Johny Ok writes: : മാധ്യമപ്രവര്‍ത്തകരെ ?
-------------------------------------------------
ഒ കെ ജോണി
ബി.ജെ.പിയുടെ എം.പിയും കേരളത്തിലെ ബി.ജെ.പി മുന്നണിയുടെ ഉപാദ്ധ്യക്ഷനുമായ വ്യവസായി രാജീവ് ചന്ദ്രശേഖരന്റെ ഏഷ്യാനെറ്റ് ഉള്‍പ്പടെയുള്ള മുന്‍ നിര ചാനലുകള്‍, മഹാമാരിയും പേമാരിയും ജനകീയ പ്രശനങ്ങളും എല്ലാം മാറ്റി വെച്ച് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ചെന്നിത്തലയുടെയും ബി.ജെ.പിയുടെയും പ്രചരണം ഏറ്റെടുത്തതില്‍ അവരെ കുറ്റം പറയാനാവില്ല. വ്യവസായികള്‍ മാധ്യമ സാമ്രാജ്യം കെട്ടിപ്പെടുക്കുന്നത് വെറും പണം ഉണ്ടാക്കുവാന്‍ മാത്രമല്ല, രാഷ്ട്രീയ ലാക്കോടെയും ആണ്. അത് അവര്‍ക്കും അറിയാം, ജനങ്ങള്‍ക്കും അറിയാം. പക്ഷെ, അവരുടെ ശമ്പളക്കാരായ മാധ്യമ പ്രവര്‍ത്തകര്‍ മാത്രം അത് അറിഞ്ഞതായി ഭാവിക്കില്ല. ( ആ സ്ഥാപനത്തിലെ പണി അവസാനിക്കുന്നതു വരെ എങ്കിലും!)
ചാനല്‍ സ്റ്റുഡിയോയിലെ കാമറയ്ക്ക് മുന്നില്‍ ഒരു കറുത്ത കോട്ടും ഇട്ടിരിക്കുമ്പോള്‍ അവര്‍ സ്വയം കരുതുന്നത് രാജ്യത്തിന്റെ വിധികര്‍ത്താക്കള്‍ തങ്ങളാണെന്നാണ്. ആരെ കുറിച്ചും എന്ത് അപവാദവും വിളിച്ചു പറയാമെന്നാണ്. തങ്ങള്‍ പ്ലാന്റ് ചെയ്യുന്ന വ്യാജ വാര്‍ത്തകൾ എല്ലാം താനേ മുളച്ച് തഴച്ചു വളരുമെന്നാണ്.
ഇത് ആത്മ വിസ്മൃതി എന്ന ഒരു മാനസിക അവസ്ഥയാണ്. ചികിത്സിച്ചാല്‍ ഭേദം ആക്കാവുന്നതും ആണ്. പക്ഷെ, അലക്ക് ഒഴിഞ്ഞിട്ടു വേണ്ടേ!
വിമോചന സമരക്കാലത്ത് ആഗോള കൃസ്ത്യന്‍ സഭയും കേരളത്തിലെ സമുദായ സംഘടനകളും വലതുപക്ഷ പാര്‍ട്ടികളും നടത്തിയ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടു നിന്ന മാധ്യമങ്ങള്‍ പോലും ഇന്ന് തങ്ങളെ ന്യായീകരിക്കുവാന്‍ പഴുതില്ലാതെ അതിനു നേര്‍ക്ക് കണ്ണടയ്ക്കുക ആണെന്ന വാസ്തവം കേരളത്തിലെ അരണാഭ കൗസ്വാമിമാര്‍ക്ക് അറിയില്ലെന്നാണോ കരുതേണ്ടത്?
നാണമില്ലാത്തവരെ കുറിച്ച് വീണ്ടും വീണ്ടും ആക്ഷേപം ഉന്നയിക്കുന്നത് സ്വയം നാണം കെടുന്ന പാഴ് വേലയാണെന്നാണ് മുതിര്‍ന്നവര്‍ പറയുക. കേരളത്തിലെ വാര്‍ത്താ ചാനലുകളെ വിമര്‍ശിക്കാൻ ഒരുങ്ങുമ്പോള്‍ ഈ ഭയമാണ് ഉള്ളതെങ്കിലും, പറയാതെ വയ്യെന്നായിരിക്കുന്നു.
ഇന്ന് മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തില്‍ രണ്ട് മൂന്ന് റിപ്പോര്‍ട്ടര്‍മാര്‍ ( അവരാരെന്ന് ദൃശ്യത്തിലില്ല. അശരീരി മാത്രം!) മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമങ്ങള്‍ക്കു നേരെ വ്യാപകമായ സൈബര്‍ ആക്രമണം നടക്കുന്നു എന്ന ആവലാതി ഒന്നിലേറെ തവണ ഉന്നയിക്കുന്നതു കേട്ടു. മുഖ്യമന്ത്രി ഈ പ്രവണതയെ അപലപിച്ചില്ലെങ്കില്‍ അത് വ്യാപകമാവുമെന്ന വളരെ നിഷ്‌കളങ്കമായ ഒരു ഭയവും അവരിൽ ഒരാള്‍ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.. പൊതുവെ, വലിയ വീര ശൂര പരാക്രമികളും കേമന്മാരുമായി ഭാവിക്കുന്ന തലസ്ഥാന നഗരിയിലെ വാര്‍ത്താ ലേഖകര്‍ തങ്ങള്‍ക്ക് എതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുമ്പോഴേക്കും മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെടുന്നതു കേട്ടപ്പോള്‍ ഞാൻ അതിശയിച്ചു. ഈ മാധ്യമ ഉപജീവികള്‍ക്ക് നാണം മാത്രമല്ല, സാമാന്യ ബുദ്ധിയും അശേഷമില്ലേ?
