ജനവിധി അധര്‍മ്മത്തിനെതിരാവണം
എനിക്ക് പറയാനുള്ളത് ചിഹ്നത്തിൽ കുത്താനല്ല, ചിന്തിക്കാനാണ്..
ഞാൻ പറയുന്നത് നിഷ്പക്ഷതയെ കുറിച്ചുമല്ല, നിലപാടുകളെ കുറിച്ചാണ്..
നാടിനെ മുന്നോട്ട് നയിച്ചത് 'ഐ ഹേറ്റ് പൊളിറ്റിക്സ്' എന്നഭിമാനത്തോടെ പറഞ്ഞവരല്ല, രാഷ്ട്രീയം തിരഞ്ഞെടുക്കാൻ ആർജ്ജവം കാണിച്ചവരാണെന്ന് ഓർമ്മിപ്പിക്കാനാണ്..
ഭരണകൂടം വഴിതെറ്റുമ്പോൾ, അധികാരം ഭ്രാന്താകുമ്പോൾ, അഴിമതി അന്തരീക്ഷത്തിൽ സമരസപ്പെടുമ്പോൾ നിങ്ങളിലെ മതവും ജാതിയും പാരമ്പര്യമായി വന്ന് ചേർന്ന രാഷ്ട്രീയവും അരാഷ്ട്രീയവും മറന്ന് പച്ചമനുഷ്യനായി പ്രതികരിക്കണമെന്ന് അപേക്ഷിക്കാനാണ്...
ഞാൻ പറയുന്നത് ചിന്തിക്കാനാണ്, നിലപാടെടുക്കാനാണ്, പ്രതികരിക്കാനാണ്, നമ്മുടെ നാട് കണ്ട ഏറ്റവും പിഴച്ച ഈ ഭരണത്തെ തൂത്തെറിയാനാണ്..
ഇരുന്ന വകുപ്പുകളിലെല്ലാം അഴിമതി കണ്ടെത്തിയ, വൻ കിട മുതലാളിമാരുടേ വൈദ്യുതി മോഷണമടക്കം കണ്ടെത്തിയ ഋഷിരാജ് സിംഗിനെ വകുപ്പ് മാറ്റി റബറാക്കിയത് ഈ സർക്കാരാണ്..
ഫ്ലാറ്റ് മാഫിയക്ക് വഴങ്ങാതെ കെട്ടിടം പണിയുമ്പോൾ സുരക്ഷപാലിക്കണമെന്ന് നിർബന്ധം പിടിച്ച ജേക്കബ് തോമസ് ഐ പി എസിനെ കള്ളനെന്ന് വിളിച്ചത് ഈ മുഖ്യനാണ്..
റീജിയണൽ കാൻസർ സെന്ററിൽ ആളെ കൂട്ടുന്ന ഭക്ഷണ സാധനങ്ങളിലെ മായം കണ്ടെത്തിയ അനുപമ എന്ന ആർജ്ജവമുള്ള ഐ എ എസുകാരിയെ കൂച്ച് വിലങ്ങിട്ടതും ഈ മന്ത്രിസഭയാണ്..
സുവിശേഷം പറഞ്ഞു കക്കുന്ന ജിജി തോംസണും, കള്ളന്മാർക്ക് ഓശാന പാടുന്ന സെൻ കുമാറും പടികൾ കയറി തലപ്പത്തെത്തിയതും ഈ കാലത്താണ്..
ഈ സഭയിലെ എല്ലാ മന്ത്രിമാരുടെയും അക്കൗണ്ടിൽ അഴിമതിയുടെ പേരിൽ നൂറിലധികം വിജിലൻസ് കേസുകളാണ്, അതിൽ അഭിമാനത്തോടെ എണ്ണത്തിൽ ലീഡ് ചെയ്യുന്നത് നമ്മുടെ മുഖ്യമന്ത്രിയാണ്...
കേറിക്കിടക്കാൻ ഒരു തുണ്ട് ഭൂമിയില്ലാത്തവൻ വാവിട്ട് കരയുമ്പോൾ വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്കും സന്തോഷ് മാധവൻ- വിജയ് മല്ല്യമാർക്കും സർക്കാർ ഭൂമി പതിച്ച് കൊടുക്കുന്നത് ഈ കൂട്ടരാണ്..
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ലാഭത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ കയറിയിരുന്ന് കട്ട് മുടിച്ച്, ഇപ്പോൾ അവ നഷ്ടത്തിലാണെന്ന് നിയമസഭയിൽ സമ്മതിച്ചത് കുഞ്ഞാലിക്കുട്ടിയാണ്..
ബാർ മുതലാളിമാരുടെ കയ്യിൽ നിന്ന് കോഴവാങ്ങിയതിന്റെ പേരിൽ രാജിക്കത്ത് നൽകിയ മന്ത്രിമാർ രണ്ട് പേരാണ്..
