നയാഗ്ര കൺ മുന്നിൽ
ലോകാത്ഭുതങ്ങളിൽ ഒന്നായ നയാഗ്ര വെള്ളച്ചാട്ടം കാനഡയിൽ ടൊറന്റോയിൽ നിന്നുള്ള കാഴ്ചകൾ. പണ്ട് പ്രൈമറി ക്ളാസുകളിൽ പാഠ പുസ്തകങ്ങളിൽ
ആദ്യമായി വായിച്ചറിഞ്ഞ "നയാഗ്ര" പി.എസ് .സി കോച്ചിംഗ് സെന്ററുകൾ ഇല്ലാത്ത കാലത്ത് സർക്കാർ ജോലി ലഭിക്കാൻ പി.എസ്.സി ഗൈഡിൽ വായിച്ച് മനപാഠമാക്കിയ നയാഗ്ര, സഫാരി ടിവിയിൽ സന്തോഷ് കുളങ്ങര വീഡിയോ ചിത്രങ്ങളിലൂടെ വിവരിച്ച ഏഴ് കടലിന് അക്കരയുള്ള നയാഗ്ര , ഇതാ ഇപ്പോൾ എഴുപത്തിരണ്ടാം വയസിൽ എന്റെ കൺ മുന്നിൽ എന്നെ നോക്കി പുഞ്ചിരിയോടെ കുശലം പറയുന്നു. വിവിധ ഭാഷകൾ , വിവിധ ഗോത്രങ്ങൾ, വിവിധ മതങ്ങൾ വ്യത്യാസമില്ലാതെ എത്രയോ രാജ്യങ്ങളിൽ നിന്ന് വരുന്ന ജനങ്ങളോടാണ് പ്രകൃതി സൃഷ്ടിച്ച ഈ അത്ഭുത പ്രതിഭാസം രാപകൽ വ്യത്യാസമില്ലാതെ മധുര പുഞ്ചിരിയോടെ കുശലം പറഞ്ഞു കൊണ്ടിരിക്കുന്നത്. അവൾ ചോദിക്കുന്നില്ല നിന്റെ ജാതിയും, മതവും, ഭാഷയും ഗോത്രങ്ങളും ഏതെന്ന്?
മൂന്ന് ഭാഗത്തെ വെള്ള ചാട്ടങ്ങൾ ചേർന്നതാണ് നയാഗ്രാ വെള്ള ചാട്ടം. ഇതിൽ ഏറ്റവും വലിയത് കുതിരയുടെ കുളമ്പ് രൂപത്തിലുള്ള "Horseshoe" വെള്ള ചാട്ടമാണ്. കാനഡയിൽ നിന്നുള്ള കാഴ്ച തന്നെയാണ് ഏറെ അനുഭൂതി പകരുന്നത്.
മുപ്പത്താറ് മൈലുകൾ താണ്ടി ന്യൂയോർക്ക് നഗരത്തിൽ നിന്ന് 128 മൈലുകൾ അകലെയുള്ള Lake Erie തടാകത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത് നിന്ന് യാത്ര തുടങ്ങി കാനഡയിലെ Lake Ontario. ഒൺടാരിയോ തടാകത്തിലേക്ക് 326 അടി താഴേക്ക് ഭീമാകാരമായ പാറക്കെട്ടിന് മുകളിൽ നിന്ന് നിപതിക്കുന്ന അത്ഭുത ദൃശ്യമാണ് നയാഗ്രാ വെള്ള ചാട്ടം. 1500 അടി വീതിയുള്ള നയാഗ്രാ വെള്ള ചാട്ടം ഒൺടാരിയോ തടാകത്തിന്റെ മുകൾപരപ്പിൽ നിന്ന് പതിനേഴ് അടി താഴെ വരെ ചെന്നെത്തും. പ്രകൃതിയുടെ അത്ഭുത പ്രതിഭാസമാണ് ഈ നീരൊഴുക്ക് രണ്ട് രാജ്യങ്ങളുടെ അതിരുകൾ ഭേദിക്കുന്ന ഈ നീരൊഴുക്ക് തടയാൻ മനുഷ്യൻ സൃഷ്ടിച്ച ഇമിഗ്രേഷൻ നിയമങ്ങൾക്ക് ഒന്നും ആവില്ല. മനുഷ്യൻ മതിലുകൾ സൃഷ്ടിച്ച് മാനവ സമൂഹത്തെ ഭിന്നിപ്പിക്കുമ്പോൾ പ്രകൃതി മതിലുകളില്ലാത്ത ലോകത്തെ സൃഷ്ടിക്കുന്നു.
തൊട്ടപ്പുറത്ത് യ.എസ്.എ.യാണ്.
ഇവിടെ പ്രത്യേക ജല നൗകയിൽ നയാഗ്ര യുടെ അതിമനോഹര ദൃശ്യങ്ങൾ കാണാം. കാനഡയിൽ നിന്നുള്ളവർ ചുവപ്പ് നിറത്തിലുള്ള മഴക്കോട്ട് ധരിച്ചാണ് ബോട്ടിൽ കയറുന്നത്. വെള്ള ചാട്ടത്തിനോട് അടുക്കും തോറും ചാറ്റൽ മഴയിൽ തുടങ്ങി അതിവർഷ കാലത്തെ പെരു മഴയിൽ കുളിക്കുന്ന പ്രതീതി. നദിക്ക് അക്കരെ അമേരിക്കയാണ്. അക്കരെ അമേരിക്കൻ ബോട്ടിൽ കയറുന്നവർ നീല മഴക്കോട്ട് ആണ് ധരിക്കുന്നത്. നയാഗ്ര നദിക്ക് കുറുകെ ഒരു വലിയ പാലമാണ് വടക്കേ അമേരിക്കയിലെ ഈ രണ്ട് രാഷ്ട്രങ്ങളെയും ബന്ധിപ്പിക്കുന്നത്. കനേഡിയൻ പാസ്പോർട്ട് ഉള്ളവർക്ക് യു.എസ്.എ യിലേക്കും , യു.എസ്.എ പാസ്പോർട്ട് ഉള്ളവർക്ക് കാനഡയിലേക്കും വിലക്കില്ലാതെ യാത്ര ചെയ്യാം. മറ്റുള്ളവർക്ക് പ്രവേശന വിലക്കുണ്ട്.
