ഇംഗ്ളീഷ് പഠനം: സ്റ്റാൻലി ജോണി
Stanly Johny യെ 'ദ ഹിന്ദു' പത്രത്തിന്റെ വിദേശകാര്യവിഭാഗം എഡിറ്റർ ആയല്ലേ നമ്മൾ അറിയുന്നത്. ഇംഗ്ലീഷ് ഭാഷ പഠിച്ചതിനെപ്പറ്റി സ്റ്റാൻലി എഴുതിയ കുറിപ്പ് നമ്മളൊക്കെ വായിക്കേണ്ടതാണ്.
-------------------------------------------------------------
ഇംഗ്ലിഷ് പഠനത്തിന്റെ ഘട്ടങ്ങളെ കുറിച്ച്. ആദ്യമായി ഹിന്ദു പത്രം കാണുന്നത് പ്രിഡിഗ്രിക്കു പഠിക്കുമ്പോള്‍ ക്രൈസ്റ്റ് കോളെജ് ലൈബ്രറിയിലാണു. അതിനു മുന്‍പ് 'വാര്‍ത്ത' സിനിമയില്‍ ദ് ഹിന്ദുവിനെ പറ്റി കേട്ടിട്ടേ ഉള്ളൂ. അന്നു വായിച്ചാല്‍ മനസിലാവില്ല. പക്ഷേ അത്ഭുതത്തോടെ പത്രമെടുത്ത് മറിച്ച് നോക്കിയത് ഓര്‍മയുണ്ട്. ഡിഗ്രിക്കു പഠിക്കുമ്പോഴാണു ഹിന്ദു വായിച്ചു തുടങ്ങുന്നത്, വീടിനടുത്തുള്ള ശ്രീനാരായണ വായനശാലയിലെ വൈകുന്നേരങ്ങളില്‍. അപ്പോഴേക്കും ഇംഗ്ലിഷ് പഠിക്കണം എന്ന ആഗ്രഹം കലശലാണു. ന്യൂസ് വായിച്ചാല്‍ കുറച്ചൊക്കെ മനസിലാവും എന്ന നിലയിലേക്ക് പുരോഗമിച്ചിട്ടുണ്ട്. മലയാള പത്രങ്ങള്‍ അരിച്ചു പെറുക്കുമായിരുന്നു. പ്രത്യേകിച്ചും ദേശാഭിമാനിയുടേയും മാധ്യമത്തിന്റേയും എഡിറ്റ് പേജ് ലേഖനങ്ങല്‍. പക്ഷേ ഹിന്ദു എഡിറ്റോറിയല്‍ അപ്പോഴും മനസിലാവില്ല. So I started an exercise. രണ്ടു നോട്ടു പുസ്തകങ്ങള്‍. ഒന്ന് ദ് ഹിന്ദുവിന്റെ എഡിറ്റോറിയല്‍ തിയതി എഴുതി പകര്‍ത്തി എഴുതാന്‍. മനസിലായാലും ഇല്ലെങ്കിലും മിക്കവാറും ദിവസങ്ങളില്‍ ഞാന്‍ എഡിറ്റോറിയലുകള്‍ നോട്ട്പുസ്തകത്തിലേക്ക് പകര്‍ത്തിയെഴുതി തുടങ്ങി. രണ്ടാമത്തെ നോട്ട്ബുക് A to Z എന്നിങ്ങനെ അക്ഷരങ്ങള്‍ക്കായി തിരിച്ചു. എഡിറ്റോറിയല്‍ പകര്‍ത്തിയെഴുതുമ്പോള്‍ അതിലെ അര്‍ഥമറിയാത്ത വാക്കുകള്‍ രണ്ടാമത്തെ നോട്ബുക്കിലെ അതാതു അക്ഷരത്തിന്റെ പേജുകളില്‍ അര്‍ഥമുള്‍പ്പെടെ എഴുതി വയ്ക്കും. അന്ന് കയ്യില്‍ ഒരു പോക്കറ്റ് ഡിക്ഷനറി ഉണ്ട്. (ഇന്ന് കൂടുതല്‍ എളുപ്പമാണു. ഗൂഗിള്‍ ചെയ്താല്‍ മതിയാവും). തുടക്കത്തില്‍ മിക്കവാറും എല്ലാ വാക്കുകളും അര്‍ഥമറിയാത്തതായിരുന്നു. ഇങ്ങിനെ സ്വന്തമായി ഡിക്ഷനറി ഉണ്ടാക്കുന്നതിന്റെ ഒരു ഗുണം, പുതിയ വാക്കുകള്‍ എഴുതി ചേര്‍ക്കുമ്പോള്‍ അതിനു മുന്‍പെഴുതിവച്ച വാക്കുകളെല്ലാം ഒന്നുകൂടെ ഓടിച്ചു നോക്കാന്‍ പറ്റും എന്നതാണു. This exercise helped me build a vocabulary.
