മുഴങ്ങുന്നുണ്ട്‌, വി ടിയുടെ വാക്കുകൾ

വി ടി ഭട്ടതിരിപ്പാട്‌ ജനിച്ചിട്ട്‌ 125 വർഷം പിന്നിടുകയാണ്. 126–-ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ മകൻ വി ടി വാസുദേവൻ എഴുതുന്നു


ഒരാൾ ഒറ്റയ്ക്കു വയർ നിറച്ചുണ്ണുന്നതും അനുഭവിക്കുന്നതും അത്ര സുഖമുള്ള കാര്യമല്ല. തെല്ലു സഹാനുഭൂതിക്കായി വൈദികത്വത്തിനോടും ജന്മിത്വത്തിനോടും സർവ ആഢ്യത്വങ്ങളോടും പൊരുതിയ അച്ഛന്റെ ജീവിത കഥ 125–-ാം ജന്മവാർഷികത്തിലും  പറഞ്ഞു തരുന്നത് ഇതാണ്. ആദ്യ ലോക യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോൾ ഒരു ശാസ്താംകാവിലെ ശാന്തിക്കാരനായി തിടപ്പള്ളിയിൽ കടക്കൊള്ളിയുന്തിക്കഴിഞ്ഞ യുവാവിന്റെ ഉയിർത്തെഴുന്നേൽപ്പ് അതിന്റെ ഗുണഫലം അനുഭവിക്കുന്ന പുതിയ തലമുറകൾക്ക് കേട്ടുകേൾവിയായി മാറിയ കാലഘട്ടത്തിന്റെ കഥ കൂടിയാണ് അച്ഛന്റെ ജീവിതം.

മറ്റു മാലോകരെപ്പോലെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിച്ച സ്ത്രീ പുരുഷന്മാരാണ് ക്ഷയോന്മുഖമായി തുടങ്ങിയ പണ്ടത്തെ നാലുകെട്ടുകളിൽ നിവസിച്ചിരുന്നത്. പക്ഷേ, അന്തർജനങ്ങളും അപ്ഫന്മാരും ഒരു പോലെ അശരണരായിരുന്നു. വിവാഹം കഴിക്കാത്ത ജ്യേഷ്ഠന്മാരുണ്ടെങ്കിൽ ഇളയ അംഗങ്ങൾക്കു സ്വജാതി വിവാഹത്തിന് അനുമതിയില്ല. അങ്ങനെയുള്ള വിവാഹം ‘പരിവേദനം’ എന്ന പേരിൽ ‘പ്രായശ്ചിത്തമില്ലാത്ത പാപ’മായാണ് അറിയപ്പെട്ടിരുന്നത്‌. അനുജൻ അഥവാ വിവാഹിതനായാൽ ഏട്ടന് ഭ്രഷ്ട്. തിരണ്ടിരിക്കുന്ന പെൺ കിടാവിനാണെങ്കിൽ ബ്ലൗസിടാൻ പാടില്ല. ഇരുട്ടു മൂടിയ നാലു കെട്ടിൽനിന്ന്‌ വെളിച്ചത്തിലേക്കു പ്രവേശിച്ചുകൂടാ. വൃദ്ധ വിവാഹം, സപത്നീ മത്സരം, അകാല വൈധവ്യം, മർദനം, അവഗണന തുടങ്ങിയ ദുരന്ത ദുരിതങ്ങളുടെ കണ്ണീർ വീണു നനഞ്ഞ നടുമുറ്റങ്ങൾ

