ഓഹരി വിപണിയിലെ ഹിമാലയൻ ‘അദൃശ്യകരങ്ങൾ

കമ്പോളത്തെ ചലിപ്പിക്കുക ‘അദൃശ്യകര’ങ്ങളാണെന്ന് (invisible hand) ധനശാസ്ത്രത്തിന്റെ പിതാവ് ആഡംസ്മിത്‌ പണ്ട്‌ പറഞ്ഞിട്ടുണ്ട്‌. അതെന്തുമാകട്ടെ, ഇപ്പോഴിതാ, ഇന്ത്യയുടെ ദേശീയ ഓഹരി വിപണിയെ (നാഷണൽ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ –-NSE) വർഷങ്ങളായി നിയന്ത്രിച്ചത് അദൃശ്യകരമാണെന്ന് വെളിപ്പെട്ടിരിക്കുന്നു. വെറും അദൃശ്യകരങ്ങളല്ല, ‘ദിവ്യകരങ്ങൾ’. ആ കരങ്ങൾ ഒരു ഹിമാലയൻ യോഗിയുടേതാണത്രേ. ദേശീയ ഓഹരി വിപണിയുടെ മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എംഡിയുമായ ചിത്ര രാമകൃഷ്ണ വഴി ‘സ്വാമിയുടെ' അദൃശ്യകരങ്ങൾ വിപണിയിലേക്ക് നീണ്ടു. എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട സുപ്രധാന രഹസ്യ വിവരങ്ങളടക്കം എല്ലാ കാര്യങ്ങളും ചിത്ര സ്വാമിക്ക് എത്തിച്ചു കൊണ്ടിരുന്നു. സ്വാമി നിർദേശിച്ച പോലെ വിപണി ചലിച്ചു.

നിയമനങ്ങൾ നടന്നു. ചില ഓഹരികളുടെ വില കൂടി, ചിലതിന്റെ കുറഞ്ഞു. ചിലർ ലാഭം വാരിക്കോരി. പ്രാഥമിക ഓഹരി വിൽപ്പനയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം താമസമില്ലാതെ സ്വാമിയുടെ കൈകളിലെത്തി. എന്തിന്, എക്സ്ചേഞ്ചിന്റെ താക്കോൽസ്ഥാനത്തു പോലും സ്വാമി പറഞ്ഞ ആൾ നിയമിതനായി. സ്വാമിയുടെ ഉപദേശത്തിൽ നിയമിക്കപ്പെട്ടവർക്ക്‌  യോഗ്യതയൊന്നുമില്ലെങ്കിലും സ്വാമി പറഞ്ഞതു പോലെ കൈയും കണക്കുമില്ലാത്ത ശമ്പളവും നൽകി. ഈ ‘സ്വാമി’ ആരെന്ന്‌ ഇനിയും സ്‌ഥിരീകരിച്ചിട്ടില്ല. ദുരൂഹതകൾ ബാക്കി.  എന്തായാലും കോടികളുടെ വെട്ടിപ്പും കള്ളച്ചൂതും അരങ്ങേറിയതായാണ്‌ നിഗമനം.


 
ഓഹരി വിപണികളെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ്‌ ഓഫ്‌ ഇന്ത്യയുടെ (സെബി) അന്വേഷണത്തിലാണ് ഇത്രയും കണ്ടെത്തിയത്‌. അദൃശ്യ കരങ്ങൾ ഒരു യോഗിയുടേതാണെന്ന് ചിത്ര പറഞ്ഞെങ്കിലും ആരെന്ന്‌ വെളിപ്പെടുത്തിയില്ല. കള്ളൻ കപ്പലിൽത്തന്നെയെന്ന്‌ സെബി സംശയിക്കുന്നുണ്ട്‌.  എംഡിയായിരിക്കെ എൻഎസ്‌ഇയിൽ ചിത്ര ഗ്രൂപ്പ്‌ ഓപ്പറേറ്റിങ്‌ ഓഫീസറായി നിയമിച്ച ആനന്ദ്‌ സുബ്രഹ്മണ്യനാണ്‌ ഈ യോഗിയെന്ന്‌ സെബിയുടെ അന്വേഷണ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതിനിടെ, ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്‌ഥനാണ്‌ സ്വാമിയെന്ന്‌ ചില മാധ്യമ റിപ്പോർട്ടുകളുമുണ്ട്‌. 