പിന്നീട് പകര്‍ത്തിയെഴുത്ത് നിര്‍ത്തി. പക്ഷേ രണ്ടാമത്തെ നോട്ട്ബുക് കയ്യില്‍ തന്നെ കരുതി. അതു വാക്കുകള്‍ കൊണ്ട് നിറഞ്ഞിട്ട് പുസ്തകം മാറ്റിയിരുന്നു. പിന്നീട് ഹിന്ദുവില്‍ നിന്ന് വായന ഫ്രണ്ട്ലൈനിലേക്ക് മാറി. അന്ന് പതിനഞ്ചു രൂപയാണു ഫ്രണ്ട്ലൈന്‍ മാഗസിനു. അതു പൈസ കൊടുത്ത് വാങ്ങിക്കും. അടിവരയിട്ട് വായിക്കും. പ്രത്യേകിച്ചും എജി നൂറണീയുടേയും, ഐസാജ് അഹമ്മദിന്റേയും മറ്റും ലേഖനങ്ങള്‍. അറിയാത്ത് വാക്കുകള്‍ നോട്ട് ചെയ്ത് പഠിക്കും. ഇങ്ങനെ ഒരു അടിത്തറ ആയിക്കഴിഞ്ഞാല്‍ പിന്നെ വേണ്ടത് പരന്ന വായനയാണു. എന്റ് കാര്യത്തില്‍ ഗാന്ധി യൂണിഴ്സിറ്റിയിലെ എംഎ ഒരുപാട് സഹായിച്ചിട്ടുണ്ട്. സ്പോക്കണ്‍ ഇംഗ്ലിഷ് തീരെ പരിതാപകരമായിരുന്നു (ഇന്നും വല്യ ഗുണമൊന്നുമില്ല). ഇംഗ്ലിഷില്‍ സംസാരിക്കാന്‍ അറിയാത്തതില്‍ നിനക്ക് കോപ്ലക്സ് ഉണ്ടോ എന്ന് അടുത്ത സുഹൃത്ത് അതിരമ്പുഴയില്‍ വച്ച് ഒരിക്കല്‍ ചോദിച്ചിരുന്നു. എന്നെ അത് പ്രചോദിപ്പിച്ചിട്ടേ ഉള്ളൂ. പഠിക്കണം എന്ന ആഗ്രഹം ശക്തമാകുകയാണുണ്ടായത്. എംഎ ക്ലാസില്‍ അധ്യാപകര്‍ ഇംഗ്ലിഷിലാണു സംസാരിക്കുക. നമ്മള്‍ നോട്സെടുക്കുന്നതുമതേ. ക്ലാസില്‍ രണ്ടു വിദേശികളും ഒരു റ്റിബറ്റനുമുണ്ടായിരുന്നു. അവരുമായി സ്ഥിരം ഇടപഴകാറൂണ്ടായിരുന്നു. ഈ ഇടപഴകലിലൂടെയാണു ഇംഗ്ലിഷ് സംസാരിക്കാനുള്ള വിമുഖത മാറിയത്. ഇതോടൊപ്പം തന്നെ യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ ചിലവഴിച്ച മണിക്കൂറുകള്‍. അവിടെ 'ഇക്കോണമിസ്റ്റു'ണ്ട്. ടൈം മാഗസിനുണ്ട്. ഇന്റര്‍നാഷനല്‍ ഹെറാള്‍ഡ് ട്രൈബ്യൂണുണ്ട്. അങ്ങിനെ നമ്മുടെ വാര്‍ത്താ/നോണ്‍ഫിക്ഷന്‍ വായന പതുക്കേ ഇംഗ്ലിഷിലേക്ക് മാറുന്നു. ഇത് നമ്മള്‍ പോലുമറിയാതെ ഭാഷയിലുള്ള നമ്മുടെ പരിമിതമായ അറിവ് ദൃഢപ്പെടുത്തും.
