സവിശേഷ കാലഘട്ടത്തിലെ ജലന്ധർ കോൺഗ്രസ്
മധുരയിൽ ഒമ്പതാം പാർടി കോൺഗ്രസ് കഴിഞ്ഞ് ആറുവർഷത്തിനുശേഷമാണ് പത്താം കോൺഗ്രസ് 1978 ഏപ്രിൽ രണ്ടുമുതൽ എട്ടുവരെ പഞ്ചാബിലെ ജലന്ധറിൽ ചേർന്നത്. രാജ്യത്തെ പ്രത്യേക സാഹചര്യങ്ങളായിരുന്നു പാർടി കോൺഗ്രസ് നീളാൻ കാരണം. രാജ്യത്ത് ഭരണം കൈയാളിയിരുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ഏകാധിപത്യപ്രവണത ശക്തിപ്പെട്ട്, 1975 ജൂൺ 25ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
1977-ൽ അടിയന്തരാവസ്ഥ പിൻവലിച്ചു. മാർച്ചിലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തൂത്തെറിഞ്ഞ് മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ ജനതാ സർക്കാർ അധികാരത്തിലെത്തി. ഈ സവിശേഷ കാലഘട്ടത്തിലാണ് പാർടി കോൺഗ്രസ് ചേർന്നത്.
ഈ കാലയളവിലെ രാഷ്ട്രീയ നയപരിപാടികളെപ്പറ്റി എം ബസവപുന്നയ്യ അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു. അടിയന്തരാവസ്ഥയും അടിയന്തരാവസ്ഥയ്‌ക്കുശേഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഏകകക്ഷി ഭരണത്തിന് അറുതി വരുത്തിയതും പ്രധാന രാഷ്‌ട്രീയ മാറ്റമായി റിപ്പോർട്ട് വിലയിരുത്തി. രാഷ്‌ട്രീയ സമീപനം അടിസ്ഥാനപരമായി ശക്തമാണ്; യോജിച്ച പ്രവർത്തനം, ഇടതു ജനാധിപത്യശക്തികളുടെ ഐക്യം, ഏകാധിപത്യ പ്രവണതകളും കൂട്ടുകക്ഷികളെ തേടലും, സംഘർഷങ്ങളും വൈരുധ്യങ്ങളും അവഗണിച്ച് പ്രതിരോധ മുന്നേറ്റത്തിനുള്ള നമ്മുടെ സംഭാവന, 1977 മാർച്ചിലെ തെരഞ്ഞെടുപ്പും നമ്മുടെ രാഷ്ട്രീയ നിലപാടും എന്നീ വിഷയങ്ങളും ചർച്ച ചെയ്‌തു.
വിയറ്റ്‌നാമിലും ലാവോസിലും കമ്പൂച്ചിയയിലും ജനങ്ങൾ അമേരിക്കയ്‌ക്കെതിരെ നേടിയ വിജയം ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ നേട്ടമായി രാഷ്‌ട്രീയ പ്രമേയം വിലയിരുത്തി. ചിലിയിൽ സാമ്രാജ്യത്വശക്തികൾ അവരുടെ ഏജന്റുമാരിലൂടെ അലൻഡെ സർക്കാരിനെ തകിടം മറിച്ച് ഫാസിസത്തെ പ്രതിഷ്ഠിച്ച സംഭവം, ഇൻഡോനേഷ്യയിൽ സുഹാർത്തോയുടെ ഭരണത്തെ പിന്തുണക്കുന്നത്, ബംഗ്ലാദേശിൽ മുജീബുർ റഹ്മാൻ വധിക്കപ്പെടുന്നത്, തായ്‌ലൻഡിൽ ഒന്നിനുപിറകേ മറ്റൊന്നായി പട്ടാള അട്ടിമറിക്കുള്ള ശ്രമങ്ങൾ എന്നിവയും രാഷ്‌ട്രീയ പ്രമേയത്തിന്റെ ഭാഗമായിരുന്നു.
അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങളോടുള്ള അമർഷം ജനം പ്രകടിപ്പിച്ചത് തെരഞ്ഞെടുപ്പിൽ മൂന്ന് പതിറ്റാണ്ടുകാലത്തെ കോൺഗ്രസ് ഭരണ കുത്തക അവസാനിപ്പിച്ചാണ്. സകല പൗരാവകാശങ്ങളും ഹനിക്കപ്പെട്ടപ്പോഴും ജനങ്ങൾ ത്യാഗനിർഭരമായ ചെറുത്തുനിൽപ്പാണ് നടത്തിയത്. അത്തരം ചെറുത്തുനിൽപ്പിന്റെ ഭാഗമായി പാർടി സംസ്ഥാന–ജില്ലാതലങ്ങളിൽ നിരവധി സമരങ്ങൾ സംഘടിപ്പിച്ചു. സംഘർഷങ്ങൾ തുടരും, വിശാലവേദി, വർഗശക്തികളുടെ പരസ്‌പര ബന്ധം, സാമ്പത്തിക പ്രതിസന്ധി, ജനങ്ങളുടെമേലുള്ള ആക്രമണം, ലോകബാങ്കിന്റെ വർധിച്ചുവരുന്ന പങ്ക്, അപകടകരമായ പുതിയ സംഭവവികാസം, ജനതാ പാർടിയുടെ സാമ്പത്തിക നയം, സംസ്ഥാനങ്ങൾക്ക് സ്വയംഭരണാധികാരം, ഇടതുജനാധിപത്യ മുന്നണി രൂപീകരണത്തിൽ ഇടതുപക്ഷത്തിന്റെയും ജനാധിപത്യശക്തികളുടെയും പങ്ക്, ഐക്യജനകീയ ഇടപെടലുകൾ, തൊഴിലാളി സംഘടനാ ഐക്യം, കർഷക പ്രസ്ഥാനം, രാഷ്ട്രീയ പാർടികൾ, പാർടിയുടെ പങ്ക് തുടങ്ങിയ വിഷയങ്ങൾ പ്രമേയത്തിൽ വിശദീകരിച്ചു.
പാർടിയുടെ പ്ലീനത്തെപ്പറ്റി ഇ എം എസ് പ്രത്യേക പ്രമേയം അവതരിപ്പിച്ചു. പാർടി സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനെപ്പറ്റി ചർച്ച ചെയ്യാൻ 1978 വർഷാവസാനത്തിനുമുമ്പ് പ്രത്യേക പ്ലീനം ചേരാൻ പിബിയെയും സിസിയെയും ചുമതലപ്പെടുത്തി. 44 അംഗ കേന്ദ്ര കമ്മിറ്റിയെയും സെക്രട്ടറിയായി ഇ എം എസിനെയും പാർടി കോൺഗ്രസ് തെരഞ്ഞെടുത്തു. 11 അംഗങ്ങളായിരുന്നു പിബിയിൽ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