ മതസ്ഥാപനങ്ങൾ സുപ്രീംകോടതി വരെ നിയമയുദ്ധം നടത്തിയെങ്കിലും ആ നിയമത്തിന്റെ അടിസ്ഥാന സ്വഭാവത്തിന് മാറ്റം വരുത്താതെ ചില ഭേദഗതികളോടെ അംഗീകരിച്ചു. ആ നിയമം മതസ്വാതന്ത്യത്തിന്റെ ലംഘനമാണെന്ന ജൈനമതത്തിന്റെ വാദം നിരാകരിക്കപ്പെട്ട വിധിയാണ് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് നൽകിയത്. റോമൻ കത്തോലിക്കാ സഭ തങ്ങൾക്ക് ബാധകം റോമൻ കാനോനാണെന്നും , സഭയുടെ സ്വത്തവകാശം വ്യക്തിയുടെ സ്വത്തവകാശത്തിന് തുല്യമാണെന്നതിനാൽ നിർദ്ദിഷ്ട നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന നിലപാടുമായി ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആ നിലപാട് കോടതി അംഗീകരിച്ചില്ല.
കോൺഗ്രസ് നേതൃത്വം കൊടുത്ത ബോംബെ പ്രൊവിൻസ് സർക്കാർ രൂപം കൊടുത്ത ബോംബെ പബ്ളിക് സൊസൈറ്റി ആക്ട് വ്യവസഥകൾ പ്രകാരമാണ് പഴയ ബോംബെ പ്രൊവിൻസിന്റെ ഭാഗമായ മഹാരാഷ്ട്ര , ഗുജറാത്ത് സംസ്ഥാനങ്ങളിൽ മത സ്വത്ത് ഭരണ നിർവ്വഹണം നടക്കുന്നത്.
ഇതേ നിയമത്തിന്ന് സമാനമായ നിയമ രൂപീകരണത്തിന് സാതന്ത്യപ്രാപ്തിക്ക് ശേഷം 51 വർഷങ്ങൾ കേരള ഭരണത്തിന് നേതൃത്വം നൽകിയ കോൺഗ്രസിനോ , 34 വർഷം ഭരണ പങ്കാളിത്തം ലഭിച്ച സി.പി.ഐക്കൊ , 24 വർഷം ഭരണ നേതൃത്വം ലഭിച്ച സി.പി.ഐ.എം നോ കഴിഞ്ഞിട്ടില്ല എന്നത് ഗൗരവതരമായ പരിശോധനക്ക് വിധേയമാക്കണം.
വാഗ്ഭടാനന്ദനും , ചട്ടമ്പി സ്വാമിയും , വൈകുണ്ഠ സ്വാമിയും ,ശ്രീനാരായണ ഗുരുവും ,സഹോദരൻ അയ്യപ്പനും, അയ്യൻകാളിയും , പൊയ്കയിൽ കുമാരദേവനും തുടങ്ങിവച്ച നവോത്ഥാന വിപ്ളവത്തിന്റ തുടർച്ച ഏറ്റെടുക്കേണ്ട ജനാധിപത്യ പുരോഗമന ലക്ഷ്യം ഉയർത്തി പിടിക്കുന്നവർ ഫ്യൂഡൽ മതമേധാവികളിൽ കൂടി മാത്രം മതങ്ങളെ അഭിസംബോധന ചെയ്യുന്ന രീതി പ്രതിലോമകരമാണ്. എല്ലാ മതങ്ങളിലും ഉള്ള മത വിശ്വാസികളെ നേരിട്ട് ബാധിക്കുന്ന നിയമ നിർമ്മാണങ്ങൾ മത പുരോഹിതരുടെ അംഗീകാരത്തോടെ മാത്രം നടപ്പാക്കൂ എന്ന നിലപാട് നാടുവാഴിത്ത മേധാവിത്വത്തെ അരക്കിട്ട് ഉറപ്പിക്കാൻ മാത്രമേ സഹായകരമാകു.
ബോംബെ പബ്ളിക് ട്രസ്റ്റ് ആക്ടിന് സമാനമായ മതസ്വത്ത് നിയമം മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം നടപ്പായെങ്കിലും എന്തേ കേരളത്തിൽ നടപ്പാക്കത്തതെന്ന
സീറോ മലബാർ സഭയിലെ സ്വത്ത് വിവാദ കേസിൽ കേരളാ ഹൈക്കോടതി ഉന്നയിച്ച ചോദ്യം നാളിതുവരെ കേരളം ഭരണം നടത്തിയ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും എതിരായ ജുഡീഷ്യറിയുടെ ശക്തമായ വിമർശനമാണെന്ന തിരിച്ചറിവ് കേരളത്തിലെ ഭരണ പ്രതിപക്ഷ മുന്നണികൾക്കുണ്ടാകണം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