ഓർത്തഡോക്സ് ഭരണഘടനയും ചർച്ച് ആക്ടും


ചർച്ച് ആക്ട് വന്നാൽ ഭരണഘടനയും, കോടതി വിധികളും ഇല്ലാതാകും 




ചർച്ച് ആക്ട് നിയമമായാൽ അടിമുടി പൗരോഹിത്യാധികാര കേന്ദ്രീകൃത വ്യവസ്ഥകളുള്ള സുപ്രീംകോടതി അംഗീകരിച്ച ഓർത്തഡോക്സ് സഭയുടെ 1934 ഭരണഘടനയടക്കം കേരളത്തിലെ ക്രൈസ്തവ സഭകളുടെ മതപരമായ എല്ലാ നിയമാവലികളും ഇല്ലാതാകും. സ്വാഭാവികമായും 1934 ഭരണഘടനയെ ആധാരമാക്കി 1959 ,1995 , 2017 സുപ്രീംകോടതി വിധികളും അപ്രസക്തമാകും

ചർച്ച് ആക്ട് സെക്ഷൻ 5 പ്രകാരം ഇടവക പള്ളികൾ സ്വതന്ത്ര ട്രസ്റ്റുകളായി രജിസ്റ്റർ ചെയ്യുന്നതോടു കൂടി ഇടവക പള്ളികളുടെ സ്വത്ത് ഭരണത്തിൽ 1934 ഓർത്തഡോക്സ് സഭാ ഭരണഘടന പ്രകാരം ഇടവക വികാരിക്കും , ഇടവക മെത്രാനും, മലങ്കര മെത്രാനും ഉള്ള എല്ലാ ലൗകിക അധികാരങ്ങളും ഇല്ലാതാകും.

ചർച്ച് ആക്ട് വന്നാൽ ഇടവക പള്ളികളുടെ സ്ഥാപനോദ്ദേശവും, വിശ്വാസ പൈതൃകവും സംരക്ഷിക്കാം

ചർച്ച് ആക്ട് നിയമമായാൽ സെക്ഷൻ 5(1) പ്രകാരം അനുഷ്ഠാനം, ആചരണം, പതിവുരീതി ,സമ്പ്രദായം ,സഭാ നിയമം ഉൾപ്പെടെ ഏതു നിയമത്തിൽ ഉൾക്കൊണ്ടിരുന്നാലും ഓരോ ഇടവക പള്ളിയും അതാതിന്റെ പേരിൽ തന്നെ ക്രൈസ്തവ ചാരിറ്റബിൾ ട്രസ്റ്റ് ആയി നിയമം പ്രാബല്യത്തിൽ വന്ന് ആറു മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണം. വകുപ്പ് 5(2) പ്രകാരം ഓരോ ഇടവകയും അസംബ്ലി ട്രസ്റ്റിനു വേണ്ടിയുള്ള അവാന്തര നിയമങ്ങളും, മെമ്മോറാണ്ടവും തയ്യാറാക്കണം. ചർച്ച് ആക്ടിനും , ഇടവക ട്രസ്റ്റ് അസംബ്ലി അംഗീകരിച്ച   നിയമാലിയും അനുസരിച്ചായിരിക്കണം ട്രസ്റ്റ് കമ്മറ്റി ഭരണം നടത്തേണ്ടത്. ഇടവക വികാരി , ഇടവക മെത്രാൻ , മലങ്കര മെത്രാൻ എന്നീ പൗരോഹിത്യ സ്ഥാനികൾക്ക് ഇടവക പള്ളികളിന്മേലുള്ള എല്ലാ ലൗകികാധികാരവും ഇതോടു കൂടി ഇല്ലാതാകും. സ്വന്തം നിയമാവലി രൂപീകരിക്കാൻ ഇടവക പള്ളികൾക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതോടു കുടി ഒരോ ഇടവക പള്ളികൾക്കും അവയുടെ സ്ഥാപനോദ്ദേശവും , പൈതൃക വിശ്വാസവും സംരക്ഷിക്കാൻ ചർച്ച് ആക്ട് മുഖാന്തിരം കഴിയും. 

ചർച്ച് ആക്ട് വന്നാൽ വികാരിക്കും, ഇടവക മെത്രാനും , മലങ്കര മെത്രാനും ആത്മീയ അധികാരം മാത്രം.

പള്ളികളിലും, ഭദ്രാസനങ്ങളിലും, സഭയിലും, വിശ്വാസികളിന്മേലും വിപുലമായ ലൗകീകാധികാരങ്ങളുള്ള 1934 ഭരണഘടനക്ക് പകരം ചർച്ച് ആക്ട് നിയമത്തിന് അനുരോധമായി ഓരോ പള്ളിയിൽ നിന്നും ഇടവകയിലെ കുടുംബങ്ങളുടെ എണ്ണത്തിന് ആനുപാതികമായി തെരഞ്ഞെടുക്കുന്നവർ ചേർന്ന് തെരഞ്ഞെടുക്കുന്ന ഭദ്രാസന ട്രസ്റ്റ് സമിതിയാകും ഭദ്രാസന ഭൗതിക സ്വത്ത് ഭരണം നിർവ്വഹിക്കുക. ഇതേ രീതിയിൽ തന്നെ സഭയുടെ കേന്ദ്ര സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന 101അംഗ ട്രസ്റ്റ് ഭരണ സമിതിയാകും സഭാ കേന്ദ്ര ഭൗതിക സ്വത്ത് ഭരണം നിറേറ്റുക. ഇടവക പൊതുയോഗത്തിൽ വികാരിക്കും, ഭദ്രാസന ട്രസ്റ്റ് ഭരണ സമിതിയിൽ ഇടവക മെത്രാനും , സഭാ കേന്ദ്ര സ്വത്തു ഭരണസമിതി യോഗത്തിൽ സഭാ തലവനായ മെത്രാനും അദ്ധ്യക്ഷത വഹിക്കാമെങ്കിലും ഇടവക / ഭദ്രാസന , കേന്ദ്ര ട്രസ്റ്റ് ഭരണ സമിതിയുടെ സ്വത്ത് ഭരണത്തിൽ യാതൊരു അധികാരവും ചെലുത്താൻ  ഈ നിയമം അനുവദിക്കുന്നില്ല. 

ഇടവക പള്ളികൾ സ്വതന്ത്ര ട്രസ്റ്റുകളാകും. മലങ്കര സഭയുടെ ഏകശിലാ ട്രസ്റ്റ്‌ പദവിയും ഇല്ലാതാകും.

ഈ നിയമം നടപ്പിലാകുന്നതോടു കൂടി ഇടവക പള്ളികളും , ഭദ്രാസനങ്ങളും ,സഭാ കേന്ദ്രവും വ്യത്യസ്ത ട്രസ്റ്റുകളായി മാറുന്നതോടു കൂടി 1934 ഭരണഘടന പ്രകാരം സുപ്രീംകോടതി അംഗീകരിച്ചു കൊടുത്ത "വിഭജിക്കാനാവാത്ത ഏക ശിലാ ട്രസ്റ്റ് "പദവി നഷ്ടപ്പെടുകയും ഇടവക പള്ളികൾ സ്വതന്ത്രമാകുകയും ചെയ്യും. ഫലത്തിൽ ഇടവകാംഗങ്ങളുടെ ഭൂരിപക്ഷമായിരിക്കും ഇടവക പള്ളികളുടെ ഭാവി നിശ്ചയിക്കുക . വിശ്വാസ പരമായ തർക്കങ്ങളിൽ സിവിൾ കോടതികൾക്ക് ഇടപെടാൻ ഇന്ത്യൻ ഭരണഘടന അനുവദിക്കാത്തതിനാൽ സഭയുടെ അവാന്തര വിഭാഗ (Denomination Sect ) പദവി  ഇടവക പള്ളികൾക്ക് ലഭിക്കുന്നതോടു കുടി വിശ്വാസ പരമായ വേറിട്ട നിലപാട് ഭൂരിപക്ഷ അഭിപ്രായത്തോടെ സ്വീകരിക്കാൻ ഇടവക പള്ളികൾക്ക് കഴിയും. ഇടവക പള്ളികളിലെ വിശ്വാസികൾക്ക് സ്വീകാര്യമല്ലാത്ത വിശ്വാസങ്ങളെയോ, ആത്മീയ പുരോഹിതരെയോ സ്വീകരിക്കുന്നതിന് നിർബന്ധിക്കാൻ ചർച്ച് ആക്ട് വന്നാൽ സിവിൾ കോടതികൾക്ക് കഴിയാതെ വരുമെന്ന് ചുരുക്കം.