‘അജ്ഞാതസ്വാമി’യും ചിത്രയും തമ്മിൽ തുടർച്ചയായി കൈമാറിയ  ഇ–- മെയിൽ സന്ദേശങ്ങൾ മുഖേനയാണ്‌ വിപണി ഏറെനാളായി ചലിച്ചത്‌. വർഷങ്ങളായി വിവരങ്ങൾ കൈമാറുന്നുണ്ടെന്നും ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നും എൻഎസ്ഇ ബോർഡിനു തന്നെ അറിയാമായിരുന്നു. പക്ഷേ, സെബി അന്വേഷണമല്ലാതെ മറ്റ് ഗൗരവമായ അന്വേഷണമൊന്നും നടന്നില്ല. ഏതാനും വർഷങ്ങളായി ഇക്കാര്യം അന്വേഷിച്ചു കൊണ്ടിരുന്ന സെബിയുടെ ഭാഗത്തും കുറ്റകരമായ അനാസ്ഥയും ഗുരുതരമായ വീഴ്‌ചയുമുണ്ടെന്ന്‌ ഇതോടൊപ്പം വെളിപ്പെടുന്നുണ്ട്‌. ചില പിഴ ശിക്ഷയൊക്കെ പ്രഖ്യാപിച്ചതല്ലാതെ കുറ്റങ്ങളുടെ ഗൗരവമനുസരിച്ച്‌ സെബി കടുത്ത നടപടികളൊന്നും എടുത്തില്ല. സെബിയിലെ ചിലരും പലതിനും കൂട്ടു നിന്നിട്ടുണ്ടെന്നാണ്‌ സൂചന.

എൻഎസ്‌ഇയിൽ നിന്ന്‌ വിവരങ്ങൾ പുറത്തു പോകുന്നതിനെ മുൻനിർത്തി സിബിഐ 2018ൽ കേസെടുത്തെങ്കിലും അവരും കാര്യമായി അനങ്ങിയില്ല. സെബിയുടെ അന്വേഷണ റിപ്പോർട്ട്‌ കഴിഞ്ഞ ദിവസം പുറത്തു വന്നതിനെത്തുടർന്ന്‌ അടുത്ത ദിവസങ്ങളിൽ മാത്രമാണ്‌ ചില നീക്കങ്ങളുണ്ടായത്‌. അവരെയും ചില അദൃശ്യ കരങ്ങൾ വിലക്കുന്നുണ്ടാകാം. ആദായ നികുതി വകുപ്പും അനങ്ങിയത്‌ കഴിഞ്ഞ ദിവസം മാത്രം. വെള്ളിയാഴ്‌ച ആദായ നികുതി ഉദ്യോഗസ്ഥർ ചിത്രയുടെയും മുൻ ഗ്രൂപ്പ്‌ ഓപ്പറേറ്റിങ്‌ ഓഫീസർ ആനന്ദ്‌ സുബ്രഹ്മണ്യന്റെയും മുംബൈയിലെയും ചെന്നൈയിലെയും വസതികളിൽ പരിശോധന നടത്തി. ചിത്രയെയും മറ്റൊരു മുൻ എംഡി രവി നരൈനെയും സിബിഐ ചോദ്യം ചെയ്‌തു. മൂവരും രാജ്യം വിടാതിരിക്കാൻ ലുക്ക്‌ ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. എൻഎസ്‌ഇ കെട്ടിടത്തിൽത്തന്നെ കംപ്യൂട്ടർ സൗകര്യം ഉപയോഗിക്കാൻ ദല്ലാൾ കമ്പനിയായ എസ്‌പിജി സെക്യൂരിറ്റീസിന്‌ സൗകര്യം നൽകിയതിനെ മുൻനിർത്തിയാണ്‌ സിബിഐ 2018ൽ കേസെടുത്തിരുന്നത്‌. ഇതുവഴി എൻഎസ്‌ഇ സെർവറിലെ വിവരങ്ങൾ കമ്പനിക്ക്‌ കിട്ടിയിരുന്നു. (ഓഹരി വിപണിയിലെ കെട്ടിടത്തിൽത്തന്നെ ചില ദല്ലാൾമാർക്ക്‌ കംപ്യൂട്ടർ സംവിധാനങ്ങൾ ഉപയോഗിക്കാൻ സൗകര്യം നൽകുന്നതിനെ കോ–-ലൊക്കേഷൻ സമ്പ്രദായം എന്നാണ്‌ പറയുന്നത്‌). എൻഎസ്‌ഇയിൽ കാലങ്ങളായി ഇതൊക്കെ നടന്നു വരുന്നുണ്ട്‌. ഇപ്പോൾ, സെബി അന്വേഷണ റിപ്പോർട്ട്‌ വന്നപ്പോൾ മാത്രമാണ്‌ സിബിഐ പഴയ കേസിൽ അന്വേഷണം തുടങ്ങിയത്‌. സിബിഐ എന്തു കൊണ്ട്‌ വൈകിയെന്നത്‌ പ്രധാനചോദ്യം.

