ചരിത്രം വളച്ചൊടിച്ച് സംഘപരിവാർ പ്രത്യയശാസ്‌ത്രമാക്കുന്നു: ഡോ. രാജൻ ഗുരുക്കൾ
ചരിത്രം വളച്ചൊടിച്ച് സംഘപരിവാർ പ്രത്യയശാസ്‌ത്രമായി കൊണ്ടു നടക്കുകയാണെന്ന് ചരിത്രകാരൻ ഡോ. രാജൻ ഗുരുക്കൾ. സങ്കുചിത വികാരങ്ങളെ ഉദ്ദീപിപ്പിക്കാനുള്ള ഉപകരണമായി ചരിത്രത്തെ ഉപയോഗിക്കുകയാണ് അവർ. അസത്യങ്ങളെ സത്യമാക്കാനാണ് ശ്രമം. സിപിഐ എം 23-ാം പാർടി കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച ചരിത്ര–- ശിൽപ്പ–- ചിത്ര പ്രദർശനം കണ്ണൂർ കലക്ടറേറ്റ് മൈതാനി യിലെ "കെ വരദരാജൻ നഗറി'ൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഭവങ്ങളുടെ ഉണ്ടാകലിനെക്കുറിച്ചുള്ള സാമൂഹ്യ ശാസ്‌ത്ര സൈദ്ധാന്തീകരണമാണ് ചരിത്രം. ചരിത്രത്തിനുള്ള ഏക സിദ്ധാന്തം മാർക്‌സിന്റെ വൈരുദ്ധ്യാത്മക ഭൗതിക വാദമാണ്.
ഈ സിദ്ധാന്തം അടിസ്ഥാനമാക്കി ചരിത്രം അന്വേഷിക്കുന്നവർക്ക് വിവരണാത്മക ചരിത്രത്തിൽ കാണാനാകാത്ത പല വസ്‌തുതകളും കണ്ടെത്താനാകും. ചൂഷിത ജന വിഭാഗത്തെ സംബന്ധിച്ചിടത്തോളം മാർക്‌സിസം അടിസ്ഥാന ചാലകശക്തിയായ ശാസ്‌ത്രമാണ്.
ചരിത്ര സംഭവങ്ങളെ സർഗാത്മകമായി പുനരാവിഷ്‌കരിക്കുന്നത് ചരിത്രം പഠിക്കുന്നവർക്ക് പുതിയ അന്വേഷണങ്ങൾക്ക് ഊർജം പകരുമെന്നും ഡോ. രാജൻ ഗുരുക്കൾ പറഞ്ഞു. ചടങ്ങിൽ പ്രദർശന സബ്‌കമ്മിറ്റി ചെയർമാൻ പി ജയരാജൻ അധ്യക്ഷനായി. ഡോ. എ വത്സലൻ രചിച്ച ‘തലശേരി കലാപം: നേരും നുണയും’ മൂന്നാം പതിപ്പ് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ കെ പി സഹദേവന് നൽകി പ്രകാശിപ്പിച്ചു. കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ, ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്, ജില്ലാ സെക്രട്ടറിയറ്റംഗം എം പ്രകാശൻ എന്നിവർ പങ്കെടുത്തു. പ്രദർശന സബ് കമ്മിറ്റി കൺവീനർ പി ഹരീന്ദ്രൻ സ്വാഗതം പറഞ്ഞു.
Read more: https://www.deshabhimani.com/news/kerala/rajan-gurukkal/1010909
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