പള്ളി സ്വത്ത് ഭരണ രേഖകളുടെ സൂക്ഷിപ്പ് അധികാരം ട്രസ്റ് ഭരണ സമിതിക്ക്

ഓർത്തഡോക്സ് ഭരണ ഘടന 43, 44 വകുപ്പുകൾ

പ്രകാരം മാമ്മോദീസാ രജിസ്റ്റർ, വിവാഹ രജിസ്റ്റർ, മരണ രജിസ്റ്റർ, ഇടവക രജിസ്റ്റർ , മറ്റ് സ്വത്തുക്കൾ എന്നീ ലൗകീക രേഖകളുടെ സൂക്ഷിപ്പുകാരൻ എന്ന പദവി വികാരിക്കാണ്. ഇടവക മെത്രാനെ ഈ രജിസ്റ്ററുകൾ കാണിച്ച് മുദ്ര വപ്പിക്കണമെന്നും ഈ വകുപ്പിൽ പറയുന്നു. ചർച്ച് ആക്ട് വന്നാൽ ഇടവക മെത്രാനു വേണ്ടി ഇടവക വികാരി കൈകാര്യം ചെയ്യുന്ന സുപ്രധാന രേഖകളുടെ സൂക്ഷിപ്പ് അധികാരം നഷ്ടപ്പെടും. ഇതോടു കൂടി പള്ളിവക എല്ലാ റിക്കാർഡുകളും വികാരി ട്രസ്റ്റ് ഭരണ സമിതിക്ക് കൈമാറേണ്ടി വരും. പള്ളി റിക്കാർഡുകളുടെ സൂക്ഷിപ്പ് അധികാരം ഉപയോഗിച്ചാണ് ഇടവക വികാരിയും, ഇടവക മെത്രാനും, മലങ്കര മെത്രാനും ചേർന്ന് യാക്കോബായ സഭാ ദേവാലയങ്ങൾ പിടിച്ചെടുത്തത്.


മനുഷ്യാവകാശങ്ങളും മൗലികാവശങ്ങളും സംരക്ഷിക്കപ്പെടും. പള്ളി / സെമിത്തേരി കയ്യേറ്റങ്ങളും അവസാനിക്കും. 

സഭയിലെ എല്ലാ അംഗങ്ങൾക്കും, സ്വാഭാവിക നീതിയും , സ്വാതന്ത്യവും ഉറപ്പു വരുത്തുന്നതോടൊപ്പം, മനുഷ്യാവകാശങ്ങളും, മൗലികാവകാശങ്ങളും സംരക്ഷിക്കാൻ ത്രിതല ട്രസ്റ്റ് സമിതികൾ നിയമപരമായി ബാദ്ധ്യസ്ഥരാണ്. ഇന്ന് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന പള്ളി കയ്യേറ്റങ്ങളോ, ശവസംസ്കാര നിഷേധമോ ചർച്ച് ആക്ട് വന്നാൽ നടക്കില്ല. ഇടവക ജനങ്ങളുടെ ഭൂരിപക്ഷാഭിപ്രായത്തിന് തരിമ്പും വില നൽകാതെ ഇടവക വികാരിക്ക് ലഭിക്കുന്ന ലൗകീകാധികാരമാണ്  ഇത്തരം തർക്കങ്ങൾക്ക് അടിസ്ഥാന കാരണം. 

ചർച്ച് കമ്മിഷണർക്ക് ഭരണാധികാരമില്ല. മേൽനോട്ട അധികാരംമാത്രം

ചർച്ച് ആക്ട് നിയമ പ്രകാരം രൂപവൽക്കരിക്കപ്പെട്ട വിവിധ ട്രസ്റ്റു കമ്മറ്റികളുടെ മേൽനോട്ട അധികാരം സർക്കാർ നിയമിക്കുന്ന സർക്കാർ സെക്രട്ടറിയുടെ പദവിയിൽ താഴാത്ത പദവിയിലുള്ള  ചർച്ച് കമ്മീഷണർക്ക് ഉണ്ടായിരിക്കും. എന്നാൽ ഈ ചർച്ച് കമ്മിഷണർക്ക് ട്രസ്റ്റ് ഭരണ സമിതിയിൽ അംഗത്വം ഉണ്ടായിരിക്കില്ല. ഓർത്തഡോക്സ് സഭാ ഭരണഘടന വകുപ്പ് 66 പ്രകാരം ഇടവക മെത്രാനും, മലങ്കര മെത്രാനും ലഭിക്കുന്ന സ്വത്ത് ഭരണ മേൽനോട്ട അധികാരം ഇതോടു കൂടി നഷ്ടപ്പെടും.

പാരീസ് കാനോനും അപ്രസക്തമാകും 

ഓർത്തഡോക്സ് ഭരണഘടന വകുപ്പ്  5 പ്രകാരം ബാർ എബ്രായയുടെ പാരീസ് കാനോനാണ് ഓർത്തഡോക്സ് സഭയുടെ ഔദ്യോദിക കാനോൻ .1934 ഭരണഘടനയുടെ ബലത്തിൽ മാത്രമാണ് പാരീസ് കാനോന്റെ നിലനിൽപ്പ് .സഭാ തലവൻ പാത്രിയർക്കീസിന്റെ അധികാരം പരിമിതപ്പെടുത്തുന്നതിനാണ്  റോമൻ കത്തോലിക്കാ വൈദികനായ പോൾ ബജാൻ 1898 - ൽ അച്ചടിച്ചു പ്രസിദ്ധീകരിച്ച പാരീസ് കാനോൻ ഔദ്യോദിക കാനോനായി ഭരണഘടനയിൽ ഉൾപ്പെടുത്തി അംഗീകരിച്ചത് .കാനോൻ വിശ്വാസപരമായ വിഷയങ്ങൾ ഉൾക്കൊള്ളുന്ന നിയമ സംഹിത ആയതിനാൽ ചർച്ച് ആക്ട്  വ്യവസ്ഥ ചെയ്യുന്ന സഭാ കേന്ദ്ര ഭൗതിക ട്രസ്റ്റ് നിയമാവലിയിൽ ഉൾപ്പെടുത്തുന്നത് ക്രമ വിരുദ്ധമാകും . ഫലത്തിൽ വിവാദ "പാരീസ് കാനോന്റെ “ നിയമ സംരക്ഷണം നഷ്ടപ്പെടും. സ്വാഭാവികമായി 1900 ന് മുമ്പുള്ള നിയമ പോരാട്ടങ്ങളിൽ കോടതികൾ  അംഗീകരിച്ച യാക്കോബായ സഭ പിന്തുടരുന്ന കാനോൻ ഔദ്യോദിക കാനോനായി അംഗീകരിക്കേണ്ടി വരും.

