സുകുമാരൻ നായരുടെ ഗണപതി ഹോമം; എഴുത്ത് കെ.കെ.കൊച്ച്

എൻ.എസ്.എസ് ഒരു ഹിന്ദു (അങ്ങനെയൊന്നുണ്ടെങ്കിൽ) സംഘടനയല്ല; മറിച്ച് നായന്മാരുടെ ജാതി സംഘടനയാണ്. അവരാകട്ടെ, ഹിന്ദു സമൂഹത്തിലെ 11 ശതമാനം പേരെ മാത്രമാണു ഉൾക്കൊള്ളുന്നത്. ഇതേ സമൂഹത്തിലെ  ദലിതർ 12 ശതമാനവും ഈഴവർ 24 ശതമാനവും, ധീവരർ, വിശ്വകർമ്മജർ എന്നിങ്ങനെയുള്ള ജാതികൾ 13 ശതമാനവുമാണ്. വാസ്തവം ഇതാണെങ്കിലും , നായന്മാർ അവകാശപ്പെടുന്നത് ഭൂരിപക്ഷ സമുദായമാണെന്നാണ്.  ഈ വ്യാജ പ്രചരണത്തിലൂടെ ഇതര സമുദായങ്ങൾക്ക് കൂടി അവകാശപ്പെട്ട സമ്പത്തും അധികാരവും പദവിയും തട്ടിപ്പറിപ്പറിച്ചെടുത്ത് മേലാളരായി മാറാനും , ഇടതോ വലതോ ആയ രാഷ്ടീയ പ്രസ്ഥാനങ്ങളെ വരുതിയിലാക്കാനും കഴിഞ്ഞിട്ടുണ്ട്.

ചരിത്രത്തിലൊരു ഘട്ടത്തിലും ഹിന്ദു സമൂഹത്തിലെ ഇതര ജാതീയ വിഭാഗങ്ങൾ നായന്മാരുമായി സഖ്യം ചെയ്തിട്ടില്ല. അതേസമയം ,നിരവധിയായി ചിതറിക്കിടന്ന ദുർബലരായ രാജാക്കന്മാരുടെയും നാടുവാഴികളുടെയും നിലനിൽപ്പിന് ആധാരമായ ജാതി വ്യവസ്ഥയും വേദേതിഹാസ പുരാണങ്ങളും ആദി ശങ്കരനെ  പോലുള്ള ബ്രാഹ്മണ മേധാവികളുടെ ഭ്രാന്തൻ ചിന്തകളുമാണ് ജാതി വ്യവസ്ഥയുടെ നിലനിൽപ്പിന് ആധാരമായത്. സ്വയം പ്രവർത്തകമായ ഈ സംവിധാനം ലോകാവസാനം വരെ തുടരുമെന്ന് കരുതിയ നായന്മാർ സംരക്ഷകരായി മാറിയപ്പോൾ , അവർണ്ണ  നവോത്ഥാന നായകരുടെ ചിന്താ കലാപത്തിലൂടെയും , തെരുവുകളിലെ ഏറ്റുമുട്ടലുകളിലൂടെയും ജാതി വ്യവസ്ഥയെ ദുർബലപ്പെടുത്തി നായർ മേധാവിത്വത്തിന് അന്ത്യം കുറിച്ചു. ചരിത്രപരമായ ഈ യാഥാർത്ഥ്യം തിരിച്ചറിയാതെയാണ് മതപരം പോലുമല്ലാത്ത സാമൂഹ്യ പ്രശ്നം മാത്രമായ ശബരിമല പ്രശ്നത്തിൽ നായരും ,നമ്പൂതിരിയും , വർമ്മയും വിശ്വാസ സംരക്ഷണത്തിന്നായി കുലസ്ത്രീകളെ തെരുവിലിറക്കി നാമജപ ഘോഷ യാത്ര നടത്തിയത്.സംഘടിത സവർണ്ണ മേധാവിത്വത്തോടൊപ്പം അവർണ്ണരും ക്രിസ്ത്യൻ - മുസ്ലീം മത വിഭാഗങ്ങളും ഐക്യപ്പെടുമെന്ന് കരുതിയാണ് സംഘ പരിവാർ സമരത്തെ രാഷ്ടീയവൽക്കരിച്ചത്. ഈ രാഷ്ടീയത്തിന്റെ പങ്ക് കിട്ടാൻ കോൺഗ്രസും സവർണ്ണ മേധാവിത്വത്തിന്റെ പക്ഷം ചേർന്നു. ഇതിന്നെതിരെ ഇടതു പക്ഷത്തിന്റെ ഉറച്ച പിന്തുണയില്ലാതെ തന്നെ അവർണ്ണർ മുന്നോട്ടു വന്നതോടെ രാഷ്ട്രീയ വൽക്കരിക്കപ്പെട്ട സവർണ്ണ മേധാവിത്വത്തിന് എതിരെ ശക്തമായ പ്രതിരോധനിര രൂപം കൊണ്ടു . ലോക്സഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രത്തിലൊരു ബി ജെ പി വിരുദ്ധ ഗവണ്മെന്റിനു വേണ്ടി ജനങ്ങൾ ബി ജെ പി യെ മൂലയ്ക്കിരുത്തി കോൺഗ്രസിനെ ജയിപ്പിച്ചതിനെ ശബരിമല സമര വിജയമായി കൊട്ടിഘോഷിക്കപ്പെട്ടു. കീഴാള ജനതയുടെ സ്വയം പ്രതിരോധത്തെ തിരിച്ചറിയാതിരുന്നതിനാൽ ശബരിമലയാണ് കോൺഗ്രസിനെ തുണച്ചതെന്ന് ഇടതു പക്ഷവും കരുതി. എന്നാൽ , നിയമസഭാ തെരഞ്ഞെടുപ്പിൽ സവർണ്ണ മേധാവിത്വത്തിന്റെ സംരക്ഷകരായ ബി ജെ പിയേയും കോൺഗ്രസിനേയും ദയനീയമായി തോൽപ്പിച്ചു കൊണ്ടു ഇടതുപക്ഷത്തിന് വലുതായ വിജയം കൈവരിക്കാൻ കഴിഞ്ഞു.