1992ൽ മുംബൈ ആസ്ഥാനമായി പ്രവർത്തനം തുടങ്ങിയ ദേശീയ ഓഹരി വിപണിയുടെ സ്ഥാപകരിൽ ഒരാളായ ചിത്ര രാമകൃഷ്ണ 2013–16 കാലയളവിലാണ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എംഡിയുമായിരുന്നത്. ഇക്കാലയളവിലാണ്‌ യോഗിയുടെ നിർദേശപ്രകാരം ആനന്ദ് സുബ്രഹ്മണ്യനെ മാനേജ്മെന്റ് കൺസൾട്ടന്റ് പദവിയിൽ നിയമിച്ച്‌ കള്ളക്കളികൾ പലതും അരങ്ങേറിയത്. ഇയാളെ പിന്നീട് ഗ്രൂപ്പ് ഓപ്പറേറ്റിങ്‌ ഓഫീസറാക്കി. എൻഎസ്‌ഇയുടെ മുൻ വൈസ്‌ ചെയർമാനും എംഡിയുമായിരുന്ന രവിനരൈനും കൂട്ടിനുണ്ടായിരുന്നു. സെബി നടത്തിയ അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് രണ്ടുവർഷം മുമ്പ് ചിത്രയ്‌ക്കും രവി നരൈനും ഏതാനും കോടി രൂപ പിഴ ചുമത്തി. ഫെബ്രുവരി രണ്ടാം വാരം ചിത്രയ്‌ക്ക് വീണ്ടും മൂന്നു കോടി പിഴയിടുകയും വിപണിയിൽ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. എൻഎസ്‌ഇക്കും പിഴയും കടപ്പത്ര വിപണിയിൽ ആറു മാസത്തെ വിലക്കും ഏർപ്പെടുത്തി. ഇതോടെ വൻ വെട്ടിപ്പിന്റെ കഥകൾ പുറത്തു വന്നു തുടങ്ങി.

ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിപണിയും കമ്പോള ധനസ്ഥാപനവുമായ ദേശീയ ഓഹരി വിപണിയിൽ വൻ കുംഭകോണം നടന്നിരിക്കുന്നുവെന്നാന്ന് പുറത്തുbവന്ന വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഓഹരികളെക്കുറിച്ചുള്ള വിവരങ്ങൾ, ധനകാര്യ ലക്ഷ്യം, ബിസിനസ്‌ പ്ലാൻ, ജീവനക്കാരുടെ ജോലി സംബന്ധിച്ച വിവരങ്ങൾ എന്നിവയെല്ലാം ചിത്ര, യോഗിക്ക്‌ കൈമാറി. എൻഎസ്‌ഇയുടെ നടത്തിപ്പ്‌ യോഗിയുടെ കൈയിലായിരുന്നെന്നും ചിത്ര വെറും പാവ മാത്രമായിരുന്നെന്നുമാണ്‌ സെബിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്‌. 2017-ൽ എൻഎസ്‌ഇ പ്രാഥമിക ഓഹരി വിൽപ്പനയ്‌ക്ക്‌ തയ്യാറെടുത്തപ്പോൾ ലിസ്റ്റിങ്‌ പരാജയപ്പെട്ടു. നിർണായക വിവരങ്ങൾ പുറത്തു പോയതാണ്‌ കാരണം. ഇതേത്തുടർന്നാണ്‌ സെബി അന്വേഷണം തുടങ്ങുന്നത്‌. മൂന്നു വർഷത്തെ അനേഷണത്തിനു ശേഷം സെബി എൻഎസ്‌ഇക്ക്‌ ഒമ്പതു കോടി പിഴ ചുമത്തി. ഈ അന്വേഷണത്തിലാണ്‌ ചിത്ര രാമകൃഷ്‌ണ അജ്ഞാത വ്യക്തിക്ക്‌ ഇ–- മെയിൽ സന്ദേശങ്ങൾ അയച്ചിരുന്നതായി കണ്ടെത്തിയത്‌. തുർന്നുള്ള ചോദ്യങ്ങളിൽ 20 വർഷത്തോളമായി താൻ ഈ ‘ആത്മീയ ശക്തി’യിൽ നിന്ന്‌ മാർഗ നിർദേശം തേടിയിരുന്നതായി അവർ സമ്മതിക്കുകയായിരുന്നു. ചിത്രയുടെ ലാപ്‌ടോപ്പുകൾ പലതും നശിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.