ഇടവക പള്ളി മാനേജിംഗ് കമ്മറ്റിയുടെ നിയമനാധികാരം ഇടവക മെത്രാന് നഷ്ടപ്പെടും 

ഓർത്തഡോക്സ് ഭരണഘടന വകുപ്പ്‌ 27 പ്രകാരം ഇടവകാംഗങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ഇടവക ഭരണ സമിതിക്ക് ഭരണം നടത്താൻ കഴിയണമെങ്കിൽ ഇടവക മെത്രാന്റെ നിയമന കൽപ്പന അനിവാര്യമാണ്. ചർച്ച് ആക്ട് വന്നാൽ ഇടവക ഭരണ സമിതിയുടെ നിയമനാധികാരി എന്ന പദവി ഇടവക മെത്രാന് നഷ്ടപ്പെടും . ഇടവക മെത്രാപ്പോലീത്തക്കും , മലങ്കര മെത്രാനും ഇടവക പൊതുയോഗം വിളിച്ചു ചേർക്കാനും, അതിൽ പങ്കെടുക്കാനും ഓർത്തഡോക്സ് ഭരണഘടന 13 , 98 വകുപ്പ് പ്രകാരം ഉള്ള അധികാരം ചർച്ച് ആക്ട് വന്നാൽ ഇല്ലാതാകും.

വികാരിയുടെ മുഖ്യ കൈസ്ഥാന പദവിയും പോകും 

1934 ഭരണഘടന വകുപ്പ് 32, 39 വകുപ്പുകൾ പ്രകാരം ഇടവകക്ക് പുറത്തു നിന്ന് നിയമിക്കപ്പെടുന്ന ഇടവക വികാരിക്ക് ലഭിക്കുന്ന മുഖ്യ ട്രസ്റ്റി എന്ന സ്വത്തധികാര പദവിയും ഇല്ലാതാകും. ഇടവക സ്വത്ത് ഭരണാധികാരം യാതൊരു ബാഹ്യ നിയന്ത്രണവുമില്ലാതെ ജനാധിപത്യ അടിസ്ഥാനത്തിൽ ലിംഗ വിവേചനമില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ഇടവക ട്രസ്റ്റ് ഭരണാധികാരികൾക്കായിരിക്കും ലഭിക്കുക. 

മലങ്കര മെത്രാന് ലഭിക്കുന്ന പള്ളി വിഹിതവും ഇല്ലാതാകും 

ഓർത്തഡോക്സ് ഭരണഘടന വകുപ്പ് 22 പ്രകാരം പള്ളി വക വരുമാനത്തിൽ അതേ ഭരണഘടനയിലെ 122 വകുപ്പ് പ്രകാരം മലങ്കര മെത്രാന് നൽകാനുള്ള വിഹിതം കഴിച്ചുള്ള തുക കൊണ്ടാകണം പള്ളിയുടെയും , സ്ഥാപനങ്ങളുടെയും ദൈനംദിന കാര്യങ്ങൾ നിർവ്വഹിക്കേണ്ടി വരിക. ചർച്ച് ആക്ട് പ്രകാരം ഇത്തരം സ്വത്ത് വിനിയോഗ നിയന്ത്രണങ്ങൾ ഇടവക ട്രസ്റ്റ് കമ്മറ്റിയിന്മേൽ അടിച്ചേൽപ്പിക്കാൻ യാതൊരു ബാഹ്യാധികാരികൾക്കും കഴിയില്ല.

ഇടവക പൊതുയോഗ തീരുമാനങ്ങൾ റദ്ദുചെയ്യാൻ ഇടവക മെത്രാനുള്ള അധികാരവും നഷ്ടപ്പെടും 

ഓർത്തഡോക്സ് സഭാ ഭരണഘടന 19, 20 , 21 വകുപ്പുകൾ പ്രകാരം ഇടവക പൊതുയോഗ തീരുമാനങ്ങൾ റദ്ദു ചെയ്യാൻ ഇടവക മെത്രാന് ലഭിക്കുന്ന സ്വേഛാധികാരം ചർച്ച് ആക്ട് വന്നാൽ ഇല്ലാതാകും.

ഇടവക സ്ഥാവര സ്വത്തു ക്രയവിക്രയ അധികാരം ഇടവക വികാരിക്കും മെത്രാനും നഷ്ടപ്പെടും .

ഇടവകാംഗങ്ങളിൽ നിന്നും സമാഹരിക്കുന്ന സമ്പത്ത് ഉപയോഗിച്ച് ആർജ്ജിച്ച സ്ഥാവര ജംഗമ വസ്തുക്കളുടെ ക്രയവിക്രയത്തിൽ ഇടപെടാൻ ഇടവക വികാരിക്കും ,  ഇടവക മെത്രാനും , മലങ്കര മെത്രാനും ഭരണഘടന വകുപ്പ് 23 പ്രകാരം ലഭിക്കുന്ന അധികാരവും ചർച്ച് ആക്ട് വന്നാൽ നഷ്ടപ്പെടും . ഓർത്തഡോക്സ് ഭരണഘടന വകുപ്പ് 37 പ്രകാരം ഇടവകയുടെ സ്ഥാവര ജംഗമ വസ്തുക്കളുടെ പട്ടിക വിവരിക്കുന്ന  രജിസ്റ്ററുകളുടെ സൂക്ഷിപ്പിന്റെ കൂട്ടുത്തരവാദിത്ത അധികാരം വികാരിക്ക് നഷ്ടപ്പെടും. ഈ രേഖകൾ ഇടവക മെത്രാനെ കാണിച്ച് ബോദ്ധ്യപ്പെടുത്തണമെന്ന നിബന്ധനയും ചർച്ച് ആക്ട് വന്നാൽ ഇല്ലാതാകും. ഇടവകയുടെ സ്ഥാവര ജംഗമ വസ്തുക്കളുടെ ക്രയവിക്രയ അധികാരം ബാഹ്യ നിയന്ത്രണമില്ലാതെ പൂർണ്ണമായും ഇടവക ട്രസ്റ്റിന് ആയിരിക്കും ചർച്ച് ആക്ട് വന്നാൽ ലഭിക്കുക.

സമ്പൂർണ്ണ ജനാധിപത്യം  ഉറപ്പാക്കും 

ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടന എന്നത് തെരഞ്ഞെടുക്കാനും തെരഞ്ഞെടുക്കപ്പെടുവാനുമുള്ള അവകാശം ആണ്. ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 15 ഉറപ്പു നൽകുന്ന ലിംഗ സമത്വം ഓർത്തഡോക്സ് ഭരണഘടനയിൽ നിഷേധിക്കപ്പെടുന്നു. ഓർത്തഡോക്സ് ഭരണഘടനയിൽ 21 വയസ് പൂർത്തിയായ സ്ത്രീ പുരുഷന്മാർക്ക് ഇടവക പൊതുയോഗത്തിൽ പങ്കെടുക്കാമെങ്കിലും , സ്വത്തധികാരമുള്ള മെത്രാസന കൗൺസിലിലേക്കോ , മലങ്കര അസോസിയേഷനിലേക്കോ, മാനേജിംഗ് കമ്മറി , വർക്കിംഗ് കമ്മറ്റി, അൽമായ ട്രസ്റ്റി, സഭാ സെക്രട്ടറി തുടങ്ങിയ പദവികളിലേക്കോ തെരഞ്ഞെടുക്കപ്പെടാനുള്ള അവകാശം ഇല്ല. ഭരണഘടന വകുപ്പ് 46 b പ്രകാരം മെത്രാസന കൗൺസിലിലേക്ക് പുരുഷന്മാർക്ക് മാത്രമാണ് തെരഞ്ഞെടുക്കപ്പെടാനുള്ള അവകാശം. ഇത് ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന ലിംഗ സമത്വം എന്ന മൗലികാവകാശത്തിന്റെ ലംഘനമാണ്. ചർച്ച് ആക്ട് വന്നാൽ ഇടവക / ഭദ്രാസന / സഭാ കേന്ദ്ര ട്രസ്റ്റ് ഭരണ സമിതിയിലേക്ക് 18 വയസ് പൂർത്തിയായ സ്ത്രീകൾക്കും വിവേചനമില്ലാതെ തെരഞ്ഞെടുക്കപ്പെടാനുള്ള അവകാശം ലഭിക്കും.