ആ സ്ഥിതി മാറി. നമ്പൂതിരിക്ക് മാറ്റം വന്നു. മണ്ണിന്റെയും വിണ്ണിന്റെയും ആധിപത്യത്തിന് ഭൂപരിഷ്കാര നിയമങ്ങൾ മാറ്റം വരുത്തിയതോടെ സ്വാശ്രയ പാതയിൽ ചുമട്ടുകാരനാകാനും അയാൾ തയ്യാറായി. എന്നാൽ, അരങ്ങത്തേയ്ക്കു വരാൻ അന്തർജനങ്ങൾക്കിടയിൽ പത്രികകളും പ്രസംഗങ്ങളും നാടകങ്ങളും പ്രചരിപ്പിച്ചവരുടെ പിൻതലമുറകൾ ഇന്ന് പിന്തിരിയലിലാണെന്ന് പറയേണ്ടിയിരിക്കുന്നു.(പിൻതലമുറ അപ്പാടെ എന്നർഥമാക്കുന്നില്ല).  അതിജീവന മത്സരമോ ഉന്നത വിദ്യാഭ്യാസ ക്ലേശമോ ഇല്ലാതെ മോശമല്ലാത്ത വരുമാനവും പൊതുജനാദരവും പിടിച്ചുപറ്റാൻ ‘കുലപൈതൃക’മായ ശാന്തി തന്ത്ര വിദ്യകൾക്കു സാധിക്കും. എല്ലാവരും അനുഗ്രഹം തേടിയെത്തുമ്പോൾ പിന്നെ എന്തിന്‌ നിരാശപ്പെടണം? കുലചിഹ്നങ്ങൾ എന്തിനു കൈവിടണം? പുതിയ ചക്രവാളങ്ങളിലേക്ക് എന്തിന് ചേക്കേറണം? ഇങ്ങനെയൊരു ചിന്ത ഇന്ന്‌  പ്രബലമാണ്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നത് അത്ര മതി എന്നു പോലും ‘കുലാഭിമാനം’ കൊണ്ടു കുറിയിട്ട ചില പുരുഷന്മാർ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. പക്ഷേ, യോഗ ക്ഷേമ സഭ എന്തു പറഞ്ഞാലും വീണ്ടും മറക്കുടയേന്താൻ ഒരു നമ്പൂതിരി സ്ത്രീയും കേരളത്തിൽ ഇന്നു തയ്യാറല്ല. വല്ലപാടുമുള്ള വിവാഹങ്ങളേക്കാൾ പരാശ്രയമില്ലാത്ത സ്വാർജ്ജിത സൗഭാഗ്യമാണ് ഇന്നത്തെ സ്ത്രീ കൊതിക്കുന്നത്. അച്ഛന്റെ പോരാട്ടത്തിലെ ഏറ്റവും വലിയ വിജയവും ഇതു തന്നെ. കേരളത്തിൽ സ്‌ത്രീയുടെ സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി പൊരുതിയ പുരുഷന്മാരിൽ പ്രധാനി അച്ഛനെന്നത്‌ അഭിമാനം.


നമ്പൂതിരിമാരെ മനുഷ്യ ലോകത്തിലേക്ക്‌ ക്ഷണിച്ചിരുത്തി മറ്റുള്ളവരെപ്പോലെ ജീവിക്കാൻ വിഭവമൊരുക്കിക്കൊടുത്തതും തടസ്സങ്ങൾ തട്ടിനീക്കിയതും ഞാനുൾപ്പെട്ട എന്റെ കൂട്ടാളികളാണ്. പൂണൂൽ പൊട്ടിച്ചത്, മറക്കുട തല്ലി പ്പൊളിച്ചത്, ചേലപ്പുതപ്പു ചീന്തിയെറിഞ്ഞത്, കാമിക്കുന്നവരെ കല്യാണം കഴിക്കാനാവശ്യമായ സാഹചര്യം സൃഷ്ടിച്ചത് എല്ലാം സാമൂഹ്യ പരിവർത്തന പ്രക്രിയയിലൂടെയാണ്. ഇതെല്ലാം എളുപ്പത്തിൽ സാധിച്ചതല്ല. ഹരിജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെയും ക്ഷേത്രപ്രവേശനാരംഭത്തിന്റെയും  മിശ്ര ഭോജനത്തിന്റെയും  മിശ്ര വിവാഹത്തിന്റെയും കയ്പും ഇന്നും മാറിക്കഴിഞ്ഞിട്ടില്ല എന്ന് അച്ഛൻ പ്രസ്താവിച്ചിട്ടുണ്ട് (പൊഴിഞ്ഞ പൂക്കൾ എന്ന ലേഖനം). അത് ഒരു വ്യാജ സത്യവാങ്മൂലമല്ല. പരിവേദന വിവാഹം ചെയ്യൽ, ഘോഷാബഹിഷ്‌കരണം, ഒന്നിലധികം വേൾക്കുന്ന അധി വേദന സമ്പ്രദായം തടയൽ, അയിത്തോച്ചാടനം, അധഃകൃതരുടെ ക്ഷേത്രപ്രവേശം, വിധവാ വിവാഹം തുടങ്ങിയവ ‘ശാസ്ത്രനിഷിദ്ധവും’ സമ്പ്രദായ വിരുദ്ധവുമാണെന്ന് സനാതന ധർമ സംരക്ഷണാദി സഭകളും ‘സുദർശനം’, ‘പതാക’ ഇത്യാദി പത്രങ്ങളും പഴമക്കാരും വാദിച്ചു. എന്നിട്ടും വിദ്യാഭ്യാസത്തിന് ആളും പണവും ശേഖരിക്കാൻ യാചനാ യാത്രയായി കടന്നു ചെന്ന നമ്പൂതിരി യുവജന സംഘക്കാർക്ക് "ഇല്ലങ്ങളിൽച്ചെന്നു നടന്നിരന്നാലില്ലെന്നു ചൊല്ലുന്ന ജനങ്ങളില്ല' എന്ന സ്വീകരണമാണ് മിക്ക ഗൃഹങ്ങളിൽനിന്നും ലഭിച്ചത്.