ഓഹരി കുംഭകോണങ്ങൾ പുതിയ കാര്യമല്ല. 1992ൽ ബോംബെ ഓഹരി വിപണിയിലുണ്ടായ ഹർഷദ് മേത്ത കുഭകോണമടക്കം എത്രയോ വെട്ടിപ്പ്‌ നടന്നിരിക്കുന്നു. ലാഭം തേടി ധനമൂലധനം നടത്തുന്ന പരക്കം പാച്ചിലിൽ അരങ്ങു തകർക്കുന്ന ഊഹക്കച്ചവടത്തിന്റെയും കള്ളച്ചൂതിന്റെയും ബാക്കിപത്രമാണ് കുംഭകോണങ്ങൾ. ആഗോളതലത്തിൽത്തന്നെ ഏറ്റവും കൂടുതൽ ഡെറിവേറ്റീവ് വ്യാപാരം നടക്കുന്ന വിപണിയാണ്‌ ഇന്ത്യയുടെ ദേശീയ ഓഹരി വിപണി. 2021ൽ എൻഎസ്ഇയുടെ ലാഭം 3573 കോടി രൂപയും വരുമാനം 6202 കോടിയുമായിരുന്നു. ഇവിടെ, അദൃശ്യ കരങ്ങളുടെ പിൻബലത്തിൽ കള്ളച്ചൂതിന്റെ പല കളികളും നടന്നിരിക്കുന്നു. യഥാർഥ നിക്ഷേപകരിൽ പലർക്കും വലിയ നഷ്‌ടമുണ്ടായിട്ടുണ്ടാകാം.

ചിത്ര രാമകൃഷ്ണ

ഇന്ത്യൻ ധനമേഖലയിലെ കരുത്തുറ്റ വനിതയെന്ന് വിശേഷിപ്പിക്കപ്പെട്ടയാളാണ്‌ ഇ പ്പോൾ വിവാദ നായികയായി മാറിയ  ചിത്രാ രാമകൃഷ്ണ. ഒട്ടേറെ ബഹുമതികൾ ഇവർ നേടിയിട്ടുണ്ട്.  2013ൽ ഫോർബ്സ് മാസികയുടെ വിമൻ ലീഡറായി തെരഞ്ഞെടുക്കപ്പെട്ട ചിത്രയെ, ഇന്ത്യൻ ഓഹരി വിപണിയിലെ കരുത്തുറ്റ വനിതയെന്നാണ് ‘ഫോർച്യൂൺ ഇന്ത്യ’ വിശേഷിപ്പിച്ചത്. ചാർട്ടേഡ് അക്കൗണ്ടന്റായ ചിത്ര 1983ൽ ഐഡിബിഐ ബാങ്കിലൂടെയാണ്‌  ധനരംഗത്ത് ജോലിയിൽ പ്രവേശിക്കുന്നത്.  1992ൽ ആരംഭിച്ച ദേശീയ ഓഹരി വിപണിയുടെ സ്ഥാപകരിൽ ഒരാളാണ്‌.  ജോയിന്റ് ഡയറക്ടറായാണ് തുടക്കം. 2008ൽ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി. 2013ൽ എംഡിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി. പ്രതിവർഷം ഒമ്പതു കോടി രൂപയിലേറെയായിരുന്നു  ശമ്പളം മാത്രമായി ലഭിച്ചത്. 2016-ൽ പിരിയുമ്പോൾ 50 കോടി രൂപകൂടി ആനുകൂല്യമായി കൊടുത്താണ്‌ എൻഎസ്‌ഇ ചിത്രയെ യാത്രയാക്കിയത്‌.

മുഖമില്ലാത്ത ആ യോഗി ആര് ?