നീതിപൂർവമായ പ്രാതിനിധ്യ വ്യവസ്ഥ ഉറപ്പാക്കും 

ഭരണഘടന വകുപ്പ് 46 b പ്രകാരം  ഇടവകയിലെ 21 വയസ് പൂർത്തിയായ സ്ത്രീ പുരുഷന്മാരുടെ എണ്ണം 4000 ൽ അധികമായി എത്ര അധികരിച്ചാലും 10 പ്രതിനിധികളെ മാത്രമാണ് മെത്രാസന കൗൺസിലിലേക്കോ , മലങ്കര അസോസിയേഷനിലെക്കോ അയക്കാൻ കഴിയുക. 21വയസ് പൂർത്തിയായ കുടുംബാംഗങ്ങളുടെ എണ്ണം ഒരു കുടുംബത്തിന് ശരാശരി അഞ്ച് എന്ന് കണക്കാക്കിയാൽ 800 കുടുംബങ്ങളുള്ള പള്ളിയിൽ വോട്ടവകാശമുള്ള 4000 അംഗങ്ങൾ ഉണ്ടാകും. 5000 കുടുംബങ്ങൾ ഉള്ള മണർകാട് /കുറുപ്പുംപടി പള്ളികളിൽ വോട്ടവകാശം ഉള്ള 25000 അംഗങ്ങളുണ്ടെങ്കിലും ഓർത്തഡോക്സ് ഭരണഘടന പ്രകാരം ഈ പള്ളികൾക്കും ലഭിക്കുന്നത് 800 കുടുംബങ്ങൾ മാത്രമുള്ള പള്ളികൾക്ക് ലഭിക്കുന്ന പത്ത് പ്രതിനിധികളെ മാത്രമായിരിക്കും. മലങ്കര അസോസിയേഷൻ തെരഞ്ഞെടുപ്പിലും ഇതേ അനീതിപരമായ പ്രാതിനിധ്യ വ്യവസ്ഥയാണ് ഇപ്പോൾ നിലവലുള്ളത്. ചർച്ച് ആക്ട് നടപ്പിലായാൽ 5000 കുടുംബങ്ങളുള്ള  പള്ളികളിൽ ലഭിക്കുന്നത് പത്തിന് പകരം 17 പ്രതിനിധികളെയും 800 കുടുംബങ്ങളുള്ള പള്ളികൾക്ക് 3 പ്രതിനിധികളെയും ആയിരിക്കും ലഭിക്കുക. ഓർത്തഡോക്സ് ഭരണഘടന പ്രകാരം ഭദ്രാസന / കേന്ദ്ര ഭരണ സമിതി അസംബ്ളികളിലേക്ക് ഒരോ പള്ളിയിൽ നിന്ന് ഒരോ വൈദികന് തെരഞ്ഞെടുക്കപ്പെടാം. എന്നാൽ ചർച്ച് ആക്ട് പ്രകാരമുള്ള ഭദ്രാസന / കേന്ദ്ര ട്രസ്റ്റ് അസംബ്ളിയിലേക്ക് വൈദികർക്ക്‌ പ്രാതിനിധ്യ സംവരണമില്ല. എന്നാൽ വൈദികർക്ക് അൽമായരോടൊപ്പം മത്സരിച്ച് തെരഞ്ഞെടുക്കപ്പെടാം .ചർച്ച് ആക്ട് നടപ്പിലായാൽ സ്വത്തധികാരമുള്ള ഇടവക / ഭദ്രാസന / സഭാ സമിതികളിലേക്ക് മുന്നൂറ് കുടുംബങ്ങൾക്ക് ഒന്ന് എന്ന മാനദണ്ഡത്തിൽ പ്രതിനിധികളെ തെരഞ്ഞെടുക്കപ്പെടാനും തെരഞ്ഞെടുക്കാനുമുള്ള അവകാശം 18 വയസ് പൂർത്തിയായ എല്ലാ സ്ത്രീ പുരുഷന്മാർക്കും ലഭിക്കും.

ഭദ്രാസന സ്വത്തു ഭരണത്തിലും മെത്രാധിപത്യം ഇല്ലാതാകും 

ഓർത്തഡോക്സ് ഭരണഘടന വകുപ്പ് 39 പ്രകാരം രൂപീകരിക്കുന്ന ഭദ്രാസന അസംബ്ളിയിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഭദ്രാസന സെക്രട്ടറിയും, രണ്ട് വൈദികരും, നാലു അത്മായരും ഇടവക മെത്രാപ്പോലിത്തയും ഉൾപ്പെടുന്ന എട്ടംഗ ഭദ്രാസന സമിതിയാണ് ഭരണ നിർവ്വഹണ ചുമതല. ഇടവക മെത്രാനെ കൂടാതെ രണ്ടു പേരും കുടെ ചേർന്നാൽ യോഗത്തിന് ക്വാറം ആകും. അതായത് ഇടവകമെത്രാനും, ഭദ്രാസന സെക്രട്ടറിയും, വൈദികരിൽ ഒരാളും കൂടെ ചേർന്നാൽ  ഭദ്രാസന ഭരണം ഇടവക മെത്രാന് കൈപ്പിടിയിലൊതുക്കാൻ കഴിയും. ചർച്ച് ആക്ട് സെക്ഷൻ 6 (3 ) പ്രകാരം ഓരോ ഇടവകയിൽ നിന്നും മുന്നൂറ് കുടുംബങ്ങൾക്കും അതിന്റെ ഭാഗത്തിനും ഒന്ന് എന്ന ക്രമത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന 18 വയസ് പൂർത്തിയായ പ്രതിനിധി സഭയിൽ നിന്നും  തെരഞ്ഞെടുക്കപ്പെടുന്ന 25 അംഗങ്ങൾ ഉൾപ്പെടുന്ന ഭദ്രാസന തല ചാരിറ്റബിൾ ട്രസ്റ്റിന്  ആയിരിക്കും ഭരണ നിർവഹണ ചുമതല. ഈ യോഗത്തിൽ ഇടവക മെത്രാന് അദ്ധ്യക്ഷത വഹിക്കാൻ കഴിയുമെങ്കിലും സ്വത്ത് ഭരണത്തിൽ ഇടപെടാനുള്ള സവിശേഷാധികാരം ഇല്ലാതാകും. ആസ്തികളും സ്വത്തുക്കളും ആർജ്ജിക്കാനും ചിലവഴിക്കാനുമുള്ള പൂർണ്ണ അവകാശം ഈ ട്രസ്റ്റ് ഭരണസമിതിക്കായിരിക്കും .ഭദ്രാസന തലത്തിൽ രൂപീകരിക്കുന്ന നിയമാവലി ആയിരിക്കും ഭദ്രാസനത്തിനു ബാധകമാകുന്നത് . ഓർത്തഡോക്സ് സഭാ ഭരണഘടന വകുപ്പ് 52 പ്രകാരം ഭദ്രാസന ഇടവക പണം ഇടവക മെത്രാന്റെ പേരിൽ നിക്ഷേപിക്കണം എന്ന വ്യവസ്ഥയും ഇല്ലാതാകും. സമ്പത്ത് നിക്ഷേപിക്കേണ്ടത് ട്രസ്റ്റ് ഭരണ സമിതിയുടെ പേരിലായിരിക്കും. ഭദ്രാസന സ്വത്ത് ഭരണത്തിൽ മലങ്കര മെത്രാന് ഇടപെടാനുള്ള എല്ലാ അധികാരവും ചർച്ച് ആക്ട് വന്നാൽ ഇല്ലാതാകും.