"അടുക്കളയിൽ നിന്ന്‌ അരങ്ങത്തേക്ക്' എന്ന നാടകാവതരണവേളയിലാണ് ഒരു നമ്പൂതിരി സ്ത്രീ ആദ്യമായി പുതപ്പും കുടയും ഉപേക്ഷിച്ച്‌ സദസ്സിലെത്തിയത്. കഴുത്തു മുതൽ കാലു വരെ ദേഹം മുഴുവനും മൂടുന്ന പുതപ്പും മുഖമൊളിപ്പിക്കാൻ പാകത്തിലുള്ള ഓലക്കുടയും ഉപേക്ഷിച്ച് ബ്ലൗസും വേഷ്ടിയുമായി ആറോളം അന്തർജനങ്ങൾ ആലൂരിലെ സ്കൂളിൽ ഒത്തുചേർന്നപ്പോൾ (൧൯൩൧) ആ അത്ഭുതം കാണാൻ ഒരു നാടു മുഴുവൻ എത്തിയിരുന്നു.

അടുക്കളയിൽ നിന്ന്‌ അരങ്ങത്തേക്ക്‌’നാടകത്തിന്റെ നേർക്ക്‌ പഴമക്കാർ പരിഹാസമുയർത്തി. കോഴിക്കോടു കോവിലകത്തിലെ ഇരിപ്പുകാരനായ ബാങ്കർ നമ്പൂതിരി ചെല്ലും ചെലവും അച്ചടിക്കൂലിയും വഹിച്ച് പ്രതിനാടകം എഴുതിച്ചതായി കേട്ടിട്ടുണ്ട്. വൃദ്ധനും ബഹു വിവാഹിതനുമായ കർക്കടാങ്കുന്ന്‌ വിരൂപാക്ഷൻ നമ്പൂതിരിയുമായുള്ള പെൺകൊട തടഞ്ഞ് വിളയൂർ തേതിപ്പെൺകിടാവ് സതീർഥ്യനായ മാധവനെ പരിണയം ചെയ്ത് എല്ലാ മാമൂലും ലംഘിക്കുന്നതാണല്ലോ പ്രഹസനത്തിലെ പ്രധാന പ്രമേയം. "അരങ്ങത്തു നിന്ന്‌ അടുക്കളയിലേക്ക്' എന്ന മറ്റൊരു പ്രതിനാടകം തിരുവിതാംകൂറിലും പ്രസിദ്ധീകരിച്ചതായി കേട്ടിട്ടുണ്ട്.  
എല്ലാത്തിനെയും അതിജീവിച്ച് സാമുദായിക പരിഷ്കരണ ശ്രമങ്ങൾ പിന്നെയും മുന്നോട്ടു പോയി. ഞങ്ങളുടെ വീടായിരുന്ന രസിക സദനത്തിൽ നടന്ന നമ്പൂതിരി സമുദായത്തിലെ ആദ്യ വിധവാ വിവാഹത്തിൻ പങ്കു കൊണ്ട എല്ലാവരെയും കൊച്ചി മഹാരാജാവ്‌ ക്ഷേത്ര നിരോധം ചെയ്തു. കൊച്ചി രാജാവിന്റെ പിന്നാലെ സാമൂതിരി രാജാവിന്റെ  തരക്‌ ഉണ്ടായി. സാമൂതിരിയുടെ മരുമകൻ കൂടിയായ നിലമ്പൂർ സീനിയർ രാജാവ് ഉൾപ്പെടെ നിരവധി പേരെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിൽ നിന്ന്‌ വിലക്കി. ഈ വിലക്കിൽ കേരളത്തിലെ പ്രധാന നമ്പൂതിരി ഗൃഹങ്ങളും ഉൾപ്പെട്ടിരുന്നു. ഇരിങ്ങാലക്കുട ഗ്രാമത്തിലെ യാഥാസ്ഥിതികർ അതു കൊണ്ടും അരിശം തീരാതെ വിവാഹത്തിൽ പങ്കെടുത്തവരെ മാത്രമല്ല, അഭിനന്ദനമയച്ചവരെയും എതിർപ്പു പ്രകടിപ്പിക്കാത്തവരെയും സമുദായത്തിൽനിന്ന്‌  പുറത്താക്കാനൊരുങ്ങി.

