സത്യം മറയ്ക്കാനാകില്ല, ഒരിക്കലും !!

Prakash Nair Melila :എഴുത്ത്
ഉത്തർപ്രദേശിൽ ഹത്രസ് ജില്ലയിലുള്ള ബുൾഗാഡി ഗ്രാമത്തിൽ നടന്ന  ദളിത് പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ ഇളകി മറിയുമ്പോൾ നാം ചില വസ്തുതകൾ കൂടി അറിഞ്ഞേ മതിയാകൂ.

ഇന്ത്യയിൽ ആദിവാസി ദളിത് പിന്നോക്ക വിഭാഗങ്ങൾ നമ്മുടെ ജനസംഖ്യയുടെ ഏകദേശം 25 - 30% വരും അതായത് 40 കോടിയോളം എന്നർത്ഥം.

സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം അടിസ്ഥാനപരമായി ഈ വിഭാഗങ്ങളുടെ ഉന്നമനത്തിനായി കാര്യമായ ഒരു നീക്കവും മാറിമാറി അധികാരത്തിൽ വന്ന ഒരു സർക്കാരുകളുടെ ഭാഗത്തു നിന്നും ഇതു വരെ ഉണ്ടായിട്ടില്ല. പ്രഖ്യാപിക്കപ്പെടുന്ന വികസന ക്ഷേമ ക്ഷേമപദ്ധതികൾ പലതും ഇവരിലേക്കെത്തുന്നില്ല എന്നതാണ് വസ്തുത. ഈ പിന്നോക്കാവസ്ഥയുടെ ഫലമായുണ്ടായതാണ് ആദിവാസിമേഖലകളിലെ നക്സലൈറ്റ് സാന്നിദ്ധ്യം.

വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, വീട്, റോഡുകൾ  ഒക്കെ ഇന്നും ഇവരധിവസിക്കുന്ന പല ഗ്രാമങ്ങളിലെയും അടിസ്ഥാന ആവശ്യങ്ങളായി നിലനിൽക്കുകയാണ്‌ എന്നതും പരമാർത്ഥം.അതു പോലെ തൊഴിൽ ദൗർലഭ്യവും ദാരിദ്ര്യവും ഈ മേഖലകളിൽ അധികമാണ്. തൊഴിൽ മേഖലയിലെ പലവിധ ചൂഷണങ്ങൾക്കും ഇവർ വിധേയരാക്കപ്പെടുന്നു.

അന്ധവിശ്വസവും , അനാചാരങ്ങളും ,അജ്ഞതയും ഒപ്പം ജാതീയമായ ഒറ്റപ്പെടുത്തലുകളും അയിത്തവും തൊട്ടുകൂടായ്‌മയും ശൈശവ വിവാഹങ്ങളും ഒക്കെയായി അടിമകളെപ്പോലെ ജീവിതം നയിക്കാൻ നിർബന്ധിതരാകുന്ന ജനലക്ഷങ്ങൾ ഇവരിൽ ഇന്നുമുണ്ട് എന്നത് തർക്കമറ്റ സംഗതിയാണ്.

United Nations Development Programme (UNDP) , Oxford Poverty and Human Development Initiative (OPHI)’s global multidimensional poverty index (MPI), 2018 പുറത്തു വിട്ട റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലെ ആദിവാസികളിൽ ഓരോ രണ്ടു പേരിൽ ഒരാൾ വീതവും പിന്നോക്ക ദളിത് വിഭാഗങ്ങളിൽ മൂന്നിൽ ഒരാൾ വീതവും ദാരിദ്ര്യത്തിൽ കഴിയുന്നവരാണത്രെ. അതായത് 50 % ആദിവാസി സമൂഹവും 33 % ദളിതരും ഇന്നും ദരിദ്രരാണെന്നത് വികസ്വര രാജ്യമെന്ന നിലയിൽ നമുക്ക് ലജ്ജാകരമല്ലേ?

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതികളും, ക്ഷേമ പെൻഷനുകളും, അത്യോദയ, ബി.പി.എൽ സേവനങ്ങളും ഇവരിൽ എത്തുന്നുണ്ടോ എന്നത് ഇനിയെങ്കിലും പരിശോധിക്കേണ്ടതുണ്ട്. 

സവർണ്ണനെക്കണ്ടാൽ വഴി മാറി നടക്കുകയും സൈക്കിളിൽ പോകുന്നവർ വരെ ഇറങ്ങി ഓരം ചേർന്ന് ഭവ്യമായി നടന്നു പോകുകയും ബ്രാഹ്മണനെ മഹാരാജാവ് എന്നും രാജപുത്രരെ ഠാക്കൂർജി എന്നും ഭയഭക്തി ബഹുമാനത്തോടെ വിളിക്കാൻ ഇന്നുമവർ നിർബന്ധിതരാണ്. തെരഞ്ഞെടുപ്പുകളിൽ വരെ ഈ വരേണ്യ മേൽക്കോയ്മ പലപ്പോഴും ദൃശ്യമാണ്..

ബ്രാഹ്മണരെ കാണുമ്പോൾ 'പാവ് ലഗും മഹാരാജ് ' ( കാൽ സ്പർശിക്കുന്നു മഹാരാജൻ ) എന്നാണ് ഉത്തരേ ന്ത്യയിൽ പൊതുവേ എല്ലാവരും സംബോധന ചെയ്യുന്നത്. ഇന്നും അതു തന്നെ. ഇത് സവർണ്ണ മേൽക്കോയ്മയുടെ അധീശത്വവും മാനസികമായ അടിമത്തത്തിന്റെ പ്രതീകവുമായി നിലനിൽക്കുന്നു. 