ഭദ്രാസന സ്വത്ത് ക്രയവിക്രയത്തിൽ ഇട പെടാൻ മലങ്കര മെത്രാന്റെ അധികാരവും ഇല്ലാതാകും

ഭദ്രാസന സ്ഥാവര ജംഗമ വസ്തുക്കൾ വാങ്ങുന്നതിനോ വിൽക്കുന്നതിനോ മലങ്കര മെത്രാന്റെ രേഖാമൂലമായ സമ്മതം വേണമെന്ന ഓർത്തഡോക്സ് സഭാ ഭരണഘടന വകുപ്പ് 54 വ്യവസ്ഥയും ചർച്ച് ആക്ട് വന്നാൽ അപ്രസക്തമാകും . ഭദ്രാസന സ്വത്തു ഭരണ അധികാരം പൂർണ്ണമായും ട്രസ്‌റ്റ് ഭരണ സമിതിയിൽ നിക്ഷിപ്തമാകും . ഭദാസന ഫണ്ട് ചിലവഴിക്കാൻ ഇടവക മെത്രാന്റെ അനുവാദം വേണമെന്ന ഓർത്തഡോക്സ് സഭാ ഭരണഘടന വകുപ്പ് 60 വ്യവസ്ഥയും ചർച്ച് ആക്ട് വന്നാൽ ഇല്ലാതാകും . ട്രസ്റ്റ് ഭരണ സമിതിയുടെ ഭൂരിപക്ഷ അഭിപ്രായ പ്രകാരമാകും ധനവിനിമയ ഇടപാടുകൾ നടത്തുക.

ഭദ്രാസന ഭരണത്തിൽ മലങ്കര മെത്രാന്റെ മേൽനോട്ട അധികാരം ചർച്ച് ആക്ട് വന്നാൽ ഇല്ലാതാകും.

സഭാ ഭരണഘടന വകുപ്പ് 66 പ്രകാരം ഭദ്രാസന സ്വത്ത് ഭരണത്തിൽ മലങ്കര മെത്രാന് ലഭിക്കുന്ന “ മേൽനോട്ട “ അധികാരവും ചർച്ച് ആക്ട് വന്നാൽ ഇല്ലാതാകും . ഈ  “ മേൽനോട്ട “ അധികാരം ഉപയോഗിച്ചു കൊണ്ടായിരുന്നു യാക്കോബായ സഭംഗങ്ങൾക്കു ഭൂരിപക്ഷം ഉണ്ടായിരുന്ന അങ്കമാലി , കൊച്ചി , കണ്ടനാട് ഭദ്രാസനാസ്ഥാനങ്ങളായ  ആലുവ തൃക്കുന്നത്ത് സെമിനാരി , കൊരട്ടി സീയോൻ സെമിനാരി , മുവാറ്റുപുഴ അരമന എന്നിവയിൽ അധീശത്വം സ്ഥാപിക്കാൻ ഓർത്തഡോക്സ് വിഭാഗത്തിന് കഴിഞ്ഞത്. ചർച്ച് ആക്ട് നടപ്പാക്കിയാൽ നഷ്ടപ്പെട്ട ഭദ്രാസന ആസ്ഥാനങ്ങളെല്ലാം വീണ്ടെടുക്കാൻ യാക്കോബായ സഭാംഗങ്ങൾക്ക് കഴിയും .

ചർച്ച് ആക്ട് വന്നാൽ സുതാര്യമല്ലാത്ത മെത്രാൻ ട്രസ്റ്റും ഇല്ലാതാകും

സഭാ ഭരണഘടന വകുപ്പ് 85 പ്രകാരം സഭക്ക് രണ്ടുതരം ട്രസ്റ്റുകളാണ് നിലവിലുള്ളത്. വട്ടിപ്പണവും , സെമിനാരി സ്വത്തും മാത്രമാണ് കൂട്ടു ട്രസ്‌റ്റി ഭരണത്തിലുള്ളത്. മെത്രാപ്പോലീത്തൻ ട്രസ്റ്റ് സ്വത്തുഭരണത്തിൽ കൂട്ട് ട്രസ്റ്റിമാരായ അൽമായ / വൈദിക ട്രസ്റ്റികൾക്കു യാതൊരു പങ്കാളിത്തവും നിലവിലില്ല. ചർച്ച് ആക്ട് വന്നാൽ  ചർച്ച് ആക്ട് സെക്ഷൻ 6 (3 ) പ്രകാരം ഓരോ ഇടവകയിൽ നിന്നും മുന്നൂറ് കുടുംബങ്ങൾക്കും അതിന്റെ ഭാഗത്തിനും ഒന്ന് എന്ന ക്രമത്തിൽ തെരെഞ്ഞെടുക്കപ്പെടുന്ന 18 വയസ് പൂർത്തിയായ പ്രതിനിധി സഭയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 25 അംഗങ്ങൾ ഉൾപ്പെടുന്ന കേന്ദ്ര ട്രസ്റ്റ് ഭരണ സമിതിക്ക് മാത്രമാകും ഭരണ ചുമതല. ഓർത്തഡോക്സ് ഭരണഘടന 94 പ്രകാരം മലങ്കര മെത്രാപ്പോലീത്തക്ക് ലഭിക്കുന്ന എല്ലാ ലൗകികാധികാരവും ഇതോടു കൂടി ഇല്ലാതാകും. കേന്ദ്ര ട്രസ്റ്റ് യോഗത്തിൽ സ്വത്ത് ഭരണാധികാരമില്ലാത്ത അദ്ധ്യക്ഷ സ്ഥാനം മാത്രമാകും സഭയുടെ മുഖ്യ പൗരോഹിത്യ സ്ഥാനിക്ക് ലഭിക്കുക. അതായതു ചർച്ച് ആക്ട് വന്നാൽ ഓർത്തഡോക്സ് സഭയുടെ മെത്രാൻ ട്രസ്റ്റ് നിയമ വിരുദ്ധമാകുകയും, മലങ്കര മെത്രാന് വട്ടിപ്പണം , പഴയ സെമിനാരി എന്നിവയിലെ ഭരണാധികാരം ഇല്ലാതാകുകയും ചെയ്യും. ഇതോടു കൂടി സഭാസ്വത്തു ഭരണത്തിൽ  മലങ്കര മെത്രാനും മെത്രാസന കൗൺസിലിനും ഉള്ള എല്ലാ അധികാരങ്ങളും. ശൂന്യാവസ്ഥയിലാകും. 

മെത്രാധിപത്യം ഉറപ്പിക്കാനുള്ള പിൻവാതിൽ നോമിനേഷൻ അധികാരം മലങ്കര മെത്രാന് നഷ്ടപ്പെടും 

സ്വത്തധികാരം തങ്ങളിൽ കേന്ദ്രീകരിക്കുന്നതിന് സഭാ മാനേജിംഗ് കമ്മറ്റി, വർക്കിംഗ് കമ്മറ്റി എന്നീ സ്വത്തധികാര സമിതികളിലേക്ക് പിണിയാളുകളായ വൈദികരെയും, അൽമായരെയും നോമിനേറ്റ് ചെയ്യാൻ  മലങ്കര ഓർത്തഡോക്സ് ഭരണഘടന വകുപ്പ് 79 പ്രകാരം മലങ്കര മെത്രാന് ലഭിക്കുന്ന സ്വേഛാധികാരവും ചർച്ച് ആക്ട് വന്നാൽ ഇല്ലാതാകും. മുന്നൂറ് കുടുംബങ്ങൾക്ക് ഒന്ന് എന്ന തോതിൽ രൂപീകൃതമായ സഭാ കേന്ദ്ര അസംബ്ളിയിൽ നിന്ന് ഓരോ ഭദ്രാസനത്തിനും പത്ത്‌ എന്ന പ്രാതിനിനിധ്യ വ്യവസ്ഥയിൽ തെരഞ്ഞെടുക്കപ്പടുന്ന 101 അംഗ ട്രസ്റ്റ് സമിതിയാകും സഭാ സ്വത്ത് ഭരണം നിർവഹിക്കുക.  

