പ്രതിപക്ഷം കെ.റെയിലിന് തലവെക്കുന്നു! അശോകൻ ചരുവിൽ
കേരളത്തിലെ പ്രതിപക്ഷത്തെ ആരെങ്കിലും കുരങ്ങു കളിപ്പിക്കുന്നുണ്ടോ എന്നു സംശയിക്കുന്നു. എന്തായാലും ആത്മഹത്യാപരമായ നീക്കങ്ങളാണ് അവർ നടത്തുന്നത്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്തെ തങ്ങളുടെ "പ്രവർത്തനങ്ങൾ"ക്ക് ജനങ്ങൾ നൽകിയ കടുത്ത ശിക്ഷയിൽ നിന്നും ഒരു പാഠവും അവർ പഠിച്ചിട്ടില്ല. ജനങ്ങൾക്ക് നൽകിയ വാഗ്ദനങ്ങൾ നടപ്പാക്കാത്ത മന്ത്രിസഭകൾക്കെതിരെ നിരവധി പ്രക്ഷോഭങ്ങൾ കേരളം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ജനങ്ങൾ വോട്ടു ചെയ്ത് അംഗീകരിച്ച മാനിഫെസ്റ്റോ നടപ്പാക്കുന്നതിനെതിരെ സമരം! ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഉണ്ടാക്കുന്നതിനെതിരെ സമരം. വികസനനേട്ടങ്ങളിലൂടെ നിലവിലെ സർക്കാർ ജനപ്രീതി നേടുന്നതിനെതിരെ ആശങ്കാസമരം. "കുറ്റിപറ്റിക്കൽ സമരം" ഇനി പാലങ്ങൾ പൊളിക്കുന്നതിലേക്കും റോഡുകൾ തകർക്കുന്നതിലേക്കും സാമൂഹ്യപെൻഷൻ വിതരണം തടസ്സപ്പെടുത്തുന്നതിലേക്കും പൊതുവിദ്യാലയങ്ങൾ നശിപ്പിക്കുന്നതിലേക്കും വ്യാപിപ്പിക്കുമോ എന്നാണ് സംശയം. നീണ്ടകാലത്തെ അധികാരനഷ്ടം കോൺഗ്രസ്സ് ഉൾപ്പടെയുള്ള കക്ഷികളെ ഭ്രാന്തു പിടിപ്പിച്ചിരിക്കുകയാണ്.
എന്തു കാരണങ്ങളാലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തങ്ങളെ ശിക്ഷിച്ചതെന്ന് ഒരു നിമിഷമെങ്കിലും പ്രതിപക്ഷം ചിന്തിച്ചിട്ടുണ്ടോ? എന്തൊക്കെയായിരുന്നു കഴിഞ്ഞഘട്ടത്തിലെ പ്രതിപക്ഷ പ്രവർത്തനങ്ങൾ? പ്രളയകാലത്തും, കോവിഡ് മഹാവ്യാധിയുടെ കാലത്തും ജനങ്ങൾക്ക് നൽകിയ സൗജന്യ ഭക്ഷണത്തേയും നിത്യോപയോഗ വസ്തുക്കളടങ്ങിയ കിറ്റിനേയും എതിർക്കാനാണ് അവർ തങ്ങളുടെ അദ്ധ്വാനവും സമയവും കൂടുതൽ ഉപയോഗിച്ചത് എന്നോർക്കുക. "കിറ്റ് വാങ്ങി നക്കുന്നവർ" എന്നു വിളിച്ച് പാവപ്പെട്ട ജനങ്ങളെ പരിഹസിച്ചു. വ്യവസായ ആവശ്യങ്ങൾക്കുള്ള LNG കൊണ്ടുവരുന്ന ഗെയിൽ പൈപ്പ് ലൈൻ ഭൂമിക്കടിയിലെ തീഗോളമാണെന്ന് പ്രചരിപ്പിച്ച് ആർ.എസ്.എസും എസ്.ഡി.പി.ഐ.യും ചേർന്ന് റോട്ടിൽ നിസ്ക്കാര / നമസ്ക്കാര സമരങ്ങൾ നടത്തി. ദേശീയപാതയുടെ വീതി 30 മീറ്ററാക്കി കുറക്കണമെന്നും സ്ഥലമെടുപ്പ് നിറുത്തിവെക്കണമെന്നും ആവശ്യപ്പെട്ടുള്ള സമരം. സ്ഥലം വിട്ടുകൊടുക്കുന്നവർക്ക് കാൽക്കാശ് കിട്ടില്ല എന്ന ദുഷ്പ്രചരണം. അതിവർഷവും പ്രളയവും എൽ.ഡി.എഫ് സർക്കാർ സൃഷ്ടിച്ചതാണ് എന്ന ദുരാരോപണം. വികസന വിരോധത്തിൻ്റെ ബാനറിൽ അവിശുദ്ധ കൂട്ടുകെട്ട് - കോൺഗ്രസ്സ്, മുസ്ലിംലീഗ്, ആർ.എസ്.എസ്., എസ്.ഡി.പി.ഐ., മാവോയിസ്റ്റ് മുന്നണി - ഉണ്ടാക്കാനുള്ള ശ്രമം.
എല്ലാം പരാജയപ്പെട്ടു എന്നതും ഈ നീക്കങ്ങൾക്ക് ചരിത്രത്തിലില്ലാത്ത വിധമുള്ള ശിക്ഷ ജനങ്ങൾ തങ്ങൾക്കു നൽകി എന്നതും പ്രതിപക്ഷം മറക്കരുത്. മനുഷ്യൻ്റെ എത്രയോ ജീവൽപ്രശ്നങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരേണ്ട ഉത്തരവാദിത്തം പ്രതിപക്ഷത്തിനുണ്ട്. അതൊന്നും ചെയ്യാതെ റെയിലും റോഡും ജനങ്ങളുടെ ഗതാഗതവും തടസ്സപ്പെടുത്തുന്ന പരിപാടി തുടരാനാണ് ഭാവമെങ്കിൽ അടുത്ത തെരഞ്ഞെടുപ്പോടെ പ്രതിപക്ഷത്തെ രാഷ്ട്രീയപാർടികളെ കണ്ടെത്താൻ സൂക്ഷ്മപരിശോധന വേണ്ടി വരും.
അശോകൻ ചരുവിൽ
22 03 2022
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