വാട്ടർ ടൺ ദേശീയ പാർക്ക് കാനഡ
കനേഡിയൻ യാത്രയിലെ രണ്ടാമത്തെ ദേശീയ പാർക്ക് സന്ദർശനമാണ് വാട്ടർ ടൺ ദേശീയ പാർക്ക്. ആദ്യ യാത്ര Banff ദേശീയ പാർക്കിലേക്കായിരുന്നു .
505 ചതുരശ്ര കി.മീ വിസ്തൃതിയിലുള്ള വാട്ടർ ടൺ ദേശീയ പാർക്കിന് സഹസ്രാബ്ദങ്ങളുടെ കഥ പറയാനുണ്ട് .പതിനായിരം വർഷങ്ങൾക്കു മുമ്പ് തന്നെ ഇവിടെ മനുഷ്യ സാന്നിധ്യം ഉണ്ടായിരുന്നതായി പുരാവസ്തു ഗവേഷകർ തെളിവുകളുടെ ബലത്തിൽ സാക്ഷ്യപ്പെടുത്തുന്നു. എണ്ണായിരം വർഷങ്ങൾക്ക് മുമ്പ് Upper Waterton Lake ലും Blakiston Valley.യിലും മത്സ്യബന്ധനം നടന്നിരുന്നതായി തെളിവുകൾ ലഭ്യമാണ്. കുറഞ്ഞത് മൂവായിരം വർഷങ്ങൾ മുമ്പെങ്കിലും പിക്കാനി ഗോത്ര വംശജരുടെ ആദ്യ തലമുറ ഈ പർവ്വത നിരകളിൽ വസിച്ചിരുന്നതായും പുരാവസ്തു ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു.
ആൽബർട്ടാ പ്രൊവിൻസിലെ കാൾഗറി നഗരത്തിൽ നിന്ന് റോഡ് മാർഗം മൂന്ന് മണിക്കൂർ കൊണ്ട് ഈ പാർക്കിൽ എത്താൻ കഴിയും. പ്രത്യേക പാസ് എടുത്ത് മാത്രമേ ഉള്ളിൽ പ്രവേശിക്കാൻ കഴിയൂ. കൾഗറിക്ക് തെക്ക് കാനഡ - യുഎസ് അതിർത്തിയോട് ചേർന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. താഴ്‌വാര പട്ടണം സമുദ നിരപ്പിൽ നിന്ന് 4200 അടി ഉയരത്തിലാണ്. ഇവിടെ നിന്ന് നീലാകാശത്തിലേക്ക് നോക്കിയാൽ ഗിരിശൃംഗങ്ങളുടെ സംസ്ഥാന സമ്മേളനം നടക്കുന്ന പ്രതീതി. ശൈത്യകാലത്ത് മഞ്ഞുകട്ടകളാൽ മൂടി അടി മുടി ശുഭ്ര വസ്ത്രം ധരിച്ച യക്ഷികളുടെ രൂപമാകും ഇതിന്. ശൈത്യം മാറി വേനൽ കനക്കും തോറും വേഷം മാറും. വേനൽച്ചൂടിൽ മഞ്ഞുരുകി താഴേക്ക് ഒഴുകുന്ന പനിനീർ തുള്ളികൾക്ക് സമാനമായ ദ്രവീകൃത ജലം ചെറിയ അരുവികളായി, പുഴകളായി രൂപഭേദം വന്ന് മലയിടുക്കുകൾക്ക് ഇടയിൽ ചെറുതും , വലുതുമായ തടാകങ്ങളായി മാറുന്നു. അകലെ നിന്ന് നോക്കുമ്പോൾ തിളങ്ങുന്ന വെള്ളിയാഭരണം ധരിച്ച സുന്ദര യുവതികളുടെ മനോഹര ദൃശ്യങ്ങൾക്ക് സമാനമാണ് ഈ നയന സുന്ദര കാഴ്ചകൾ.
ഏറ്റവും ഉയരമുള്ള മൗണ്ട് ബ്ളാസ്റ്റൻ കൊടുമുടിക്ക് താഴ്‌വാരത്തിൽ നിന്ന് 4900 അടി ഉയരമുണ്ട്. സമുദ്ര നിരപ്പിൽ നിന്ന് 9645 അടി ഉയരം. കേരളത്തിലെ വേമ്പനാട് / ശാസ്താംകോട്ട / വേളി കായൽ പോലെ ഗിരി ശൃംഗത്തിൽ വിശാലമായ തടാകങ്ങൾ. തടാകത്തിലൂടെ ചെറുതും, വലുതുമായ ബോട്ടുകളിൽ യാത്രചെയ്ത് ഗിരി ശൃംഗങ്ങളുടെ മനോഹര ദൃശ്യങ്ങൾ ഒപ്പിയെടുക്കാൻ സൗകര്യം ഉണ്ട്. അത്യപൂർവ്വ സസ്യ സമ്പത്തുകളാൽ ധന്യമാണ് ഈ ദേശീയ പാർക്ക്.
വേനൽക്കാലത്ത് കാരവനുകളിൽ എത്തി ക്യാമ്പ് ഷെഡിൽ തമ്പടിച്ച് മലകയറ്റവും, വേട്ടയാടലും കനേഡിയൻ ജനതയുടെ പ്രധാന വിനോദമാണ്. ലൈസൻസുള്ളവർക്ക്, സർക്കാർ നിബന്ധനകൾ കൃത്യമായി പാലിച്ച് മാത്രമേ വന്യജീവികളെ വേട്ടയാടാൻ അനുവദിക്കൂ.
കൂടുതൽ അറിവിന് വായിക്കാം http://johnvazhathara-prakasam.blogspot.com/2023/06/general-information-about-waterton-and.html
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