അക്കാലത്തും ഞാന്‍ ഇംഗ്ലിഷ് സാഹിത്യം വായിക്കാറില്ല. നെറൂദയുടെ കവിത ഇംഗ്ലിഷില്‍ വായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആദ്യമായി ഒരു ഇംഗ്ലിഷ് നോവല്‍ മുഴുവന്‍ വായിക്കുന്നത് ഗോഡ് ഓഫ് സ്മാള്‍ തിങ്സ് ആണു. അത് ഡിക്ഷനറി ഒക്കെ വച്ചാണു വായിക്കുന്നത്. പകുതിയും മനസിലായതുമില്ല. പക്ഷേ മുഴുവന്‍ വായിച്ചു, and it raised my confidence. പിന്നീട് കാര്യങ്ങള്‍ താരതമ്യേന എളുപ്പമായിരുന്നു. ദില്ലിയില്‍ ചെന്നതിനു ശേഷം വായന മാത്രമല്ല സംസാരവും ഏറെക്കുറേ ഇംഗ്ലിഷിലേക്കു മാറി. അതു കാര്യമായ പുരോഗതി ഉണ്ടാക്കി. കൂടുതല്‍ സാഹിത്യം വായിച്ചു തുടങ്ങി. ഇംഗ്ലിഷ് ഭാഷ പഠിക്കാനുള്ള ഏറ്റവും ഫലവത്തായ മാര്‍ഗം സാഹിത്യം വായിക്കുക എന്നതാണു. അതു വായിക്കാനുള്ള ഭാഷ പോലും ഉണ്ടായിരുന്നില്ല എന്നതാണു ഞാനൊക്കെ നേരിട്ട പ്രശ്നം. അതുകൊണ്ട് എനിക്ക് കഷ്ടപ്പെട്ട് അടിത്തറ പണിയേണ്ടി വന്നു. പിന്നീട് വിശാലമായ വായന ഭാഷയേയും ലോകത്തെ പറ്റിയുള്ള നമ്മുടെ ഉള്‍ക്കാഴ്ചയേയും മുന്നോട്ട് കൊണ്ടു പോയി. ദില്ലിയിലെത്തി ആദ്യമാസങ്ങളില്‍ ഒരു വിംഗ് കമാന്‍ഡറുമായി സംസാരിക്കാനിട വന്നു. He asked me what I am reading to get international news and analysis. I said I read Frontline and The Economist. He asked me to read 'more intellectual and imaginative prose'. He asked me to read The New Yorker (I am still a fan), London Review of Books and New York Review of Books. His influence was so deep that I even changed the brand of my cigarette to India Kings (I don't smoke any more). പിന്നീട് ന്യൂസ് റൂമുകളില്‍ ജോലി ചെയ്ത് തുടങ്ങിയപ്പോള്‍ കൂടുതല്‍ സൂക്ഷ്മമായി ഭാഷയേയും ഭാഷാപ്രയേഗങ്ങളേയും ശ്രദ്ധിച്ചു തുടങ്ങി. ഇങ്ങിനെയൊക്കെയാണു ഒരേസമയം ഭാഷയും വായനയും വികസിച്ചത്.
ഞാന്‍ പൊതുവേ ഭാഷ പഠിക്കാന്‍ വിമുഖതയുള്ള ആളാണു. ഒന്‍പതു വര്‍ഷം ദില്ലിയില്‍ താമസിച്ചിട്ടും ഇനിയും ഹിന്ദി സംസാരിക്കില്ല. ഏഴു വര്‍ഷത്തോളമായി ചെന്നൈയില്‍. ഒരു വാചകം തികച്ച് തമിഴ് പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ ഇങ്ങോട്ട് മലയാളത്തില്‍ സംസാരിക്കും. ആകെ പഠിച്ചത് ഇംഗ്ലിഷാണു. ഭാഷ പഠിക്കാന്‍ ബുദ്ധിമുട്ടുള്ള ആള്‍ക്കും, ഭാഷയില്‍ അടിത്തറയില്ലാത്ത ആള്‍ക്കും പഠിക്കാവുന്നതേയുള്ളൂ ഇംഗ്ലിഷ് എന്നതാണു എന്റെ കഥ. പക്ഷേ ഭാഷയെ മുന്നോട്ട് കൊണ്ടു പോകണമെങ്കില്‍ നമ്മള്‍ വിശാലമായി വായിക്കണം എന്നു മാത്രം. ഇത് തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ഒരു പ്രക്രിയയാണു. I have said this earlier-- there's writing, good writing and great writing. I consider myself as someone who just writes. അതിനെ ഇനിയും എങ്ങിനെ നന്നാക്കാം, കുറ്റമറ്റതാക്കാം, ശക്തിയുള്ളതാക്കാം എന്നൊക്കെയാണു ഇപ്പോഴും അന്വേഷിക്കുന്നത്. പങ്കജ് മിശ്രയുടെ ഒരു എസ്സേ വായിക്കുമ്പോള്‍ കിട്ടുന്ന ഒരു 'വവ്' ഫീലിംഗുണ്ടല്ലോ (ഉദാഹരണം ജോര്‍ഡാന്‍ പാറ്റേഴ്സനെ പറ്റി മിശ്ര ന്യൂ യോര്‍ക് റെവ്യൂ ഓഫ് ബുക്സില്‍ എഴുതിയത്; അല്ലെങ്കില്‍ നിയാല്‍ ഫെര്‍ഗൂസന്റെ സിവിലൈസേഷനെ പറ്റി ലണ്ടന്‍ റെവ്യൂ ഓഫ് ബുക്സില്‍ എഴുതിയത്) അതാണു ഗ്രേയ്സ് നോണ്‍-ഫിക്ഷന്‍ റൈറ്റിംഗ്. നമ്മളോക്കെ ഇപ്പോഴും വിദ്യാര്‍ത്ഥികളാണു.
--സ്റ്റാന്‍ലി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