തെരഞ്ഞെടുപ്പു രാഷ്ട്രീയം സാംസ്‌കാരിക പ്രവർത്തകർക്ക് നിഷിദ്ധമോ ..?2016 കേരളാ നിയമ സഭാ
തെരഞ്ഞെടുപ്പു രാഷ്ട്രീയം സാംസ്‌കാരിക പ്രവർത്തകർക്ക് നിഷിദ്ധമോ ..?
2016 കേരളാ നിയമ സഭാ തെരഞ്ഞെടുപ്പിൽ സിനിമ -ദൃശ്യമാധ്യമ മേഖലകളിൽ പ്രവർത്തിക്കുന്ന മികവുറ്റ പ്രവർത്തനം കാഴ്ച വച്ച മുകേഷ് ,നികേഷ് കുമാർ, വീണാ ജോർജ്ജ് എന്നിവർക്ക് ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിത്വം നൽകിയതിനെതിരെ ചില കോണുകളിൽ നിന്നും ഉയർത്തപ്പെടുന്ന വിമർശനങ്ങൾ അത്ഭുതകരവും വിചിത്രവും ആയിരിക്കുന്നു. ഇവർ മൂവരും തങ്ങളുടെ മേഖലകളിൽ സ്വന്തമായ വ്യക്തിത്വം ഇതിനകം സൃഷ്ടിചിട്ടുള്ളവരും ,തങ്ങളുടെ ബന്ധുബലം കൊണ്ടല്ലാതെ പ്രശസ്തരും ആയിരിക്കെ അവർക്കെതിരെ ഉന്നയിക്കുന്ന വിമർശനങ്ങക്ക് എന്ത് അർഥം ആണുള്ളത് ? മുമ്പ് ഇടതു പക്ഷം എസ് .കെ .പൊറ്റെക്കാട് , വി .ആർ .കൃഷ്ണ അയ്യർ , ഡോ .എ .ആർ .മേനോൻ , ഒ .എൻ .വി .കുറുപ്പ് ,കടമ്മനിട്ട രാമകൃഷ്ണൻ ,ലെനിൻ രാജേന്ദ്രൻ , തോപ്പിൽ ഭാസി ,കാമ്പിശ്ശേരി തുടങ്ങിയവർക്കെല്ലാം തെഞ്ഞെടുപ്പ് മത്സരത്തിനു ഇടം നൽകിയ പാരമ്പര്യം കേരളത്തിനുണ്ടല്ലോ ..? ഇപ്പോൾ ആക്ഷേപം ഉന്നയിക്കുന്ന പലരും ദില്ലിയിൽ മാതൃഭൂമി ലേഖകനായിരുന്ന കെ .പി .ഉണ്ണികൃഷ്ണന് ലീലാദാമോദര മേനോനെ വെട്ടിനിരത്തി വടകരയിൽ കോൺഗ്രസ് സ്ഥാനാർഥിത്വം നൽകിയപ്പോൾ എന്തേ നിശബ്ദത പാലിച്ചത് ?
ആറന്മുളയിൽ സ്ഥാനാർഥി ആയ വീണ ജോർജ്ജിനെതിരെ ഉന്നയിക്കുന്ന ആക്ഷേപമാണ് ഏറ്റവും നികൃഷ്ടമായത് .വീണാ ജോർജ്ജിനെ കേരളം അറിയുന്നത് ,കൈരളി ടി വി ,മനോരമാ ന്യൂസ് ,ഇന്ത്യാ വിഷൻ ,ടൈംസ് നൗ ,റിപ്പോർട്ടർ ചാനലുകളിൽ കൂടി കാണിച്ച മാധ്യമ പ്രവർത്തന മികവിൻറെ അടിസ്ഥാനത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയ മഹനീയ വ്യക്തിത്വത്തിനുടമ എന്നനിലയിൽ ആണ്.പഠന മികവിൽ എം ,ജി സർവകലാശാലയിലെ റാങ്ക് ജേതാവായ ഈ മഹത് വനിതയെ അവർ ജനിച്ച ജാതിയുടെയോ ,മതത്തിന്റെയോ ബന്ധു ബലത്തിൻറെയോ പട്ടം ചാർത്തി അപകീർത്തിപ്പെടുത്തുന്നത് സംസ്കാര ശൂന്യത അല്ലാതെന്താണ് ? വ്യത്യസ്ത മേഖലകളിൽ പ്രവീണ്യം തെളിയിച്ച പ്രഗത്ഭരുടെ സാന്നിധ്യവും ,ഇടപെടലും രാഷ്ട്രീയരംഗത്തുണ്ടാകുന്നത് പൊതുവെ പ്രകടമാകുന്ന രാഷ്ട്രീയ ജീർണ്ണതക്ക് അന്ത്യം കുറിക്കാൻ സഹായകമാകുമെന്നത് ഉറപ്പാണ് .