ഈ മദ്യനയം കൊണ്ട് ഓരോ വീടുകളും കാറുകളും ബാറായെന്ന് പറഞ്ഞത് ശ്രീമാൻ എ കെ ആന്റണിയാണ്..
സരിതയെ അഭിസാരികയാക്കിയതും അവരുടെ കൂടെ കിടന്നതും ഫോണിൽ കിന്നരിച്ചതും സാമ്പത്തിക ഇടപാടുകൾ നടത്തിയതും നല്ല വെളുത്ത ഖദറിട്ട കോൺഗ്രസ് എം എൽ എമാരും മന്ത്രിമാരും നേതാക്കളുമാണ്..
ദേശീയ ഗെയിംസിൽ ഒരു കസേരക്ക് ദിവസവാടക നൽകിയത് ഏകദേശം 400/- രൂപയോളമാണ്..സി എ ജി റിപ്പോർട്ട് പറയുന്നത് ഇതു കോടികളുടെ അഴിമതിയാണ്..
വിഴിഞ്ഞം തുറമുഖം അദാനിക്ക് വിൽക്കുകയായിരുന്നു എന്ന് പറഞ്ഞത് ഇ. ശ്രീധരനാണ്..
സോളാർ, ബാർ, കൺസ്യൂമർഫെഡ്, ദേശീയ ഗെയിംസ്, പാഠപുസ്തകം, ഭൂമി ഇടപാടുകൾ, ഭൂമിദാനം, ഉദ്ദ്യോഗനിയമനങ്ങൾ, ഭൂമി നികത്തൽ തുടങ്ങി ഈ സർക്കാരിന്റെ കാലത്തുണ്ടായ അഴിമതികൾ എണ്ണിയാലൊടുങ്ങാത്തതാണ്..
സി എ ജി റിപ്പോർട്ട് പറയുന്നത് പൊതുകടം അഞ്ച് വർഷം കൊണ്ട് ഇരട്ടിയായി 1.5 ലക്ഷം കോടി ആയെന്നാണ്..
പൊതുവിതരണം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ആഭ്യന്തരം തുടങ്ങി എല്ലാ വകുപ്പുകളും താറുമാറായി കിടക്കുകയാണ്..
ഇവിടെ നടക്കുന്നത് കൊള്ളയെന്നും തീവെട്ടികൊള്ളയെന്നും തുറന്ന് പറഞ്ഞത് കെ പി സി സി പ്രസിഡന്‍റും, വൈസ് പ്രസിഡന്റുമാണ്..
വർഗ്ഗീയ പ്രസംഗങ്ങളും ബീഫ് വിവാദവും കേരളാ ഹൗസ് റെയിഡും നടക്കുമ്പോൾ മൗനം പാലിക്കുന്നത് ഇവരുടെ അജണ്ടയാണു..
ഈ ഭരണം, ഈ നാടിനെ തൂക്കിവിൽക്കുകയാണ്..
മലയാളി അഭിമാനിച്ചിരുന്ന രാഷ്ട്രീയ പ്രബുദ്ധതയെ നോക്കി കൊഞ്ഞനം കുത്തുകയാണ്..
വർഗ്ഗീയതയെ താലോലിക്കുകയാണ്..ഫാസിസത്തിനു നേരെ കണ്ണടക്കുകയാണ്..
ഞാൻ പറയുന്നത് ശാന്തമായി ചിന്തിക്കാനാണ്..കരുത്തുറ്റ നിലപാടെടുക്കാനാണ്...ശക്തമായി പ്രതികരിക്കാനാണ്..
ഞാൻ പറയുന്നത് ഈ നശിച്ച ഭരണത്തെ അറബിക്കടലിലേക്ക് വലിച്ചെറിയാനാണ്..
നിങ്ങൾ രാഷ്ട്രീയത്തോട് മുഖം തിരിച്ച് നിന്നാൽ നിങ്ങളേക്കാൽ കഴിവ് കുറഞ്ഞവർ മാത്രം അതിൽ നിറയും..
നിങ്ങൾ രാഷ്ട്രീയത്തെ നിരീക്ഷിച്ചാൽ നിങ്ങൾക്ക് അവരെ തിരിച്ചറിയാൻ കഴിയും...
നിങ്ങൾ രാഷ്ട്രീയത്തിൽ ഇടപെട്ടാൽ തീർച്ചയായും നിങ്ങൾക്കവരെ നിയന്ത്രിക്കാൻ കഴിയും..
അവരിൽ ഇടപെടാനുള്ളതാണ്, നിയന്ത്രിക്കാനുള്ളതാണ്, നേർവ്വഴി കാട്ടാനുള്ളതാണ് നിങ്ങളുടെ ഓരോ വോട്ടും...
വോട്ട് ചെയ്യുക, നല്ല നാടിനു വേണ്ടി..നല്ല നാളേയ്ക്ക് വേണ്ടി..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