കേരളത്തിലെ എല്ലാ സമുദായക്കാർക്കും നമ്പൂതിരിമാരോട്‌ വെറുപ്പാണെന്നായിരുന്നു യോഗ ക്ഷേമ സഭ അന്ന്‌ പ്രചരിപ്പിച്ചിരുന്നത്. ബ്രാഹ്മണരുടെ അവകാശാധികാരങ്ങളെ തച്ചുടയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജന്മി കുടിയാൻ നിയമവും ധർമസ്ഥാപന നിയമവും അതിനു തെളിവാണ്. ഒരു തെരഞ്ഞെടുപ്പു വന്നാൽ നമ്പൂതിരിയെ സഹായിക്കാനാരുമില്ല എന്നെല്ലാമായിരുന്നു പ്രഭുക്കളായ സഭാനേതാക്കളുടെ പരാതി. സാധിക്കേണ്ട കാര്യങ്ങളും എതിരിടേണ്ട പ്രതിബന്ധങ്ങളും ബാക്കി നിൽക്കുന്നതിനാൽ സഹോദര സമുദായങ്ങളുടെ സഹകരണവും അനുഭാവവും ആർജിക്കണമെന്ന് അച്ഛനടക്കമുള്ള തീവ്രവാദികളും വാദിച്ചു. സാമുദായിക പ്രവൃത്തികൾക്ക് പൂർവാധികം ശക്തി കൂടുന്നുണ്ടെങ്കിൽ, വിപ്ലവാത്മകമായ മനഃസ്ഥിതി യുവാക്കൾക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ  അയ്യാക്കുട്ടിയോട് ഒന്നിച്ചിരുന്നു ഞങ്ങൾ ഉടനെ കുളിക്കാതെ ഭക്ഷണം കഴിക്കുന്നതാണെന്ന്‌ ഒരു സദസ്സിൽവച്ച്‌ സധൈര്യം പറയാൻ ഒരു നമ്പൂതിരി യുവാവ് പ്രേരിതനായെങ്കിൽ അതിനെല്ലാം കാരണം എൻ.എസ്എസ്, എസ്എൻ.ഡി.പി തുടങ്ങിയ  ഇതരസമുദായ സ്ഥാപനങ്ങളിലെ പ്രവർത്തകരുടെ പിന്തുണയാണെന്ന് അച്ഛൻ തോട്ടറ ഉപസഭാവാർഷികത്തിൽ പ്രസംഗിച്ചിട്ടുണ്ട്.


Read more: https://www.deshabhimani.com/articles/v-t-bhattathirippad-kerala-renaissance-kerala-history/1009756

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൂരോപ്പള്ളില്‍ ചാക്കോച്ചന്‍ വാഴൂരിന്‍റെ ചരിത്ര പുരുഷന്‍.!

Mixed Economic System: Characteristics, Examples, Pros & Cons

Ghee Vs Butter: Which Is Healthier