സൈബറിടങ്ങളില്‍ വരുന്ന ലക്ഷക്കണക്കിന് അജ്ഞാതരുടെയും , പ്രശസ്തരുടെയും ശരിയും , തെറ്റുമായ അഭിപ്രായ പ്രകടനങ്ങളെയും , വ്യാജ വാര്‍ത്തകളെയും വേര്‍തിരിച്ച് എടുക്കുക എന്നതും , അതിൽ ഇടപെടുക എന്നതും ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം ആണോ? സൈബര്‍ സെല്ലിലെ നിരീക്ഷക ജോലിയാണോ മുഖ്യമന്ത്രിയുടേത്?
തനിക്ക് അപകീര്‍ത്തികരമായ വാര്‍ത്തയോ വിമര്‍ശനമോ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ കണിശമായ തെളിവുകളോടെ സൈബര്‍ ക്രൈം അന്വേഷിക്കുന്ന പൊലീസില്‍ പരാതി നല്‍കുകയല്ലേ ഒരു പൗരന്‍ ചെയ്യേണ്ടത്. മാധ്യമ പ്രവര്‍ത്തകര്‍ക്കു മാത്രമായി രാജ്യത്ത് ഇതില്‍ നിന്ന് വ്യത്യസ്തമായ വേറെ നിയമമൊന്നും നിലവിൽ ഇല്ലെന്നാണ് എന്റെ ബോദ്ധ്യം. അതോ പൗരന്മാരേക്കാള്‍ വിശേഷപ്പെട്ട ഏതോ ജന്തുക്കളാണ് തങ്ങളെന്ന തെറ്റിദ്ധാരണ ആണോ അവര്‍ക്കുള്ളത്?
ഇനി ഒരാള്‍ക്ക് എതിരെയല്ല, മാധ്യമങ്ങള്‍ക്ക് എതിരെ പൊതുവായി ആക്ഷേപം ഉയരുന്നു എന്നാണ് ആവലാതിയെങ്കില്‍, മാധ്യമങ്ങളെ വിമര്‍ശിക്കാന്‍ പാടില്ലെന്ന വല്ല നിയമവും നാട്ടില്‍ നിലവിലുണ്ടോ? നാട്ടു നടപ്പനുസരിച്ച് സര്‍ക്കാരിന്റെ പല ആനുകൂല്യങ്ങളും മാധ്യമ പ്രവര്‍ത്തകര്‍ അനുഭവിക്കുന്നുണ്ടെങ്കിലും അത് സര്‍ക്കാരിന്റെ വെറും ഔദാര്യം മാത്രമാണ്, തങ്ങളുടെ അവകാശമൊന്നും അല്ലെന്ന് അറിയാത്ത മണ്ടന്മാരാണോ തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകര്‍? ഏത് പൗരനും ഉണ്ടായിരിക്കേണ്ട സാമൂഹിക ബോധം കമ്മിയാണെങ്കിലും ഏത് പൗരനുമുള്ള ആവിഷ്‌കാര സ്വാതന്ത്ര്യം മാത്രമേ മാധ്യമ പ്രവര്‍ത്തകനും ഉള്ളൂ എന്നു കൂടി അവരറിയണം.
ആടിനെ പട്ടിയാക്കാനും പട്ടിയെ പേപ്പട്ടിയാക്കാനും വിരുതുള്ളതു കൊണ്ടു മാത്രം ഏത് സാമൂഹിക വിരുദ്ധ മാധ്യമത്തെയും ഓമനിക്കാനുള്ള ബാദ്ധ്യതയൊന്നും സമൂഹത്തിനില്ല. വ്യാജ വാര്‍ത്തകളിലും, വ്യാജ വിവാദങ്ങളിലും അഭിരമിക്കുന്ന മാധ്യമ വ്യവസായികള്‍ക്കും , മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരെ സഭ്യവും , സഭ്യേതരവുമായ വിമര്‍ശനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വരുന്നുണ്ടാവണം. നീതി ബോധത്തോടെ മാധ്യമ പ്രവര്‍ത്തനം നടത്തുന്ന എന്‍.ഡി.ടി.വിയെയും ദ വയറിനെയും പോലുള്ള മാധ്യമങ്ങള്‍ക്കു നേരെ രാജ്യത്തെ ഭരണകൂടം നടത്തുന്ന ആക്രമണങ്ങള്‍ക്ക് എതിരെ ഒരു വാക്ക് ഉരിയാടാത്ത കേരളത്തിലെ ഈ മാധ്യമ ഉപജീവികളും അവരുടെ സംഘടനയും അവര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന വിമര്‍ശനങ്ങളില്‍ രോഷാകുലർ ആകുന്നത് നല്ല തമാശയാണ്.
ഈ കുറിപ്പ് എഴുതുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കളും ബി.ജെ.പി വക്താക്കളും മാധ്യമ പ്രവര്‍ത്തകര്‍ക്കു വേണ്ടി ചാനലിലൂടെ ആക്രോശിക്കുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്. ജനവിരുദ്ധ രാഷ്ട്രീയത്തിന് ഒപ്പം നില്‍ക്കുന്ന ഗൂഢ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും വിമര്‍ശിക്കാനുള്ള അവകാശം തല്‍ക്കാലം നിരോധിക്കാൻ ആകുമെന്ന് തോന്നുന്നില്ല. അല്ലെങ്കില്‍ അതു വരട്ടെ, അപ്പോഴാലോചിക്കാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