ഇക്കഴിഞ്ഞ ഏപ്രിൽ പത്തിനാണ് കാനഡ സന്ദർശനത്തിന് കേരളത്തിൽ നിന്ന് പുറപ്പെട്ടത്. ശൈത്യകാലം കഴിഞ്ഞ് വേനലിലേക്ക് പ്രവേശിച്ചതിനാൽ ടൂറിസത്തിന് യോഗ്യമായ കാലാവസ്ഥ. ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും തൊഴിൽ വിസ നേടിയും , ഉന്നത പഠനത്തിനും. കാനഡയിലേക്ക് വൻതോതിൽ കുടിയേറ്റം നടക്കുന്നുണ്ട്.
എന്നോടൊപ്പം ഭാര്യയും, മൂത്ത മകളുടെ ഭർത്താവ് ജിയോയും, സഹോദര പുത്രൻ സ്റ്റാനിയും, സ്റ്റാനിയുടെ മാതൃ സഹോദരി രജ്ജിത്തും സംഘത്തിലുണ്ട്. മൂത്തമകളും കുടുംബവും കൾഗറിയിലാണ് താമസം.
സ്റ്റാനി ആൽബർട്ടയിൽ പെട്രോളിയം ഘനന സെക്ടറിൽ ജോലി ചെയ്യുന്നു. രജ്ജിത്തും ഹോട്ടൽ മാനേജ്മെന്റ് പഠനത്തിന് ഒരു മാസം മുമ്പാണ് കാനഡയിൽ പഠനം വിസയിൽ എത്തിയത്.
പത്ത് പ്രൊവിൻസുകളും , മൂന്ന് ടെറിട്ടറികളുമാണ് കാനഡയിൽ. രാവിലെ ഏഴ് മണിക്ക് കാൾഗറി വിമാന താവളത്തിൽ നിന്ന് നയാഗ്രയിലേക്കുള്ള ഞങ്ങളുടെ യാത്ര സ്റ്റാനി വാടകക്ക് എടുത്ത കാറിലാണ് . നല്ല വീതിയുള്ള ഒരേ ദിശയിൽ നാലു വരി വാഹനങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയുന്ന ഇരു വശങ്ങളിലും നടപ്പാതകളുളള മനോഹര റോഡുകളാണ് അധികവും. കനേഡിയൻ ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിൽ ഏറെ ശ്രദ്ധാലുകളാണ്. കാൽ നടക്കാർക്ക് പ്രാണഭയം കൂടാതെ യാത്ര ചെയ്യാൻ കഴിയുന്ന നിരത്തുകളാണിവിടെ.
റോഡിന് ഇരുവശങ്ങളിലും മുന്തിരി , ആപ്പിൾ തുടങ്ങിയ വിവിധയിനം പഴ വർഗ കൃഷികൾ. നൂറിന് മേൽ കി.മി സ്പീഡിലാണ് വാഹനം കുതിക്കുന്നത്. നിയന്ത്രിത മേഖലകളിലും ആകെ കുറഞ്ഞ വേഗത മണിക്കൂറിൽ 60 കി.മി . കേരളത്തിലെ ഒരു ജനപ്രതിനിധി കെ.റെയിൽ വിരുദ്ധ സമരത്തിന് കൊഴുപ്പ് കൂട്ടാൻ കേരളത്തിൽ ആർക്കാണ് വേഗത്തിൽ യാത്ര ചെയ്യേണ്ടത് എന്ന ചോദ്യം ഉന്നയിച്ചത് പോലെയുള്ള വികസന വിരുദ്ധ ചോദ്യങ്ങൾ എങ്ങും കേൾക്കുന്നില്ല. വേഗ യാത്രക്കെതിരെ വിഢിത്ത ടോളുകൾ പറയുമ്പോൾ കയ്യടിക്കുന്ന നിലവാരത്തിലല്ല കാനേഡിയൻ ജനത.
ടൊറന്റോ ഒൺടാരിയോ പ്രൊവിൻസിലാണ് ഉൾപ്പെടുന്നത്. രണ്ട് ദിവസമാണ് ടൊറന്റോയിൽ തങ്ങുന്നത്. നാളെ വൈകിട്ട് കൾഗറിയിലേക്കുള്ള യാത്ര വിമാനമാർഗം. ജൂലൈ ആദ്യവാരം അഞ്ച് ദിവസം വാൻകൂവറിൽ. കാൾഗറിയിൽ നിന്ന് കാർ മാർഗമാകും യാത്ര. ജൂലൈ പതിനാറ് കേരളത്തിലേക്ക് തിരിച്ചുള്ള യാത്ര.
നയാഗ്രയെ കുറിച്ച് കൂടുതൽ അറിയാൻ വായിക്കാം
http://johnvazhathara-prakasam.blogspot.com/2023/06/niagara-river.html
https://m.facebook.com/story.php?story_fbid=pfbid02ZLdez8RacrhUygPeB2LaNRwuPyGxorxQd3gV2z8LHgc65CD1jKF6CqDzwuBW8cXLl&id=100064098248788&mibextid=Nif5oz
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