സഭാ സ്വത്തു ഭരണത്തിൽ മലങ്കര മെത്രാന്റെ സ്വേഛാധികാരം ഇല്ലാതാകും. 

ഓർത്തഡോക്സ് ഭരണഘടന 91 , 92 വകുപ്പുകൾ പ്രകാരം അൽമായ പ്രാതിനിധ്യമുള്ള  സഭാ സമിതികൾക്ക് വട്ടിപ്പണം / സെമിനാരി സ്വത്തധികാരമൊഴിച്ച് മറ്റ് സഭാ സ്വത്തിന്മേൽ യാതൊരു ഭരണാധികാരവും ഇല്ല. ചർച്ച് ആക്ട് വന്നാൽ പൗരോഹിത്യ അധികാരം ആത്മീയ കാര്യങ്ങളിൽ മാത്രമായി ഒതുങ്ങുകയും ഇടവക / ഭദ്രാസന / സഭാ സ്വത്ത് ഭരണം ലിംഗ വ്യത്യാസമെന്യേ അൽമായർക്ക് പൂർണ്ണമായി ലഭിക്കുകയും ചെയ്യും .

ചർച്ച് ആക്ട് വന്നാൽ ഇടവകക്ക് സ്വന്തം ഭരണഘടനയുണ്ടാകും

1934 ഓർത്തഡോക്സ് ഭരണഘടന വകുപ്പ് 132 പ്രകാരം ഇടവക പള്ളികളുടെ ഉടമ്പടി വ്യവസ്ഥകളും , നിയമാവലികളും അസാധു ആയി പ്രഖ്യാപിച്ചിരുന്നു. ഏക ശിലാ ട്രസ്റ്റ് എന്ന നിലയിൽ ഓർത്തഡോക്സ് വിഭാഗം ഏകപക്ഷീയമായി തയ്യാറാക്കിയ സഭാ ഭരണഘടനക്കാണ് സുപ്രീംകോടതി അംഗീകാരം ലഭിച്ചത്.  സുപ്രീംകോടതി വിധിയുടെ ബലത്തിൽ നിയമ സാധുത നഷ്ടപ്പെട്ട ഇടവക പള്ളികളുടെയും, ഭദ്രാസനങ്ങളുടെയും നിയമാവലികളും , ഉടമ്പടി വ്യവസ്ഥകളും സ്ഥാപനോദ്ദേശത്തിന് കളങ്കമുണ്ടാകാതെ ചർച്ച് ആക്ട് നിയമത്തിന് അനുരോധമായി ഭേദഗതി ചെയ്ത് സ്വതന്ത്ര പ്രവർത്തന ഘടന നില നിർത്താൻ കഴിയും.

പരാതികളും വിധികളും 

സഭയിലെ അയ്മേനികൾ ,ശെമ്മാശന്മാർ, കശീശന്മാർ ,മേൽപട്ടക്കാർ , മലങ്കര മെത്രാൻ എന്നിവരുടെ പേരിലുള്ള ലൗകികപരമായ പരാതികൾ കേൾക്കാനും വിധി തീർപ്പിനുമുള്ള അധികാരം സംബന്ധിച്ച ഓർത്തഡോക്സ് ഭരണ ഘടന 115 മുതൽ 119 വരെയുള്ള വകുപ്പുകൾ ചർച്ച് ആക്ട് വന്നാൽ അപ്രസക്തമാകും. ചർച്ച് ആക്ടിന് വിരുദ്ധമായ പ്രവർത്തനങ്ങൾ , സാമ്പത്തിക തിരിമറികൾ. ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശ ലംഘനങ്ങൾ , ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചിട്ടുള്ള മനുഷ്യാവകാശ പ്രമാണ ലംഘനങ്ങൾ എന്നിവക്ക് സിവിൾ /ക്രിമിനൽ നടപടികൾക്ക് കുറ്റാരോപിതർ വിധേയരാകേണ്ടി വരും..

വിവരാവകാശ നിയമത്തിന്റെ ആനുകൂല്യം സഭംഗങ്ങൾക്കു ലഭിക്കും 

ചർച്ച് ആക്ട് പ്രകാരം നിയമിക്കപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥന് വർഷാവർഷം ആഡിറ്റ് ചെയ്ത കണക്ക് ട്രസ്റ്റ് ഭാരവാഹികൾ നൽകണം. സർക്കാർ ഉദ്യോഗസ്ഥർ ആയ കമ്മീഷണർമാർ RTI Act 2005  പരിധിയിൽ വരുമെന്നതിനാൽ പള്ളി / ഭദ്രാസന / സഭ / സഭവക സ്ഥാപനങ്ങൾ സംബന്ധിച്ച ഏതൊരു വിവരവും ആർക്കും കമ്മീഷണറിൽ നിന്ന് RTI Act പ്രകാരം ലഭ്യമാകും . ഇപ്പോൾ ഓർത്തഡോൿസ് സഭയുടെ B , C , D പട്ടികയിലുള്ള കണക്കുകൾ ആ സഭയുടെ മാനേജിംഗ് കമ്മറ്റി അംഗങ്ങളെ പോലും അറിയിക്കാറില്ല. പള്ളികളുടെയും , സ്ഥാപനങ്ങളുടെയും ഒളിച്ചു വക്കപ്പെടുന്ന ധനകാര്യ ഇടപാടുകൾ സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ വിവരാവകാശ നിയമ പ്രകാരം ഇടവകാംഗങ്ങൾക്ക് ലഭ്യമാകുമെന്നതിനാൽ ഭരണ നിർവഹണം അഴിമതി രഹിതവും സുതാര്യവുമാകും . 

കോഴ അവസാനിക്കും , മര്യാദാ വേതനവും ലഭിക്കും 

സ്ഥാപനങ്ങളിലെ നിയമനങ്ങൾ , വിദ്യാർത്ഥി പ്രവേശനങ്ങൾ  അഴിമതിരഹിതമാകും. സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മര്യാദാ വേതനം ഉറപ്പായും ലഭിക്കും. സഭാ വക സ്ഥാപനങ്ങളിൽ വ്യാജ രേഖകൾ സൃഷ്ടിച്ചു സർക്കാർ പ്രഖ്യാപിത മിനിമം കൂലിയെക്കാൾ കുറഞ്ഞ കൂലി നൽകുന്ന കൊടിയ ചൂഷണവും ചർച്ചു ആക്ട് വന്നാൽ ഇല്ലാതാകും . 

പുതിയ അംഗങ്ങളെ ചേർക്കാനുള്ള അധികാരം ഇടവക ട്രസ്റ്റ് ഭരണ സമിതിക്കു മാത്രം 

ഇടവകയിൽ പുതിയ അംഗങ്ങളെ ചേർക്കാൻ വികാരിക്കും , ഇടവക മെത്രാനും ഭരണഘടന വകുപ്പ് 9 പ്രകാരം ലഭിക്കുന്ന സവിശേഷാധികാരം ചർച്ചു ആക്റ്റ് വന്നാൽ  ഇല്ലാതാകും. ഇടവക ട്രസ്റ്റ് ഭരണ സമിതിക്ക് മാത്രമാകും പുതിയ അംഗങ്ങളെ ഇടവകയിൽ ചേർക്കാനുള്ള അധികാരം . പുതിയ ഇടവകാംഗങ്ങളെ ഇടവകയിൽ ചേർക്കാൻ ബാഹ്യാധികാരികളായ ഇടവക വികാരിക്കും ,ഇടവക മെത്രാനുമുള്ള സവിശേഷാധികാരം ഉപയോഗിച്ചായിരുന്നു യാക്കോബായ സഭാംഗങ്ങൾക്ക് ഭുരിപക്ഷമുള്ള പല ദേവാലയങ്ങളിലും വ്യാജ ഇടവകാംഗത്വം നൽകി കൃത്രിമ ഭൂരിപക്ഷമുണ്ടാക്കി അധീശത്വം ഓർത്തഡോക്സ് വിഭാഗം സ്ഥാപിച്ചെടുത്തത്.