ശബരിമലയുടെ പാഠം തിരിച്ചറിയാതെയാണ് വിശ്വാസ സംരക്ഷണത്തിന്റെ മുന്നണിപ്പടയായി പെരുന്നയിലെ പോപ്പ് സ്വന്തം ജാതി സംഘടനയെ രംഗത്ത് ഇറക്കിയിരിക്കുന്നത്. 
(നായന്മാരിലൊരു ചെറു ന്യൂനപക്ഷം മാത്രമാണ് സംഘടനയിലുള്ളത്) ഇക്കുറി പരസ്യമായി ബിജെപിയോടൊപ്പം ചേർന്നാണ് പടപുറപ്പാണ്. സമരത്തിന്റെ തലവാചകം ശാസ്ത്രമല്ല വിശ്വാസമാണ് ശരിയെന്നാണ്. ശിലായുഗ മനുഷ്യന് ചേർന്ന ഈ സങ്കൽപ്പത്തിലൂടെ ഗണപതിയടക്കമുള്ള പ്രാകൃത മൂർത്തികളെ വിശ്വാസമായി സ്ഥാപനവൽക്കരിച്ചു ബി ജെ പി യെ സമരത്തിൽ ഐക്യപ്പെടുത്തുമ്പോൾ ,ഏഴു വർഷമായി തുടർന്നു കൊണ്ടിരിക്കുന്ന ദലിത് - ന്യൂനപക്ഷ പീഡനങ്ങളും മണിപ്പൂരിലെ രക്ത ചൊരിച്ചിലും രാഷ്ട്രീയ വിജയമാക്കാൻ സംഘ പരിവാറിന് കഴിയും. ഈ രാഷ്ട്രീയ സഖ്യത്തെ സി.പി.എം വിരോധം കൊണ്ട് കോൺഗ്രസ്സ് ചാരി നിന്നാൽ ശബരിമല യിലെ സമരത്തിൽ നിന്ന് ഭിന്നമായി കോൺഗ്രസ് തുടച്ചു നീക്കപ്പെടും. കാരണം, ആ പ്രസ്ഥാനത്തിലെ ദലിത് പിന്നാക്ക വിഭാഗങ്ങൾക്കും പരിഷ്കൃത ജീവിതം ആഗ്രഹിക്കുന്ന നായന്മാർക്കും ഫാസിസ്റ്റ് ആക്രമണങ്ങളിൽ ചോര ചിന്തിക്കൊണ്ടിരിക്കുന്ന മുസ്ലിം - ക്രിസ്ത്യൻ ജനവിഭാഗങ്ങൾക്കും കോൺഗ്രസിനെ കൈയ്യൊഴിയേണ്ടിവരും. സി പി എം വിരോധത്തിന്നപ്പുറം രാഷ്ടീയമില്ലാത്ത നക്സലൈറ്റുകളും ചെറു ജനാധിപത്യ പ്രസ്ഥാനങ്ങളും ശരിയായ തീരുമാനം  എടുത്തില്ലെങ്കിൽ അവരുടെ വിധിയും മറിച്ചാവുകയില്ല.

അടികുറിപ്പ്: വൈക്കം സത്യഗ്രഹകാലത്ത് ബ്രാഹ്മണർ പെരിയാറിന്റെ മരണത്തിന്നായൊരു ഹോമം നടത്തി. പെരിയാർ മരിച്ചില്ലെന്ന് മാത്രമല്ല സമരാവസാനം വരെയും , തമിഴ് നാട്ടിൽ ഡി എം കെ രൂപീകരിച്ചു ദീർഘകാലവും ജീവിച്ചു ചരിത്ര വ്യക്തിത്വമായി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൂരോപ്പള്ളില്‍ ചാക്കോച്ചന്‍ വാഴൂരിന്‍റെ ചരിത്ര പുരുഷന്‍.!

Mixed Economic System: Characteristics, Examples, Pros & Cons

Ghee Vs Butter: Which Is Healthier