ചിത്ര രാമകൃഷ്ണയെ  ഇത്രയേറെ സ്വാധീനിച്ച, മുഖമില്ലാത്ത ആ ഹിമാലയൻ യോഗി ആര്? അങ്ങനെയൊരു സ്വാമിതന്നെയുണ്ടോ ? അതോ വെട്ടിപ്പ് സംഘത്തിൽ ചിത്രയുടെ കൂട്ടാളികളിൽ ഒരാൾതന്നെയോ.  2013ൽ ചിത്ര എംഡിയായ ഉടനെ കൺസൾട്ടന്റായി നിയമിതനായ ആനന്ദ് സുബ്രഹ്മണ്യൻ തന്നെയാണ്‌ ഈ സ്വാമിയെന്നാണ്‌ സെബിയുടെ അന്വേഷണ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്‌.   തുടക്കത്തിൽത്തന്നെ 1.68 കോടി ശമ്പളമുണ്ടായിരുന്ന ആനന്ദിനെ പിന്നീട് ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫീസറായി നിയമിച്ചു. അപ്പോൾ ശമ്പളം നാലര കോടി കടന്നു.  എൻഎസ്ഇയുടെ ഇ–-മെയിൽ പരിശോധിച്ച ഇ വൈ എന്ന ഫോറൻസിക് സ്ഥാപനം നൽകിയ ഓഡിറ്റ് റിപ്പോർട്ടിന്റെ പിൻബലത്തിലാണ് ആനന്ദിലേക്ക്‌ വിരൽ ചൂണ്ടുന്നത്‌.

ഋഗ്‌,യജുർ,സാമ വേദങ്ങളെ സൂചിപ്പിക്കുന്ന  rigyajursama@outlook.com  എന്ന   മെയിലിൽ നിന്നാണ്‌ "സ്വാമി' ചിത്രയ്‌ക്ക് മാർഗ നിർദേശങ്ങളും ഉപദേശങ്ങളും നൽകിയത്‌.  എൻഎസ്ഇയുടെ ലക്ഷ്യങ്ങളും ബിസിനസ് പരിപാടികളും ബോർഡ് യോഗത്തിന്റെ അജൻഡയുമെല്ലാം ചിത്ര നൽകിക്കൊണ്ടിരുന്നതും ഈ വിലാസത്തിലേക്ക്. സ്വാമിയുടെ സ്ഥലം കൃത്യമായി എവിടെയെന്ന് അറിയില്ലെന്ന് പറയുന്ന ചിത്ര ചില "പരിശുദ്ധ' കേന്ദ്രങ്ങളിൽ മാത്രമാണ് ഇരുവരും കണ്ടിട്ടുള്ളതെന്നും പറയുന്നു.

കണ്ടുമുട്ടിയതിനെക്കുറിച്ചും യാത്രകൾ ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ചും മെയിൽ സന്ദേശങ്ങളിൽ സൂചനയുണ്ട്.  മറ്റ് രാജ്യങ്ങളിലെ കമ്പനികൾക്ക് നികുതി അടയ്ക്കേണ്ടതില്ലാത്ത ( നികുതിരഹിത സ്വർഗം) കിഴക്കനാഫ്രിക്കയിലെ  സീഷെൽസിലേക്ക്  പോകുന്നതിനെക്കുറിച്ചൊക്കെ സന്ദേശങ്ങളിൽ പറയുന്നുണ്ട്‌. പലരും കള്ളപ്പണം നിക്ഷേപിക്കുന്ന സ്ഥലമാണിത്.
ആനന്ദിന്റെ നിയമനമടക്കം ചിത്രയുടെ വഴിവിട്ട നീക്കങ്ങളും ക്രമക്കേടുകളും എൻഎസ്ഇക്കും ബോർഡ് അംഗങ്ങൾക്കും അറിയാമായിരുന്നുവെന്നും സെബി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, എൻഎസ്ഇയുടെ മിനിട്സിൽ ഇത്‌ രേഖപ്പെടുത്തുകയോ   നടപടിയെടുക്കുകയോ ഉണ്ടായില്ല.  മാത്രമല്ല, 2016ൽ ചിത്രയെ രാജി വച്ചൊഴിയാൻ അനുവദിക്കുകയും ചെയ്തു.
 
Read more: https://www.deshabhimani.com/articles/chithra-ramakrishna-sebi/1003120

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൂരോപ്പള്ളില്‍ ചാക്കോച്ചന്‍ വാഴൂരിന്‍റെ ചരിത്ര പുരുഷന്‍.!

Mixed Economic System: Characteristics, Examples, Pros & Cons

Ghee Vs Butter: Which Is Healthier