അഴീക്കോട് മണ്ഡലത്തിൽ നികേഷിനെതിരെ ചാർത്തുന്ന കുറ്റം അദ്ദേഹത്തിന്റെ പിതാവ് എം വി രാഘവനാണ് എന്നതാണ് .രണ്ടു പതിറ്റാണ്ടിലേറെ കാലം ദൃശ്യ മാധ്യമ രംഗത്ത് സ്വന്തം വ്യക്തിത്വം കാഴ്ച വച്ച നികേഷ്കുമാർ എങ്ങിനെയാണ് തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അപ്രസക്തനാകുന്നത് ? വർത്തമാന കാല രാഷ്ട്രീയത്തോട് പുലർത്തുന്ന നിലപാടുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കണം ഒരു വ്യക്തിയെ വിലയിരുത്തേണ്ടത് .രാഷ്ട്രീയ അഴിമതിക്കെതിരെ ,വർഗീയ ഫാസിസത്തിനെതിരെ വിവിധ സെമിനാറുകളിൽ നികേഷ്കുമാർ നടത്തിയ നിരവധി പ്രഭാഷണങ്ങളിൽ കൂടി സമകാലീന പ്രശ്നങ്ങളോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഇതിനകം കേരളം തിരിച്ചറിഞ്ഞിട്ടുള്ളതാണ് .അതുകൊണ്ടു തന്നെ നികേഷ് കുമാറിനെതിരെ ചിലർ ഉന്നയിക്കുന്ന വിമർശനങ്ങൾ രാഷ്ട്രീയ പകയിൽ നിന്നും ഉടലെടുത്തിട്ടുള്ളതു മാത്രമാണ് .
കേരളത്തിലെ ജനങ്ങളിൽ ഇടതു പക്ഷ ആഭിമുഖ്യം വളർത്തി എടുക്കുന്നതിൽ കലാ സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിച്ചവർ നൽകിയ സംഭാവനകൾ എങ്ങിനെ നിഷേധിക്കാൻ കഴിയും ,പാട്ടബാക്കി ,നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കി തുടങ്ങിയ നാടകങ്ങൾ കമ്മ്യൂണിസ്റ്റ് നായകർ എഴുതി അഭിനയിച്ചു അരങ്ങേറിയ ഉന്നതങ്ങളായ കലാ സൃഷ്ടികൾ തന്നെ ആയിരുന്നു. കെ,പി.എ.സി,കൊല്ലം കാളിദാസ കേന്ദ്ര തുടങ്ങിയ പുരോഗമന നാടക സമിതികളെ അറിയാത്ത മലയാളികൾ ആരാണ് കേരളത്തിലുള്ളത് . കൊല്ലം കാളിദാസ കലാകേന്ദ്ര കുടുംബത്തിൽ ജനിച്ചു വളർന്ന നാൾ തൊട്ടു ഇടതുപക്ഷ ആഭിമുഖ്യം പുലർത്തുന്ന സിനിമാ നടൻ മുകേഷിനെ പോലും ചിലർ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിൽ കൂടി കേരളത്തിൻറെ മനസു ചെറുത് ആകുന്നു എന്നു തെളിയിക്കുക അല്ലേ ചിലരെങ്കിലും ചെയ്തത് ?
എന്തായാലും കടുത്ത സാംസ്‌കാരിക വൈകൃതത്തിൽ നിന്നും ഉടലെടുത്തിട്ടുള്ള ഇത്തരം വിലകുറഞ്ഞ വിമർശനങ്ങളെ സാംസ്‌കാരിക കേരളം അവഗണിക്കുന്നു എന്നതിന്റെ നേർ തെളിവുകളാണ് അവരുടെ മണ്ഡലങ്ങളിൽ ഇതിനകം അവർ നേടിയ സ്വീകാര്യത തെളിയിക്കുന്നത് .നമ്മുടെ രാഷ്ട്രീയം ശാസ്ത്ര സാങ്കേതിക,ആരോഗ്യ ,വിദ്യാഭ്യാസ , സാംസ്‌കാരിക മേഖലകളിൽ പ്രവീണ്യം തെളിയിച്ചിട്ടുള്ളവർക്ക് കൂടി ഇടപെടാൻ കഴിയുന്ന വിശാല വേദിയായി മാറ്റാൻ ഇനിയും കഴിയണം എന്നാണ് കേരളീയ സമൂഹം ആവശ്യപ്പെടുന്നത് .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