ചർച്ചു് ആക്ട് പുരോഹിത സൗഹൃദം 

ഇടവക / ഭദ്രാസന /  സഭാ സ്വത്ത് ഭരണത്തിൽ പൗരോഹിത്യ മേധാവിത്തം അവസാനിക്കുമെങ്കിലും ചർച്ച് ആക്ട് പുരോഹിത സൗഹൃദ നിയമമാണെന്നതാണ് യാഥാർത്ഥ്യം. ആത്മീയ കർമ്മം നിർവ്വഹിക്കുന്നവർക്ക് മാന്യമായ വേതനവും, ക്ഷാമ ബത്തയും, യാത്രാ ബത്തയും , വൈദികർക്ക് പാഴ്സനേജ് സൗകര്യവും , വാർദ്ധക്യ കാല സുരക്ഷയും ചർച്ച് ആക്ട്  ഉറപ്പു നൽകുന്നു.

ലിംഗ സമത്വം യാഥാർഥ്യമാകും.

പതിനെട്ട് വയസ് പൂർത്തിയായ എല്ലാ സ്ത്രീ പുരുഷന്മാർക്കും ട്രസ്റ്റ് ഭരണ സമിതിയെ തെരഞ്ഞെടുക്കാനും, തെരഞ്ഞെടുക്കപ്പെടാനുമുള്ള അവകാശം ലഭിക്കുന്നതോടെ ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന ലിംഗ സമത്വം യാഥാർഥ്യമാകും.

ഉൾഭരണ സ്വാതന്ത്ര്യ ഭരണ വ്യക്താക്കൾ വിശ്വാസികളുടെ സമ്പൂർണ്ണ സ്വാതന്ത്ര്യത്തെ എന്തിനു എതിർക്കണം?

മലങ്കര സഭയുടെ ഉൾഭരണ സ്വാതന്ത്ര്യം നേടിയത് തങ്ങളാണെന്ന് ഊറ്റം കൊള്ളുന്ന ഓർത്തഡോക്സ് സഭ ഇടവക / ഭദ്രാസന / സഭാ ഭൗതിക സ്വത്ത് അധികാര പദവികളിലേക്ക് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ലിംഗ വ്യത്യാസമെന്യേ അൽമായർക്ക് ഉറപ്പ് നൽകുന്ന ചർച്ച് ആക്ടിനെ എതിർക്കുന്നതാണ് ഏറെ വിരോധാഭാസം.

ചർച്ച് ആക്ട് അയഥാർത്ഥ ആശങ്കകൾ 

ചർച്ച് ആക്ട് നിയമം ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മത സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നതാണ് ചിലർ ഉന്നയിക്കുന്ന ആരോപണം . തികച്ചും വസ്തുതാ വിരുദ്ധമായ ആരോപണമാണിത് .  ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 25 (2) പ്രകാരം ഭരണഘടനാപരമായ മതസ്വാതന്ത്ര്യ വ്യവസ്ഥകൾ രാജ്യത്ത് നിലവിലുള്ള ഏതെങ്കിലും നിയമത്തെയോ ,പുതിയ നിയമം നിർമ്മിക്കാനുള്ള സർക്കാരിനുള്ള അധികാരത്തെയോ ഇല്ലാതാക്കുന്നില്ല. 26 Clause d - പ്രകാരം മതങ്ങൾ ആർജ്ജിക്കുന്ന സ്വത്തുക്കള്‍ ഭരിക്കപ്പെടേണ്ടത് രാജ്യത്തുള്ള നിയമ പ്രകാരമായിരിക്കണം.  ഈ ഭരണഘടനാ വ്യവസ്ഥകൾ പ്രകാരമുള്ള സിവിൾ നിയമ നിയമമാണ് Church ആക്റ്റ് ഇന്ത്യൻ ഭരണഘടനയുടെ സൃഷ്ടിയായ നിയമ നിർമാണ സഭകൾക്ക് ഭരണ ഘടന ഉറപ്പു നൽകുന്ന മൗലികാവകാശം നിഷേധിക്കുന്ന യാതൊരു നിയമവും ഉണ്ടാക്കാൻ കഴിയില്ല. സുപ്രീം കോടതി ഭരണഘടനാ ബഞ്ച് സൂക്ഷ്മമായി പരിശോധന നടത്തി 1954 - ൽ പുറത്തിറക്കിയ വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് നിയമ പണ്ഡിതനായ ജസ്റ്റീസ് വി.ആർ.കൃഷ്ണ അയ്യർ ക്രോഡീകരിച്ച കേരളാ ചർച്ച് ആക്ട്. സമാനമായ നിയമം നിലനിൽക്കുന്ന മഹാരാഷ്ട്ര ,ഗുജറാത്ത് ,ഗോവ മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽ പള്ളികളോ സ്ഥാപനങ്ങളോ സർക്കാർ ഏറ്റെടുത്തിട്ടില്ല.


https://indiankanoon.org/doc/1307370/ 


ഇന്ത്യയിൽ മറ്റേതെങ്കിലും സംസ്ഥാനങ്ങളിൽ ചർച്ച് ആക്ടിന് സമാനമായ നിയമങ്ങളുണ്ടോ ? 


ഇന്ത്യയിൽ ആദ്യമായി ബോംബെ പ്രൊവിൻസ് സർക്കാർ ക്രൈസ്തവ സഭാ ദേവാലയങ്ങൾ ഉൾപ്പെടെ എല്ലാ മതസ്ഥാപനങ്ങൾക്കും ബാധകമായ ബോംബെ പബ്ളിക് ട്രസ്റ്റ് ആക്ട് 1950 എന്ന നിയമം പാസാക്കി. ഈ നിയമം സംബന്ധിച്ച കേസിൽ സുപ്രീംകോടതി ഭരണഘടനാ ബഞ്ച് നിർദ്ദേശിച്ച ഭേദഗതികൾ ഉൾപ്പെടുത്തിയ നിയമ പ്രകാരമാണ് പഴയ ബോംബെ പ്രൊവിൻസിന്റെ ഭാഗമായ മഹാരാഷ്ട്ര ഗുജറാത്ത് സംസ്ഥാനങ്ങളിൽ ക്രൈസ്തവ സഭകൾ ഉൾപ്പെടെയുള്ള മതസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. മദ്ധ്യപ്രദേശിലെ മദ്ധ്യ പ്രദേശ് പബ്ളിക് ട്രസ്റ്റ് ആക്ട് നിയമ പരിധിയിൽ ക്രൈസ്തവ ദേവാലയങ്ങളും ഉൾപ്പെടും.


.

ചർച്ച് ആക്ട് നിയമമായാൽ കാനോൻ നിയമത്തിന്റെ സാധുത നഷ്ടപ്പെടുമോ?