സ്വാതന്ത്ര്യത്തിനു ശേഷം ഏകദേശം 55 വർഷക്കാലം കോൺഗ്രസാണ് ഇന്ത്യ ഭരിച്ചത്. ബാക്കിയുള്ള 17 വർഷക്കാലയളവിൽ 12.5 വർഷം ഭരിച്ചത് ബി.ജെ.പി ആണ്. ഇതൊക്കെ വളരെ നീണ്ട കാലയളവാണ്. മറ്റുള്ള വർഷങ്ങളിൽ  ഇടതുപക്ഷം ഉൾപ്പെടെ മറ്റു മുന്നണികളും ഭരണം കയ്യാളി. എന്നിട്ടും ഇന്ന് 30 ശതമാനം വരുന്ന ഈ അടിസ്ഥാന വർഗ്ഗത്തിന്റെ സാമൂഹിക - ആരോഗ്യ- വിദ്യാഭ്യാസ- സാമ്പത്തിക മേഖലകളിൽ എന്ത് മാറ്റമാണുണ്ടായത് എന്നൊരു വിലയിരുത്തൽ അനിവാര്യമാണ്. സർക്കാർ ഇതേപ്പറ്റി ഒരു ധവളപത്രം ഇറക്കാൻ തയ്യറാകണം.

ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ബീഹാർ, ജാർഖണ്ഡ്, ഛത്തീസ്‌ഗഡ്‌, ഒഡീഷ, മഹാരഷ്ട്ര, ആന്ധ്രാ പ്രദേശ്, തെലുങ്കാന, തമിഴ് നാട് സംസ്ഥാനങ്ങളിലെ ആദിവാസി പിന്നോക്ക വിഭാഗങ്ങൾ ഭൂരിഭാഗവും ഇന്നും മുഖ്യധാരയിൽ നിന്നും എത്രയോ കാതം അകലെയാണ്.

ഉത്തർപ്രദേശിൽ ദളിത് മുഖ്യമന്തിയും അവരുടെ പാർട്ടിയും ചേർന്ന് നാലുതവണ സംസ്ഥാനം ഭരിച്ചിട്ടുണ്ട്. ദളിത് വിഭാഗങ്ങൾക്ക് ഈ കാലയളവിൽ എന്താണ് ഉന്നതിയുണ്ടായതെന്നത് ഗവേഷണ വിദ്യാർത്ഥികൾ കണ്ടുപിടിക്കട്ടെ. ദളിത് പിന്നോക്ക വിഭാഗങ്ങളിൽ നിന്നും രാഷ്ട്രീയനിരയിലെത്തുന്നവരുടെ സാമ്പത്തിക നില മെച്ചപ്പെടുന്നുണ്ട് എന്നതൊഴിച്ചാൽ മറ്റു നേട്ടങ്ങളെന്താണ് വിവരിക്കാനുള്ളത് ?

ഇപ്പോൾ നേതാക്കൾ ഒഴുക്കുന്ന മുതലക്കണ്ണീർ അഭിനയമല്ലെന്നു പറയാനാകുമോ ? ഹത്രസ് പോലുള്ള സംഭവങ്ങൾ ഉത്തരേന്ത്യയിൽ പല സംസ്ഥാനങ്ങളിലും തുടരെ ആവർത്തിക്കപ്പെടുകയാണ്. ഇപ്പോഴും ഈ നിമിഷവും.

ഓരോ സംഭവങ്ങൾക്കു ശേഷവും അതാഘോഷമാക്കുന്ന രാഷ്ട്രീയക്കാരും മാദ്ധ്യമങ്ങളും പഴയതൊക്കെ മറക്കുന്നതോടൊപ്പം ഇന്നും തിരസ്ക്കരിക്കപ്പെട്ട , സാമൂഹികമായി പിന്തള്ളപ്പെട്ട ഒരു ജനതയുടെ ദൈന്യാവസ്ഥയും അതിനുള്ള കാരണങ്ങളും അതി സമർത്ഥമായി എല്ലാവരും മറച്ചു പിടിക്കുകയാണ്.

ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴിവാക്കിയാൽ കേരളത്തിലെ പിന്നോക്കവിഭാഗങ്ങളുടെ ജീവിതനിലവാരം ഇന്ത്യയിൽ ഏറ്റവും മെച്ചപ്പെട്ട നിലയിലാണ് എന്ന് അഭിമാനത്തോടെ പറയാൻ കഴിയും. അതിനുള്ള യഥാർത്ഥ കാരണം  കേരളത്തിലെ നവോത്ഥാന നായകരായിരുന്ന അയ്യങ്കാളി, ശ്രീനാരായണഗുരു,ചട്ടമ്പി സ്വാമികൾ, കുമാരനാശാൻ, ഡോ.പൽപ്പു,വക്കം മൗലവി, വി.ടി.ഭട്ടതിരിപ്പാട് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങളാണ് എന്ന് നിസ്സംശയം പറയാം. 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൂരോപ്പള്ളില്‍ ചാക്കോച്ചന്‍ വാഴൂരിന്‍റെ ചരിത്ര പുരുഷന്‍.!

Mixed Economic System: Characteristics, Examples, Pros & Cons

Ghee Vs Butter: Which Is Healthier