നയാഗ്ര കൺ മുന്നിൽ
ലോകാത്ഭുതങ്ങളിൽ ഒന്നായ നയാഗ്ര വെള്ളച്ചാട്ടം കാനഡയിൽ ടൊറന്റോയിൽ നിന്നുള്ള കാഴ്ചകൾ. പണ്ട് പ്രൈമറി ക്ളാസുകളിൽ പാഠ പുസ്തകങ്ങളിൽ ആദ്യമായി വായിച്ചറിഞ്ഞ "നയാഗ്ര" പി.എസ് .സി കോച്ചിംഗ് സെന്ററുകൾ ഇല്ലാത്ത കാലത്ത് സർക്കാർ ജോലി ലഭിക്കാൻ പി.എസ്.സി ഗൈഡിൽ വായിച്ച് മനപാഠമാക്കിയ നയാഗ്ര, സഫാരി ടിവിയിൽ സന്തോഷ് കുളങ്ങര വീഡിയോ ചിത്രങ്ങളിലൂടെ വിവരിച്ച ഏഴ് കടലിന് അക്കരയുള്ള നയാഗ്ര , ഇതാ ഇപ്പോൾ എഴുപത്തിരണ്ടാം വയസിൽ എന്റെ കൺ മുന്നിൽ എന്നെ നോക്കി പുഞ്ചിരിയോടെ കുശലം പറയുന്നു. വിവിധ ഭാഷകൾ , വിവിധ ഗോത്രങ്ങൾ, വിവിധ മതങ്ങൾ വ്യത്യാസമില്ലാതെ എത്രയോ രാജ്യങ്ങളിൽ നിന്ന് വരുന്ന ജനങ്ങളോടാണ് പ്രകൃതി സൃഷ്ടിച്ച ഈ അത്ഭുത പ്രതിഭാസം രാപകൽ വ്യത്യാസമില്ലാതെ മധുര പുഞ്ചിരിയോടെ കുശലം പറഞ്ഞു കൊണ്ടിരിക്കുന്നത്. അവൾ ചോദിക്കുന്നില്ല നിന്റെ ജാതിയും, മതവും, ഭാഷയും ഗോത്രങ്ങളും ഏതെന്ന്? മൂന്ന് ഭാഗത്തെ വെള്ള ചാട്ടങ്ങൾ ചേർന്നതാണ് നയാഗ്രാ വെള്ള ചാട്ടം. ഇതിൽ ഏറ്റവും വലിയത് കുതിരയുടെ കുളമ്പ് രൂപത്തിലുള്ള "Horseshoe" വെള്ള ചാട്ടമാണ്. കാനഡയിൽ നിന്നുള്ള കാഴ്ച തന്നെയാണ് ഏറെ അനുഭൂതി പകരുന്നത്. മുപ്പത്താറ് മൈലുകൾ താണ്ടി ന്യൂയോർക...