സഭയുടെ ലൗകിക സ്വത്ത് ഭരണം സംബന്ധിച്ച നിയമമാണ് ചർച്ച് ആക്ട്. കാനോൻ ആത്മീയവും ,ലൗകീകവുമായ കാര്യങ്ങൾ പ്രതിപാദിക്കുന്ന നിയമാവലിയാണ് . ചർച്ച് ആക്ട് നിയമമായാൽ സഭയുടെ ഭൗതിക സ്വത്ത് ഭരണം സംബന്ധിച്ച കാനോൻ നിയമ വ്യവസ്ഥകൾക്ക് സാധുത നഷ്ടപ്പെടുകയും ചർച്ച് ആക്ട് വ്യവസ്ഥകൾ പ്രകാരം സഭയും,  പള്ളികളും, സ്ഥാപനങ്ങളും ഭരിക്കപ്പെടാൻ നിർബന്ധിതരാകും. എന്നാൽ ആത്മീയ കാര്യങ്ങൾ സംബന്ധിച്ച കാനോൻ നിയമാവലികൾക്ക് മാത്രം തുടർന്നും സാധുത ലഭിക്കും. ബോംബെ പബ്ളിക് ട്രസ്റ്റ് ആക്ട് തങ്ങൾക്ക് ബാധകമല്ലെന്നും, കാനോൻ നിയമം മാത്രമാണ് തങ്ങൾക്ക് ബാധകമെന്നും വാദിച്ച് ബോംബെ വാർളി തിരുഹൃദയ കത്തോലിക്കാ പള്ളി വികാരി സമർപ്പിച്ച ഹർജിയിൽ ബോംബെ ഹൈക്കോടതി കത്തോലിക്കാ സഭയുടെ ആക്ഷേപങ്ങൾ നിരാകരിച്ച് തീരുമാനമെടുത്തിട്ടുണ്ട്.


Bombay High Court Rev. Fr. Farcisus Mascarenhas vs The State Of Bombay on 14 March, 1960 Equivalent citations: (1960) 62 BOMLR 790 Author: Mudholkar Bench: Mudholkar, Tarkunde JUDGMENT Mudholkar, J.


(1960) 62 BOMLR 790.

https://indiankanoon.org/doc/1912256/


ബോംബെ ഹൈക്കോടതി വിധി പ്രസക്ത ഭാഗങ്ങൾ താഴെ വായിക്കാം



 On this ground also it will have to be said that the Canon Law is not an instrument of trust in the sense in which the term is understood in the Indian Trusts Act. We, therefore, agree with the learned Charity Commissioner that the Canon Law is not an instrument of trust. Even though it is not an instrument of trust, the Roman Catholic churches are public religious trusts because the existence of an instrument of trust is not a sine qua non for the constitution of a trust. 



ചർച്ച് ആക്ട് പുരോഹിത വിരുദ്ധമാണോ? 


ഒരിക്കലുമല്ല. ആത്മീയ കർമ്മം നിർവ്വഹിക്കുന്ന പുരോഹിതരെ മാന്യമായ തൊഴിൽ വിഭാഗമായി ചർച്ച് ആക്ട് കാണുന്നു. കാലാനുസൃതമായ വേതനം, ക്ഷാമബത്ത , യാത്രാ ബത്ത , പള്ളിയോടനുബന്ധിച്ച് പാർപ്പിട സൗകര്യം എന്നിവ ഈ നിയമം ഉറപ്പു നൽകുന്നു.


(iv)  സഭയുടെ പൊതു ആത്മീയ ശുശ്രൂഷകൾക്കനുസരിച്ചു് ത്രിതല ട്രസ്റ്റു കമ്മിറ്റി
കൾ താഴെ പറയുന്ന  ചുമതലകൾ നിർവ്വഹിക്കേണ്ടതാണ്.

(a)   Proper facilities and arrangements are to be provided for the services of the spiritual ministers, and financial remuneration as they deserve is to be compensated for the same.

(a) ആത്മീയ ശുശ്രൂഷകരുടെ സേവനങ്ങൾക്കു് മതിയായ സൗകര്യങ്ങളും ക്രമീകരണങ്ങളും നൽകേണ്ടതും അവരുടെ അർഹതക്കനുസരിച്ചു് സേവനങ്ങൾക്കു് സാമ്പത്തിക പ്രതിഫലം നൽകേണ്ടതുമാണ്.

(b)  In the case of spiritual ministers that serve in parish churches / basic ecclesiastical units in Diocese / Central / Revenue District units / the State level, and in Christian Universities, seminaries, catechetical institutions or in other service centres they are to be compensated financially in keeping with the present living conditions and such should include monthly allowances, traveling allowances, dearness allowance etc.

(b) ഇടവക പള്ളികളിലും /  രൂപതയിലെ സഭാധികാരത്തിൽപ്പെട്ട   (Eccl huesiastical unit in diocese)  അടിസ്ഥാന ഘടകങ്ങളിലും / കേന്ദ്ര / റവന്യൂ ജില്ലാതല / സംസ്ഥാന തലങ്ങളിലും ക്രൈസ്തവ സർവ്വകലാശാലകളിലും സെമിനാരികളിലും മതബോധന കേന്ദ്രങ്ങളിലും മറ്റു സേവന കേന്ദ്രങ്ങളിലും സേവനം ചെയ്യുന്ന ആത്മീയ ശുശ്രൂഷകർക്കു് കാലാനുസൃതമായ സാമ്പത്തിക പ്രതിഫലം നൽകേണ്ടതാണു്.  ഇതിൽ മാസബത്തകൾ, യാത്രാബത്തകൾ, ക്ഷാമബത്തകൾ എന്നിവ ഉൾപ്പെടേണ്ടതാണ്.

(c) Facility for residence in keeping with the times should be arranged for Spiritual Ministers at the behest of the Trusts.

(c)  ട്രസ്റ്റുകളുടെ  നിദ്ദേശാനുസരണം ആത്മീയ ശുശ്രൂഷകൾക്കു് വേണ്ടപ്പെട്ട താമസ സൗകര്യം ഒരുക്കേണ്ടതാണ്.




ചർച്ച് ആക്റ്റ് അൽമായരുടെ സ്വാതന്ത്ര്യ  പ്രഖ്യാപന രേഖ

മലങ്കര സഭയുടെ ഭൗതിക സ്വത്തു ഭരണ ഉൾഭരണ സ്വാതന്ത്ര്യം അടി തൊട്ട് മുകൾ തലം വരെ പൂർണമായും ഉറപ്പ് നൽകുന്ന സ്വാതന്ത്ര്യ പ്രഖ്യാപന രേഖയാണ് 2009 ലെ ചർച്ച് ആക്ട്. അത് നിയമമാക്കാൻ ഇരു വിഭാഗത്തിലുമുള്ള സ്വത്തധികാരത്തിൽ പുറമ്പോക്കിൽ നിൽക്കുന്ന അൽമായ സമുഹമൊന്നാകെ ഒരു മനസോടെ പോരാട്ടത്തിന് തയ്യാറാകണം.

നവംബർ 27 തിരുവനന്തപുരം ചർച്ച് ആക്ട് മാർച്ച് ചരിത്ര മുഹൂർത്തം  

ചർച്ച് നടപ്പാകണമെങ്കിൽ അതിന്റെ ഗുണഭോക്താക്കളുടെ ജനകീയ സമ്മർദ്ദം ഉയരണം. വിവിധ ക്രൈസ്തവ സഭകളിലെ വിശ്വാസി സംഗമം നവംബർ 27 ന് തിരുവന്തപുരത്ത് നടക്കുകയാണ് .കേരള ക്രൈസ്തവ ചരിത്രത്തിൽ സുവർണ്ണലിപികളിൽ രേഖപ്പെടുത്തുന്നതാകും ഈ ക്രൈസ്തവ സംഗമം. ചർച്ച് ആക്ട് ഔദാര്യമല്ല. ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന  നിയമപരമായ അവകാശമാണ്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൂരോപ്പള്ളില്‍ ചാക്കോച്ചന്‍ വാഴൂരിന്‍റെ ചരിത്ര പുരുഷന്‍.!

Mixed Economic System: Characteristics, Examples, Pros & Cons

Ghee Vs Butter: Which Is Healthier